ജൂൺ 20, 2021
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

ശക്തമായ ഒരു കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിക്കു മീതെ ആഞ്ഞടിച്ചതിനാൽ അതിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. ഈശോ വഞ്ചിയുടെ പിൻഭാഗത്ത് ഒരു തലയണയിൽ തലവച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ ഉണർത്തി ചോദിച്ചു: “ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നത് അങ്ങ് കാര്യമാക്കുന്നില്ലേ?” അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചു; കടലിനോടു പറഞ്ഞു: “നിശ്ശബ്ദമാകൂ! ശാന്തമാകൂ!” കാറ്റു നിലച്ചു; വലിയ ശാന്തതയുണ്ടായി. മർക്കോസ് 4:37–39
ഈശോയുടെ ഭാഗത്തുനിന്നുള്ള ഒരു “പ്രവാചക പ്രവൃത്തി” എന്നു നമുക്ക് ഈ ഭാഗത്തെ വിശേഷിപ്പിക്കാം. കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന തന്റെ പ്രവൃത്തിയിലൂടെ അവൻ നമ്മുടെ സ്വന്തം ജീവിതത്തെക്കുറിച്ച് നമ്മോടു സംസാരിക്കുന്നു.
ആദ്യം വിചിന്തനം ചെയ്യേണ്ടത്, കൊടുങ്കാറ്റിന്റെ നടുവിൽ ഈശോ ഉണ്ടായിരുന്നു എന്നതാണ്. തിരമാലകൾ വഞ്ചിക്കു മീതെ ആഞ്ഞടിക്കുമ്പോഴും അവൻ അതിലുണ്ടായിരുന്നു. അവൻ അവിടെയുണ്ടായിരുന്നു എന്നതാണ് പ്രധാന കാര്യം. നമ്മുടെ ജീവിതത്തിൽ ഒരു “കൊടുങ്കാറ്റ്” അനുഭവപ്പെടുമ്പോഴെല്ലാം ഈശോ അതിന്റെ നടുവിലുണ്ടെന്ന് ഇത് നമ്മോടു പറയുന്നു. അവൻ ദൂരെയല്ല; മറിച്ച്, അവൻ അവിടെത്തന്നെയുണ്ട്.
എന്നാൽ അവൻ ഉറങ്ങുകയാണെന്നും നാം ശ്രദ്ധിക്കുന്നു. ഇതിൽനിന്ന് നമുക്കു മനസ്സിലാക്കാവുന്ന ഒരു കാര്യം, ഈശോ നമ്മുടെ പ്രാർഥനയ്ക്കായി കാത്തിരിക്കുന്നു എന്നതാണ്. കൊടുങ്കാറ്റിന്റെ നടുവിൽ നാം അവനിലേക്കു തിരിയാൻ അവൻ കാത്തിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ നമ്മെ തളർത്തുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നതായി തോന്നുമ്പോഴെല്ലാം നമ്മുടെ ആദ്യചിന്ത അതായിരിക്കണം.
അപ്പസ്തോലന്മാരുടെ “പ്രാർഥന” ചിലപ്പോഴൊക്കെ നാം പ്രാർഥിക്കുന്ന രീതിയോടു സാമ്യമുള്ളതാണെന്നു ശ്രദ്ധിക്കുക. “ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നത് അങ്ങ് കാര്യമാക്കുന്നില്ലേ?” എത്രയോ തവണ നാം ദൈവത്തിലേക്കു തിരിഞ്ഞു പറയുന്നു: “കർത്താവേ, അങ്ങ് എവിടെയാണ്? എന്തുകൊണ്ടാണ് അങ്ങ് സഹായിക്കാത്തത്?” എന്നാൽ, നാം ആശ്രയത്തോടും ഉറപ്പോടുംകൂടെ തന്നിലേക്കു തിരിയേണ്ടതിന്, ദൈവം പലപ്പോഴും മൗനത്തിലൂടെ നമ്മെ തന്നിലേക്കു വിളിക്കുകയാണെന്നു നാം അറിയണം. ഈശോ അവരുടെ പ്രാർഥന സ്വീകരിച്ച് ഉത്തരം നൽകി.
കൊടുങ്കാറ്റിന്മേലുള്ള തന്റെ അധികാരം വെളിപ്പെടുത്തുക എന്നതായിരുന്നു അവന്റെ മറുപടി. അവൻ അതിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “നിശ്ശബ്ദമാകൂ! ശാന്തമാകൂ!” അതോടെ കൊടുങ്കാറ്റിനു തുടരാൻ കഴിയാതായി; എല്ലാം ശാന്തമായി.
നാം നേരിടുന്ന ഏതു കഷ്ടതയും കൈകാര്യം ചെയ്യാൻ അവനു കഴിയുമെന്ന ഉറപ്പ് നമുക്കുണ്ടാകാനാണ് ഈശോ ഇതു ചെയ്തതെന്ന് നാം അറിയണം. അവനു ശാന്തമാക്കാനാകാത്തത്ര വലിയ ഒരു കൊടുങ്കാറ്റുമില്ല. അവനു കൈകാര്യം ചെയ്യാനാകാത്തതായി ഒന്നുമില്ല.
ഓരോ ദിവസവും നിങ്ങളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് എന്താണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ വിശ്വാസത്തെ ഉലയ്ക്കുന്നത് എന്താണ്? അതിന്റെ നടുവിൽ ഈശോയിലേക്കു തിരിയുക; സമാധാനവും ശാന്തതയും പകരാൻ സന്നദ്ധനായി അവൻ അവിടെയുണ്ടെന്ന് അറിയുക.
കർത്താവേ, എന്റെ ജീവിതത്തിലേക്കും ഞാൻ നേരിടുന്ന കൊടുങ്കാറ്റിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു. അങ്ങേക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം. അതിനാൽ അങ്ങയുടെ സമാധാനവും ശാന്തതയും എന്റെ ഹൃദയത്തിൽ നൽകണമേ എന്നു ഞാൻ യാചിക്കുന്നു. എപ്പോഴും അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




