2021 മേയ് 3, തിങ്കളാഴ്ച
അപ്പസ്തോലന്മാരായ വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ യാക്കോബിന്റെയും തിരുനാൾ
പീലിപ്പോസ് യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഞങ്ങൾക്ക് പിതാവിനെ കാണിച്ചുതരണമേ; അതു ഞങ്ങൾക്കു മതി.” യേശു അവനോടു പറഞ്ഞു: “പീലിപ്പോസേ, ഇത്രയും കാലം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും നീ എന്നെ അറിയുന്നില്ലേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ എങ്ങനെയാണ് ‘ഞങ്ങൾക്ക് പിതാവിനെ കാണിച്ചുതരണമേ’ എന്നു നീ പറയുന്നത്?” യോഹന്നാൻ 14:8–9
അപ്പസ്തോലന്മാരായ പീലിപ്പോസിന്റെയും ചെറിയ യാക്കോബിന്റെയും ബഹുമാനാർഥമാണ് ഇന്നത്തെ ആരാധനാക്രമത്തിലെ തിരുനാൾ. അപ്പസ്തോലശുശ്രൂഷയ്ക്കായി നമ്മുടെ കർത്താവ് യാക്കോബിനെ തിരഞ്ഞെടുത്തു എന്നതും, അദ്ദേഹത്തിന്റെ ഒരു ലേഖനം പുതിയ നിയമത്തിൽ നമുക്കു ലഭിച്ചിട്ടുണ്ട് എന്നതുമല്ലാതെ അദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. പിന്നീട് യാക്കോബ് ജറുസലെമിലേക്കു പോയി. കല്ലെറിഞ്ഞു കൊല്ലപ്പെട്ട് രക്തസാക്ഷിയാകുന്നതുവരെ ഏതാനും പതിറ്റാണ്ടുകൾ അദ്ദേഹം സഭയെ നയിച്ചു. പീലിപ്പോസ് ഗ്രീസ്, ഫ്രിജിയ, സിറിയ എന്നിവിടങ്ങളിൽ പ്രസംഗിച്ചു. അദ്ദേഹത്തെയും വിശുദ്ധ ബർത്തലോമിയോയെയും തലകീഴായി കുരിശിൽ തറച്ചുവെന്നാണു കരുതപ്പെടുന്നത്. തലകീഴായി കുരിശിൽ കിടന്നുകൊണ്ട് മരണംവരെ പീലിപ്പോസ് പ്രസംഗിച്ചു.
ഇന്നത്തെ വിശുദ്ധ കുർബാനയിലെ സുവിശേഷത്തിൽ പീലിപ്പോസ് യേശുവുമായി നടത്തിയ ഒരു സംഭാഷണമാണ് നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. യേശു പീലിപ്പോസിനെ ശാസിക്കുന്നതുപോലെയാണ് ഈ സംഭാഷണം തോന്നുന്നതെങ്കിലും, ഹൃദയത്തിൽനിന്നു വരുന്ന ഒരു ശാസനയാണത്. യേശു പറയുന്നു: “പീലിപ്പോസേ, ഇത്രയും കാലം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും നീ എന്നെ അറിയുന്നില്ലേ?” യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു എന്നത് വാസ്തവമാണ്. അവർ ഒരുമിച്ചു താമസിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു, ഒരുമിച്ചു യാത്ര ചെയ്തു, പരസ്പരം സംസാരിച്ചുകൊണ്ട് ഏറെ സമയം ചെലവഴിച്ചു. അതുകൊണ്ട്, പീലിപ്പോസുമായി യേശുവിനുണ്ടായിരുന്ന യഥാർഥവും ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതുമായ വ്യക്തിബന്ധത്തിൽനിന്നാണ് അവനോടുള്ള ഈ വാക്കുകൾ ഉദ്ഭവിച്ചത്.
ആദ്യം ആ വാക്കുകളുടെ ആദ്യഭാഗം പരിഗണിക്കുക. “ഇത്രയും കാലം ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നിട്ടും…” യേശു ഇതു നിങ്ങളോടു പറയുന്നതായി സങ്കൽപ്പിക്കുക. അവിടുത്തേക്ക് നിങ്ങളോട് ഇങ്ങനെ പറയാൻ കഴിയുമോ? നിങ്ങൾ അവിടുത്തോടൊപ്പം ഏറെ സമയം ചെലവഴിക്കുന്നുവെന്നത് സത്യമാണോ? സുവിശേഷങ്ങൾ വായിക്കാനും, ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് അവിടുത്തോടു സംസാരിക്കാനും, അവിടുത്തോടു സംഭാഷണത്തിലേർപ്പെടാനും, അവിടുത്തോടു പ്രാർഥിക്കാനും, അവിടുത്തെ സൗമ്യസ്വരം ശ്രവിക്കാനും നിങ്ങൾ സമയം ചെലവഴിക്കുന്നുണ്ടോ?
എന്നാൽ യേശു തുടരുന്നു: “…എന്നിട്ടും നീ എന്നെ അറിയുന്നില്ലേ…?” വിനയത്തോടെ അംഗീകരിക്കേണ്ട ഒരു പ്രധാന സത്യമാണിത്. വളരെ ആഴമേറിയതും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ പ്രാർഥനാജീവിതം നയിക്കുന്നവർപോലും നമ്മുടെ കർത്താവിനെ വേണ്ടത്ര ആഴത്തിൽ അറിയുന്നില്ല എന്നത് സത്യമാണ്. യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാവുന്ന രൂപാന്തരത്തിന് അതിരുകളില്ല.
യേശുവിന്റെ വാക്കുകൾ തുടരുന്നു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” അതിനാൽ അടുത്ത ചോദ്യം ഇതാണ്: “നിങ്ങൾ പിതാവിനെ അറിയുന്നുണ്ടോ?” പിതാവിന്റെ സ്നേഹവും നിങ്ങളോടുള്ള അവിടുത്തെ കരുതലും അവിടുത്തെ പരിപൂർണമായ തിരുഹിതവും നിങ്ങൾ അറിയുന്നുണ്ടോ? പിതാവും പുത്രനും ഏകദൈവമായി ഒന്നായിരിക്കുന്നുവെങ്കിലും, അവർ വ്യത്യസ്ത ദൈവിക വ്യക്തികളാണ്. അതിനാൽ അവരിൽ ഓരോരുത്തരുമായും സ്നേഹബന്ധം സ്ഥാപിക്കാൻ നാം പരിശ്രമിക്കണം.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, യേശുവിന്റെ ഈ വാക്കുകൾ പീലിപ്പോസിനോടുള്ള സ്നേഹപൂർവമായ ഒരു സൗമ്യശാസനയാണ്. ഇതേ സൗമ്യശാസന നിങ്ങളോടും പറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ അവിടുത്തെ കൂടുതൽ നന്നായി അറിയാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്നേഹശാസനയാണിത്. യേശുവിനോടും പിതാവിനോടുമുള്ള നിങ്ങളുടെ ബന്ധം യഥാർഥവും മൂർത്തവുമായ വിധത്തിൽ വ്യക്തിപരമാക്കാനുള്ള ക്ഷണമാണിത്. നിങ്ങൾ അവിടുത്തെ അറിയുന്നുണ്ടോ? ദൈവപുത്രനെ നിങ്ങൾ അറിയുന്നുണ്ടോ? സ്വർഗസ്ഥനായ പിതാവിനെ നിങ്ങൾ അറിയുന്നുണ്ടോ?
നമ്മുടെ കർത്താവിന്റെ സ്നേഹപൂർവമായ ഈ ചോദ്യങ്ങൾ നിങ്ങളോടു ചോദിച്ചവയെന്നപോലെ ഇന്ന് ധ്യാനിക്കുക. അവിടുത്തെ കൂടുതൽ ആഴത്തിൽ അറിയാൻ അവിടുത്തെ വാക്കുകൾ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ. നിങ്ങളുടെ ബന്ധം കൂടുതൽ വ്യക്തിപരവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായി മാറാൻ പ്രാർഥിക്കുക. നമ്മുടെ കർത്താവിനെ കൂടുതൽ അടുത്തറിയുമ്പോൾ, സ്വർഗസ്ഥനായ പിതാവിനെയും കൂടിയാണ് നിങ്ങൾ അറിയുന്നതെന്ന് മനസ്സിലാക്കുക.
ദൈവികനും എന്നോടു വ്യക്തിബന്ധം പുലർത്തുന്നവനുമായ എന്റെ കർത്താവേ, എന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ് അങ്ങയുടെ തിരുഹൃദയത്തിന്റെ ഏറ്റവും ആഴമായ ആഗ്രഹം. പ്രിയ കർത്താവേ, അങ്ങയെ മാത്രമല്ല, സ്വർഗസ്ഥനായ പിതാവിനെയും ഞാൻ അറിയേണ്ടതിന് ഇതേ ആഗ്രഹത്താൽ എന്റെ ഹൃദയം നിറയ്ക്കണമേ. സ്വർഗസ്ഥനായ പിതാവേ, അങ്ങയുടെ പരിപൂർണമായ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. ഓരോ ദിവസവും ആ സ്നേഹത്തിനു കൂടുതൽ പൂർണമായി എന്നെത്തന്നെ തുറന്നുകൊടുക്കാൻ കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. വിശുദ്ധ പീലിപ്പോസേ, വിശുദ്ധ യാക്കോബേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
കൂടുതൽ വായനയ്ക്ക് – അപ്പസ്തോലന്മാരായ വിശുദ്ധ പീലിപ്പോസും വിശുദ്ധ യാക്കോബും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: വിശുദ്ധ പീലിപ്പോസും ചെറിയ യാക്കോബും — ചിത്രകാരൻ: പൗലോ വെറോനേസെ





