മലയാളം

സ്വജീവൻ അർപ്പിക്കുക

2021 മേയ് 9
ഉയിർപ്പുകാലത്തിലെ ആറാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

“സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ആർക്കുമില്ല.”  യോഹന്നാൻ 15:13

മറ്റൊരാളോടു തോന്നുന്ന ശക്തമായ ഒരു വികാരമോ വൈകാരികാനുഭവമോ ആയിട്ടാണ് സ്നേഹം പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്.  ഒരാൾക്ക് ആരോടെങ്കിലുമോ എന്തിനോടെങ്കിലുമോ ശക്തമായ ആകർഷണം തോന്നുമ്പോൾ, താൻ അതിനെ “സ്നേഹിക്കുന്നു” എന്നു പറയുന്നു.  എന്നാൽ ഇതാണോ സ്നേഹം?  ഏറ്റവും യഥാർഥമായ അർഥത്തിൽ ഇത് സ്നേഹമാണോ?  വാസ്തവത്തിൽ അല്ല.  സ്നേഹത്തിൽ തീർച്ചയായും ഒരു വൈകാരിക ഘടകമുണ്ടാകും; എന്നാൽ അത് വികാരങ്ങളെയോ തോന്നലുകളെയോ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല.

അപ്പോൾ എന്താണ് സ്നേഹം?  സ്നേഹം ഒരു തിരഞ്ഞെടുപ്പാണ്.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, മുകളിലെ സുവിശേഷഭാഗത്ത് യേശു വ്യക്തമാക്കുന്നതുപോലെ, “സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കാനുള്ള” തിരഞ്ഞെടുപ്പാണ് സ്നേഹം.

നമ്മുടെ ജീവൻ അർപ്പിക്കുക എന്നത് പല കാര്യങ്ങളെയും സൂചിപ്പിക്കുന്നു.  ഒന്നാമതായി, സ്നേഹത്തിന്റെ സ്വഭാവം സമ്പൂർണമായ ആത്മദാനമാണെന്ന് അത് കാണിക്കുന്നു.  സ്വന്തം ജീവൻ പകുതിമാത്രമായി അർപ്പിക്കാനാവില്ല.  ഒന്നുകിൽ നിങ്ങളുടെ ജീവൻ അർപ്പിക്കുന്നു, അല്ലെങ്കിൽ അർപ്പിക്കുന്നില്ല.  ഏറ്റവും യഥാർഥമായ അർഥത്തിൽ സ്നേഹം സ്നേഹമാകണമെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിന്റെ 100% ഉൾക്കൊള്ളുന്ന സമ്പൂർണ സമർപ്പണമായിരിക്കണമെന്ന് ഇത് വെളിപ്പെടുത്തുന്നു.

സ്നേഹം ത്യാഗപൂർണമാണെന്നും ഈ ഭാഗം വെളിപ്പെടുത്തുന്നു.  സ്നേഹത്തിന് ഒരുതരത്തിൽ സ്വയം മരിക്കേണ്ടത് ആവശ്യമാണെന്ന് സ്വന്തം ജീവൻ അർപ്പിക്കുന്നത് വ്യക്തമായി കാണിക്കുന്നു.  നമ്മുടെ ആവശ്യങ്ങൾക്കു മുമ്പായി മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്, ആദ്യം അവരിലേക്കു ശ്രദ്ധ തിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നു.  ഇതിന് യഥാർഥമായ ത്യാഗവും നിസ്വാർഥതയും ആവശ്യമാണ്.

പലവിധത്തിൽ നാം മറ്റുള്ളവർക്കുവേണ്ടി നമ്മുടെ ജീവിതം സമർപ്പിക്കുന്നു.  ചിലത് ചെറിയ രീതിയിലും മറ്റു ചിലത് വലിയ രീതിയിലും.  എല്ലാറ്റിനുമുപരിയായി, ഓരോ വ്യക്തിയുടെയും നന്മയിൽ ആഴമായ താത്പര്യം പുലർത്തുന്ന ഒരു മനോഭാവം നാം വളർത്തണം.  നമ്മുടെ കണ്ണുകളും ഹൃദയങ്ങളും മറ്റുള്ളവരിലേക്കു തിരിക്കുമ്പോൾ, അവർക്കുവേണ്ടി നമ്മുടെ ജീവിതം സമർപ്പിക്കാനുള്ള എണ്ണമറ്റ വഴികൾ നാം കണ്ടെത്തിത്തുടങ്ങും.  ചെറിയ കാരുണ്യപ്രവൃത്തികൾ, പ്രോത്സാഹനവാക്കുകൾ, ശ്രദ്ധയോടെ കേൾക്കാനുള്ള സന്നദ്ധത, ഒരു ജോലിയിൽ നൽകുന്ന സഹായം തുടങ്ങിയവ നാം ദിവസവും നമ്മെത്തന്നെ നൽകുന്ന ചെറിയ വഴികളിൽ ചിലതാണ്.  വീരോചിതമായി ക്ഷമിക്കുക, സ്നേഹിക്കാൻ മനസ്സുതോന്നാത്തപ്പോഴും സ്നേഹിക്കുക, അർഹതയില്ലെന്നു തോന്നുമ്പോഴും കരുണ കാണിക്കുക, തിരക്കേറിയ ജീവിതത്തിൽ സമയമില്ലാത്തപ്പോഴും പ്രത്യേകം ശ്രമിച്ച് ഒരാൾക്കു തുണയാകുക എന്നിവ കൂടുതൽ വലിയ പ്രവൃത്തികളിൽ ഉൾപ്പെടാം.

ചുരുക്കത്തിൽ, വേദനിക്കുന്നിടത്തോളം നമ്മെത്തന്നെ നൽകുമ്പോൾ, നാം ചെയ്യുന്ന ചെറുതോ വലുതോ ആയ ഏതു ത്യാഗവും മറ്റുള്ളവർക്ക് അനുഗ്രഹവും നമുക്കു മഹത്വപൂർണമായ പ്രതിഫലവുമായി മാറുന്നു.  ത്യാഗപൂർണമായ ജീവിതം നയിക്കുന്നത് പല തലങ്ങളിലും സംതൃപ്തി നൽകുന്നു; ആത്യന്തികമായി, അതിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒന്നും മാറ്റിവയ്ക്കാതെ, മറ്റുള്ളവർക്കുവേണ്ടി നിങ്ങളുടെ ജീവിതം എത്രമാത്രം സമർപ്പിക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  ഇത്ര ആഴത്തിൽ സ്നേഹിക്കാൻ നിങ്ങളെത്തന്നെ സമർപ്പിക്കുന്നതിൽ മടിക്കരുത്.  നിങ്ങളെത്തന്നെ പൂർണമായി നൽകുന്നതിലൂടെ, നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെത്തുകയും നമ്മുടെ ദിവ്യനാഥന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു.

കർത്താവേ, മറ്റുള്ളവർക്ക് ഒന്നാം സ്ഥാനം നൽകാൻ എന്നെ സഹായിക്കണമേ.  വേദനിക്കുന്നിടത്തോളം സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  സ്നേഹപൂർണമായ ആ ത്യാഗത്തിൽ, അങ്ങയുടെതന്നെ ദിവ്യഹൃദയത്തിലെ സ്നേഹം കണ്ടെത്താൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: യേശു കുരിശിൽ മരിക്കുന്നു — ജിയാൻദൊമെനിക്കോ ടിയെപ്പോളോയുടെ രചന