മലയാളം

യേശുവിനെ സ്പർശിക്കുക

ജൂൺ 27, 2021
ആണ്ടുവട്ടക്കാലത്തിലെ പതിമൂന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

അവൾ പറഞ്ഞു: “അവിടുത്തെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മാത്രം മതി, എനിക്കു സൗഖ്യം ലഭിക്കും.”  മർക്കോസ് 5:28

വലിയ വിശ്വാസത്തോടെ യേശുവിനെ സമീപിക്കുന്ന ഒരാളുടെ ഉദാഹരണമാണ് ഇവിടെയുള്ളത്.  അവളുടെ ചിന്തകൾ അറിയാൻ കഴിയുക എന്നൊരു സമ്മാനം നമുക്കു ലഭിക്കുന്നു എന്നതിനാൽ ഈ സംഭവം ഏറെ ഹൃദയസ്പർശിയാണ്.

ഈ സ്ത്രീ അനേകം വർഷങ്ങളായി ഏറെ കഷ്ടപ്പെട്ടിരുന്നു.  വൈദ്യന്മാരിൽനിന്ന് സൗഖ്യം ലഭിക്കാൻ അവൾ തന്നാലാവുന്നതെല്ലാം ചെയ്തു.  തനിക്കുണ്ടായിരുന്നതെല്ലാം അവൾ ചെലവഴിച്ചു.  ഒടുവിൽ, നിരാശാജനകമായ ഈ അവസ്ഥയിൽ, ആ സ്ത്രീ വിശ്വാസത്തോടെ യേശുവിലേക്കു തിരിഞ്ഞു.

ഒരുപക്ഷേ, ജീവിതത്തിലുടനീളം അവൾക്കു വലിയ വിശ്വാസമുണ്ടായിരുന്നിരിക്കാം; നമുക്കറിയില്ല.  നമുക്കറിയാവുന്നത് ഇതാണ്: അവളുടെ സഹനങ്ങൾ അവളെ ഏറെ എളിമപ്പെടുത്തി; അവൾക്കു മുന്നിൽ മറ്റു വഴികളൊന്നും അവശേഷിച്ചിരുന്നില്ല.  എളിമയുടെ ഈ അവസ്ഥയിൽ, ഏതൊരു വിശുദ്ധനും ചെയ്യുന്നതുതന്നെ അവൾ ചെയ്തു.  യേശുവാണ് ഉത്തരം എന്ന ബോധ്യത്തിൽ അവൾ ഉറച്ചുനിന്നു.  മറ്റെല്ലാം പരാജയപ്പെട്ടാലും യേശു അവളെ കൈവിടുകയില്ല.  ശാരീരിക സൗഖ്യം ലഭിക്കുമോ എന്ന് ഒരുപക്ഷേ അവൾക്ക് അറിയില്ലായിരുന്നു; എങ്കിലും യേശുവിലേക്കു തിരിയണമെന്ന് അവൾക്ക് അറിയാമായിരുന്നു.

ഈ സംഭവത്തിൽ വലിയൊരു പാഠമുണ്ട്: അതേ ആഴത്തിലുള്ള ആശ്രയബോധവും നമ്മുടെ ജീവിതവുമായി യേശുവിലേക്കു തിരിയാനുള്ള അതേ പ്രതിബദ്ധതയും നമുക്കുണ്ടായിരിക്കണം.  ജീവിതത്തിലെ മറ്റെല്ലാ വഴികളും നാം പരീക്ഷിച്ചിട്ടില്ലെങ്കിലും, ഈ സ്ത്രീ നൽകുന്ന സാക്ഷ്യം നാമെല്ലാവരും സ്വീകരിക്കണം.

ആഴമായ ഉറപ്പോടും വിശ്വാസത്തോടുംകൂടെ യേശുവിലേക്കു തിരിയുക എന്നതിനർഥം, അവിടുത്തെ തിരുഹിതം മാത്രമാണ് പ്രധാനമെന്ന് നാം അറിയുന്നു എന്നതാണ്.  മറ്റെല്ലാറ്റിനുമുപരിയായി, ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നാം അവിടുത്തെ തിരഞ്ഞെടുക്കുന്നു എന്നാണ് അതിനർഥം.  നമ്മുടെ പ്രശ്നങ്ങളുമായി മാത്രമല്ല, നമ്മുടെ സന്തോഷങ്ങളിലും അനുഗ്രഹങ്ങളിലും നാം അവിടുത്തെ സമീപിക്കുന്നു എന്നും അതിനർഥമുണ്ട്.  ജീവിതത്തിലെ എല്ലാറ്റിനുമുള്ള ഉത്തരം യേശുവാണെന്ന ആഴമായ ആന്തരിക ബോധ്യത്തിൽനിന്നായിരിക്കണം നമ്മുടെ എല്ലാ പ്രവൃത്തികളും ഉദ്ഭവിക്കേണ്ടത്.

ഒരുപക്ഷേ, ഇത് അൽപ്പം അതിരുകടന്നതായി തോന്നിയേക്കാം.  മറ്റെല്ലാം നമ്മെ കൈവിടുന്നതായി തോന്നുമ്പോൾ മാത്രം അവിടുത്തെ സമീപിക്കുന്ന ശീലം നമുക്കുണ്ടാകാം.  എന്നാൽ അങ്ങനെയായിരിക്കരുത്.  ഒരർഥത്തിൽ പറഞ്ഞാൽ, “അവിടുത്തെ വസ്ത്രത്തിൽ തൊടാൻ” പരിശ്രമിക്കുന്നത് അനുദിന ശീലമാക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  നമ്മുടെ ഹൃദയവും മനസ്സും ഇച്ഛാശക്തിയും ആത്മാവും എപ്പോഴും അവിടുത്തിലേക്കു തിരിക്കണമെന്നാണ് ഇതിലൂടെ പറയുന്നത്.

യേശുവിനെ സമീപിക്കുന്ന ശീലം നിങ്ങളിൽ എത്ര ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ നിങ്ങൾ ആദ്യം സ്തുതിക്കുന്നത് അവിടുത്തെയാണോ?  ഭയങ്ങളിലും പോരാട്ടങ്ങളിലും നിങ്ങൾ ആദ്യം തിരിയുന്നത് അവിടുത്തിലേക്കാണോ?  ഈ ആന്തരിക ശീലം വളർത്തിയെടുക്കുക; അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ കൃപയുടെ അത്ഭുതങ്ങൾ നിങ്ങൾ കാണും.

കർത്താവേ, എല്ലാ കാര്യങ്ങളിലും എപ്പോഴും അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ.  ജീവിതം ദുഷ്കരമായി തോന്നുമ്പോഴും എല്ലാം തകർന്നുപോകുന്നതായി തോന്നുമ്പോഴും അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ.  എനിക്കു ലഭിക്കുന്ന അനേകം അനുഗ്രഹങ്ങളിലും അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31

താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:

Amazon പേപ്പർബാക്ക് പതിപ്പ് – Kindle – Google Play Books – iBooks – Barnes & Noble


കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: ക്രിസ്തുവിന്റെ രണ്ട് അത്ഭുതങ്ങളോടുകൂടിയ വനഭൂദൃശ്യം, ഡേവിഡ് വിങ്ക്ബൂൺസ് വരച്ചത്, Web Gallery of Art മുഖേന