മേയ് 13, 2021
(സ്വർഗ്ഗാരോഹണ മഹോത്സവം വരുന്ന ഞായറാഴ്ചയിലേക്കു മാറ്റുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന വിചിന്തനം ഉപയോഗിക്കുന്നു.)
ഉയിർപ്പുകാലം ആറാം ആഴ്ചയിലെ വ്യാഴാഴ്ച
ഫാത്തിമാ മാതാവ്—ഐച്ഛിക അനുസ്മരണം

അപ്പോൾ അവന്റെ ശിഷ്യന്മാരിൽ ചിലർ പരസ്പരം പറഞ്ഞു: “‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല; വീണ്ടും അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും’ എന്നും ‘ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട്’ എന്നും അവൻ നമ്മോടു പറയുന്നതിന്റെ അർഥമെന്താണ്?” അവർ വീണ്ടും പറഞ്ഞു: “അവൻ പറയുന്ന ഈ ‘അൽപ്പസമയം’ എന്താണ്? അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്കു മനസ്സിലാകുന്നില്ല.” യോഹന്നാൻ 16:17–18
നിങ്ങളുടെ കാര്യമോ? യേശു എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അതോ, ഈ ശിഷ്യന്മാരെപ്പോലെ നിങ്ങളും അവിടുത്തെ വാക്കുകൾ കേട്ട് ആശയക്കുഴപ്പത്തിലാകുന്നുണ്ടോ? യേശു പഠിപ്പിച്ചതെല്ലാം പൂർണ്ണമായി മനസ്സിലാക്കിയെന്ന് അവകാശപ്പെടാൻ അഹങ്കാരം നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. എങ്കിലും, വിനയത്തോടെ സത്യസന്ധമായി സമ്മതിക്കേണ്ട യാഥാർഥ്യം ഇതാണ്: ആശയക്കുഴപ്പത്തിന്റെ കാര്യത്തിൽ നിങ്ങളും ഒരുപക്ഷേ ഈ ശിഷ്യന്മാരെപ്പോലെതന്നെയാണ്. ആ അവസ്ഥ മോശമായിരിക്കണമെന്നില്ല.
ഒന്നാമതായി, ഈ ശിഷ്യന്മാരുടെ ആശയക്കുഴപ്പം അവർ യേശുവിനെ ഗൗരവമായി എടുത്തിരുന്നു എന്നു കാണിക്കുന്നു. അവർ നിസ്സംഗരായിരുന്നില്ല. അവിടുത്തെ വാക്കുകൾ അവർക്ക് പ്രധാനമായിരുന്നു; അവർക്ക് താത്പര്യമുണ്ടായിരുന്നു; മനസ്സിലാക്കാൻ അവർ ആഗ്രഹിച്ചു; യേശുവിൽ ഒരളവുവരെ വിശ്വാസവും അവർക്കുണ്ടായിരുന്നിരിക്കണം. അല്ലായിരുന്നെങ്കിൽ അവർ അവിടുത്തെ അവഗണിക്കുമായിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്തില്ല. അവർ ശ്രദ്ധിച്ചു കേട്ടു, മനസ്സിലാക്കാൻ ശ്രമിച്ചു, അവിടുത്തെ പ്രബോധനം ചർച്ച ചെയ്തു, അവിടുത്തെ വാക്കുകളെക്കുറിച്ചു ചിന്തിച്ചു; ഒടുവിൽ, തങ്ങൾക്കു മനസ്സിലായില്ലെന്ന് വിനയത്തോടെ സമ്മതിച്ചു.
അവരുടെ ആശയക്കുഴപ്പത്തെ യേശു വിമർശിക്കുന്നില്ല. അവർ ശ്രമിക്കുന്നുണ്ടെന്നും അവർക്ക് ഒരളവുവരെ വിശ്വാസമുണ്ടെന്നും അവിടുന്നു കാണുന്നു. ഈ ശിഷ്യന്മാർ ആശയക്കുഴപ്പത്തിലാണെങ്കിലും, യേശു അവരോടു നേരിട്ടും വ്യക്തമായും സംസാരിക്കുന്നതിനു പകരം ആലങ്കാരിക ഭാഷയിൽ സംസാരിക്കുന്നതു തുടരുന്നു. യേശു ആലങ്കാരിക ഭാഷയിൽ സംസാരിക്കുന്നതിന്റെ ഒരു കാരണം അവിടുന്നു പഠിപ്പിക്കുന്ന സന്ദേശം അഗാധവും ഗഹനവുമാണ് എന്നതാണ്. അതു വേഗത്തിലും എളുപ്പത്തിലും മനസ്സിലാക്കി പൂർണ്ണമായി ഗ്രഹിക്കാവുന്ന ഒന്നല്ല. സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അത്രയേറെ ആഴവും വിശാലതയും ഗഹനതയും നിഗൂഢതയും നിറഞ്ഞവയാണ്; അവ മനസ്സിലാക്കിത്തുടങ്ങാനുള്ള ഏക വഴി ആദ്യം വിശ്വാസമുണ്ടായിരിക്കുക എന്നതാണ്. വിശ്വാസം എന്നതിനർഥം നിങ്ങൾ എല്ലാം പൂർണ്ണമായി മനസ്സിലാക്കുന്നു എന്നല്ല. പൂർണ്ണമായി കാണാതെയും മനസ്സിലാക്കാതെയും വിശ്വസിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു അതിസ്വാഭാവിക ദാനമാണ് വിശ്വാസം. ആ ഉറപ്പ് വരുന്നത് ദൈവത്തിൽനിന്നാണ്, നിങ്ങളുടെ സ്വന്തം യുക്തിചിന്താശേഷിയിൽനിന്നല്ല. എന്നാൽ വിശ്വാസം എല്ലായ്പ്പോഴും കൂടുതൽ ആഴമായ ഗ്രാഹ്യത്തിലേക്കു നയിക്കുന്നു. അതിനാൽ, ഈ ശിഷ്യന്മാർ തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞപ്പോൾ, അവർ മനസ്സിലാക്കുകയും ചെയ്തു. യേശു ഇങ്ങനെ ആലങ്കാരികമായി സംസാരിച്ചിട്ടും, ഒടുവിൽ ഈ ശിഷ്യന്മാർ വിശ്വസിക്കാൻ തീരുമാനിച്ചു. ഈ അധ്യായത്തിൽ പിന്നീട് അവർ ഇങ്ങനെ നിഗമനത്തിലെത്തുന്നു: “അങ്ങ് എല്ലാം അറിയുന്നുവെന്നും ആരും അങ്ങയോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട് അങ്ങ് ദൈവത്തിൽനിന്നു വന്നിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” (യോഹന്നാൻ 16:30).
വിശ്വാസം, ദൈവം, ധാർമ്മികത തുടങ്ങിയവയെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങളിൽ നിങ്ങൾക്ക് ആശയക്കുഴപ്പം അനുഭവപ്പെടുന്നുവെങ്കിൽ, അല്ലെങ്കിൽ ജീവിതത്തിന്റെതന്നെ വിവിധ രഹസ്യങ്ങളെക്കുറിച്ചോ പ്രത്യേകിച്ച് നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ചോ നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ, അത് സമ്മതിക്കാൻ ഭയപ്പെടരുത്. ആശയക്കുഴപ്പം സമ്മതിക്കുക എന്നത് സത്യത്തെ വിനയത്തോടെ അംഗീകരിക്കലാണ്. ഈ വിനയം വിശ്വാസമെന്ന ദാനത്തിലേക്കുള്ള സഹായകരമായ ഒരു ചുവടുവയ്പായിരിക്കും.
ജീവിതരഹസ്യങ്ങളോടുള്ള നിസ്സംഗത നിങ്ങളെ ഏതെങ്കിലും വിധത്തിൽ അലട്ടുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. ഉണ്ടെങ്കിൽ, യേശു പറഞ്ഞതെല്ലാം മനസ്സിലാക്കാൻ ബോധപൂർവം പരിശ്രമിച്ച ഈ ശിഷ്യന്മാരെ കൂടുതൽ അനുകരിക്കാൻ തീരുമാനിക്കുക. നിങ്ങളുടെ ആശയക്കുഴപ്പം സമ്മതിക്കാനും അത് നമ്മുടെ കർത്താവിന്റെ മുമ്പിൽ സമർപ്പിക്കാനും ഭയപ്പെടരുത്. വിശ്വാസമെന്ന ദാനം ലഭിക്കാൻ പരിശ്രമിക്കുക. വിശ്വാസത്തിന്റെ ആ തീപ്പൊരി, ജീവിതത്തിലെ അനേകം രഹസ്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിലേക്കുള്ള വഴിയായി മാറാൻ അനുവദിക്കുക.
എന്റെ രഹസ്യമയനായ കർത്താവേ, അങ്ങും സ്വർഗരാജ്യത്തിന്റെ എല്ലാ രഹസ്യങ്ങളും അത്രയേറെ ആഴവും ഗഹനതയും നിറഞ്ഞവയാണ്; അവയുടെ ആഴവും വ്യാപ്തിയും സൗന്ദര്യവും ആർക്കും ഒരിക്കലും പൂർണ്ണമായി ഗ്രഹിക്കാനാവില്ല. പ്രിയ കർത്താവേ, അങ്ങയിലും അങ്ങ് വെളിപ്പെടുത്താൻ തിരഞ്ഞെടുത്ത എല്ലാ കാര്യങ്ങളിലും എനിക്കുള്ള വിശ്വാസം ഏറ്റുപറയാൻ കഴിയേണ്ടതിന്, അങ്ങയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനായി എന്റെ മനസ്സ് തുറക്കണമേ. എന്റെ ദൈവമേ, ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – ഫാത്തിമാ മാതാവ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




