മലയാളം

ദൈവരാജ്യത്തിന്റെ വിസ്മയങ്ങൾ

ജൂൺ 13, 2021
ആണ്ടുവട്ടക്കാലത്തിലെ പതിനൊന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “ദൈവരാജ്യം ഇപ്രകാരമാണ്: ഒരു മനുഷ്യൻ നിലത്തു വിത്തു വിതയ്ക്കുന്നു. അവൻ രാവും പകലും ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുന്നു; ഇതിനിടയിൽ വിത്തു മുളച്ചു വളരുന്നു; എങ്ങനെയെന്ന് അവൻ അറിയുന്നില്ല.”  മർക്കോസ് 4:26–27

നമ്മുടെ മധ്യേ ദൈവരാജ്യം മുളപൊട്ടി വളർന്ന് ഫലമണിയുന്നതിന്റെ എത്ര മനോഹരമായ ചിത്രമാണിത്!

തന്റെ രാജ്യം വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.  കർത്താവ് പഠിപ്പിച്ച പ്രാർഥനയിൽ നാം ഇതിനായി പ്രാർഥിക്കുന്നു.  ദൈവത്തിന്റെ രാജ്യം വരണമെന്നു പ്രാർഥിക്കുമ്പോൾ നാം എന്താണ് അർഥമാക്കുന്നത്?  ഒന്നാമതായി, നമ്മുടെ ഹൃദയങ്ങളിലും ആത്മാക്കളിലും തന്റെ രാജ്യം സ്ഥാപിച്ചുകൊണ്ട് നമ്മുടെ ഉള്ളിൽ വന്നു വസിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്നാണ് അതിനർഥം.  നാം ദൈവരാജ്യത്തിലെ സജീവ അംഗങ്ങളാകണം; അവിടുന്ന് നമ്മുടെ ഭരണാധികാരിയും വഴികാട്ടിയുമായിരിക്കണം.

രണ്ടാമതായി, നമ്മുടെ ലോകത്തിൽ ദൈവത്തിന്റെ നിയമങ്ങളും തിരുഹിതവും സ്ഥാപിക്കപ്പെടുന്നതായാണ് നാം ഇതിനെ മനസ്സിലാക്കുന്നത്.  ഇതിനർത്ഥം, ദൈവരാജ്യത്തിൽ പങ്കുചേരാനും അതിന്റെ ഫലം പുറപ്പെടുവിക്കാനും കഴിയുന്നവിധം സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ക്രമം ദൈവകൃപയാൽ രൂപാന്തരപ്പെടണം എന്നാണ്.  നമുക്കു ചെയ്യാൻ ജോലിയുണ്ട്!

മൂന്നാമതായി, യേശു തേജസ്സോടും മഹത്വത്തോടുംകൂടെ മടങ്ങിവരുമ്പോൾ സംഭവിക്കുന്ന ദൈവരാജ്യത്തിന്റെ അന്തിമവും മഹത്വപൂർണവുമായ ആഗമനത്തിനായി നാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് അതിനർഥം.  അവസാനം സകലവും രൂപാന്തരപ്പെടും; ദൈവം ലോകത്തിന്മേൽ തന്റെ അന്തിമവിധി നടത്തുകയും സകലവും നവീകരിക്കുകയും ചെയ്യും.

എന്നാൽ മുകളിലെ ഈ വചനഭാഗം, ഇത് “എങ്ങനെ” സംഭവിക്കുമെന്ന് വിശേഷാൽ നമുക്കു വെളിപ്പെടുത്തിത്തരുന്നു.  ദൈവരാജ്യം സാവധാനത്തിലും സൗമ്യമായും അത്ഭുതകരമായും വേരുറപ്പിക്കുമെന്ന് അത് വെളിപ്പെടുത്തുന്നു.  നമ്മുടെ ജീവിതങ്ങളിൽ ഇതു സംഭവിക്കും; ക്രൈസ്തവരായ നാം ഈ പ്രവർത്തനത്തിനായി സ്വയം സമർപ്പിക്കുമ്പോൾ നമ്മുടെ ലോകത്തിലും ഇതു സംഭവിക്കും; കാലത്തിന്റെ അവസാനം യേശു മടങ്ങിവരുമ്പോൾ അത്ഭുതകരമായി ഇതു സംഭവിക്കുകയും ചെയ്യും.

യേശു നമുക്കു നൽകുന്ന ഈ ചിത്രത്തെക്കുറിച്ചു ചിന്തിക്കുക.  കർഷകൻ വിത്തു വിതയ്ക്കുന്നു; സാവധാനം അതു മുളച്ചു വളർന്നു ഫലം പുറപ്പെടുവിക്കുന്നു.  ഇതു സംഭവിക്കുമ്പോൾ, “എങ്ങനെയെന്ന്” കർഷകൻ “അറിയുന്നില്ല.”

ദൈവം തന്റെ രാജ്യം സ്ഥാപിക്കുന്ന നിഗൂഢമായ വഴികളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക.  അതിന്റെ ചുമതല പ്രഥമമായും പ്രധാനമായും ദൈവത്തിനാണ്.  എന്നാൽ നിങ്ങളുടെ പങ്ക് നിങ്ങൾ നിർവഹിക്കണം.  നിങ്ങളുടെ ഹൃദയത്തെയും ചുറ്റുമുള്ള ലോകത്തെയും നിങ്ങൾ ഫലഭൂയിഷ്ഠമായ മണ്ണാക്കണം.  നിങ്ങൾ വിത്തു വിതയ്ക്കുകയും ആവശ്യാനുസരണം നനയ്ക്കുകയും വേണം; പിന്നെ ദൈവത്തിന്റെ പങ്ക് നിർവഹിക്കാൻ അവിടുത്തെ അനുവദിക്കുക.  നിങ്ങളുടെ ജീവിതത്തിലും ലോകത്തിലും തന്റെ രാജ്യം വളർത്തിക്കൊണ്ടുവരാൻ നമ്മിൽ ആരെക്കാളും അധികമായി ദൈവം ആഗ്രഹിക്കുന്നു.  എന്നാൽ നിങ്ങളുടെ പങ്ക് നിങ്ങൾ നിർവഹിച്ചാൽ, ദൈവകൃപയുടെ മഹത്തായ കരവേല വളരുന്നതു കണ്ട് നിങ്ങളും വിസ്മയഭരിതരാകും.

കർത്താവേ, അങ്ങയുടെ രാജ്യത്തിനുവേണ്ടി ഫലഭൂയിഷ്ഠമായ മണ്ണായിരിക്കാൻ എന്റെ ഹൃദയത്തെ സഹായിക്കണമേ.  എന്റെ ഹൃദയത്തിൽ അങ്ങയുടെ രാജ്യം വളർത്താൻ അങ്ങയെ അനുവദിക്കുന്നതിന് എന്നെ സഹായിക്കണമേ; ഞങ്ങളുടെ ലോകത്തിൽ ആ രാജ്യത്തിന്റെ ഉപകരണമാകാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – പാദുവായിലെ വിശുദ്ധ അന്തോണീസ്, പുരോഹിതനും വേദപാരംഗതനും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: flickr