ശനി, ജൂലൈ 3, 2021
വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ

“നിന്റെ വിരൽ ഇവിടെ കൊണ്ടുവന്ന് എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.” തോമസ് അവനോടു മറുപടി പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ!” യേശു അവനോടു പറഞ്ഞു: “നീ എന്നെ കണ്ടതുകൊണ്ടാണോ വിശ്വസിച്ചത്? കാണാതെതന്നെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ.” യോഹന്നാൻ 20:27–29
യേശുവുമായുള്ള ഈ സംഭാഷണത്തിൽ തോമാശ്ലീഹാ പലവിധത്തിൽ നമ്മിൽ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്നു. നാം എപ്പോഴും വിശ്വസിക്കുന്നവരാണെന്നും അവിശ്വസിക്കുന്നവരല്ലെന്നും കരുതാനാണ് നമുക്കിഷ്ടം. എന്നാൽ, നാം വിശ്വസിക്കേണ്ടത്ര ആഴത്തിൽ വിശ്വസിക്കുന്നില്ലായിരിക്കാം എന്ന സത്യം വിനയത്തോടെ സമ്മതിക്കേണ്ടത് പ്രധാനമാണ്. നമുക്കു ലഭിക്കാത്ത അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു ലഭിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കുന്നു എന്നു ചിന്തിക്കേണ്ടതും പ്രധാനമാണ്.
യേശു ആദ്യമായി മറ്റു അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് അവരോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് ഓർക്കുക. അതുകൊണ്ട്, തിരിച്ചെത്തിയ തോമസ് യേശു പ്രത്യക്ഷപ്പെട്ടുവെന്നും തനിക്ക് ആ ദർശനം നഷ്ടമായെന്നും കേട്ടപ്പോൾ തീർച്ചയായും വിഷമിച്ചു. ദൗർഭാഗ്യവശാൽ, കർത്താവ് മറ്റുള്ളവർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവിടെയുണ്ടാകാതിരുന്നതിലുള്ള ദുഃഖം തോമസിൽ സന്തോഷത്തിനു പകരം ഒരുതരം കയ്പാണു ശേഷിപ്പിച്ചത്. ഇതാണ് അസൂയ എന്ന പാപം. നമുക്കു ലഭിക്കാത്ത അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു ലഭിക്കുന്നതിലുള്ള ഒരുതരം ദുഃഖമാണ് അസൂയ. ഉത്ഥിതനായ കർത്താവിനെ കണ്ടുമുട്ടിയതിലൂടെ മറ്റ് അപ്പസ്തോലന്മാർക്കു ലഭിച്ച അനുഗ്രഹത്തിൽ തോമസ് ആനന്ദിക്കേണ്ടതായിരുന്നു. എന്നാൽ അതിനു പകരം, ഈ അവസരം നഷ്ടമായതിലുള്ള ദുഃഖം അദ്ദേഹത്തെ സങ്കടത്തിലാഴ്ത്തി. അദ്ദേഹം പറഞ്ഞു: “അവന്റെ കൈകളിൽ ആണികളുടെ പാടുകൾ കാണുകയും ആ പാടുകളിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്യാതെ ഞാൻ വിശ്വസിക്കുകയില്ല.”
നമ്മുടെ കർത്താവുമായുള്ള ഈ കൂടിക്കാഴ്ചയിൽ തോമസ് ഇല്ലാതിരുന്നത് എന്തുകൊണ്ടാണ്? ഒരുപക്ഷേ, തോമസ് നമുക്കൊരു മാതൃക നൽകണമെന്ന് ദൈവം ആഗ്രഹിച്ചതിനാൽ, ദൈവപരിപാലനത്താലായിരിക്കാം അങ്ങനെ സംഭവിച്ചത്. അങ്ങനെയെങ്കിൽ, നമുക്കു ലഭിക്കാത്ത അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു ലഭിക്കുമ്പോൾ നാം വിനയത്തോടെ ആനന്ദിക്കണം എന്നതാണ് തോമസ് നമുക്കു നൽകിയ ഒരു മാതൃക. തീർച്ചയായും, തോമസ് അവിടെ ഉണ്ടായിരുന്നെങ്കിൽ ആ സന്തോഷത്തിൽ പങ്കുചേരുന്നത് അദ്ദേഹത്തിന് കൂടുതൽ എളുപ്പമായേനെ. എന്നാൽ, പലവിധത്തിൽ, തോമസിന്റെ അഭാവം അദ്ദേഹത്തിന് അതിലും വലിയൊരു അവസരം നൽകി. സ്വീകരിക്കാൻ അദ്ദേഹം പരാജയപ്പെട്ട ഒരവസരം.
മറ്റുള്ളവർ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതു കാണുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? പലരും ഉടൻതന്നെ തങ്ങളിലേക്കു നോക്കുകയും അതേ രീതിയിൽ തങ്ങളും അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അവർ അസൂയയോടു പോരാടുന്നു. “ആ അനുഗ്രഹം എനിക്കു ലഭിച്ചിരുന്നെങ്കിൽ” എന്ന് അവർ ചിന്തിക്കുന്നു. ഈ തരത്തിലുള്ള അസൂയ തിരിച്ചറിയുന്നത് എപ്പോഴും എളുപ്പമല്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ എന്തു ചെയ്യരുത് എന്നതിന്റെ സാക്ഷിയായി തോമസ് നമുക്കു നൽകപ്പെട്ടിരിക്കുന്നത്.
തീർച്ചയായും, തോമസ് ഒരു ദുഷ്ടമനുഷ്യനല്ല; അതുകൊണ്ടാണ് യേശു പിന്നീട് അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുന്നത്. ആ അവസരത്തിൽ തോമസ് പറഞ്ഞ വാക്കുകൾ, വിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യപ്രതിഷ്ഠ നടക്കുന്ന വേളയിൽ വിശ്വാസികൾ പരമ്പരാഗതമായി ഭക്തിപൂർവം ചൊല്ലുന്നവയാണ്. അദ്ദേഹം പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ!” അപ്പോൾ യേശു തോമസിനെ സൗമ്യമായി ശാസിച്ചുകൊണ്ട് പറയുന്നു: “നീ എന്നെ കണ്ടതുകൊണ്ടാണോ വിശ്വസിച്ചത്? കാണാതെതന്നെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ.” എന്നാൽ ഈ സൗമ്യമായ ശാസന സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു; കാരണം, തന്റെ അവിശ്വാസത്തിന്റെ കാരണത്തെക്കുറിച്ച് തോമസ് ചിന്തിക്കണമെന്ന് യേശു ആഗ്രഹിച്ചു. അസൂയമൂലമുണ്ടായ അവിശ്വാസം മനഃപൂർവമായ വിശ്വാസരാഹിത്യത്തിലേക്കു നയിച്ചതായി തോന്നുന്നു; തോമസ് അത് പരിശോധിക്കണമെന്ന് യേശു വ്യക്തമായും ആഗ്രഹിച്ചു.
ഇന്ന് ഈ വിശുദ്ധ അപ്പസ്തോലനെക്കുറിച്ച് ധ്യാനിക്കുക. ഇന്ന് വിശുദ്ധ തോമാശ്ലീഹാ സ്വർഗരാജ്യത്തിലെ മഹാവിശുദ്ധരുടെ കൂട്ടത്തിലാണ്. അസൂയ, വിനയം, വിശ്വാസം എന്നിവയെക്കുറിച്ചുള്ള ഈ പ്രധാന പാഠങ്ങൾ നമ്മെ പഠിപ്പിക്കാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. തനിക്കുണ്ടായിരുന്ന ബലഹീനതയിൽനിന്ന് അദ്ദേഹം പൂർണമായും മോചിതനായി. നമുക്കു ലഭിക്കാത്ത അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു ലഭിക്കുമ്പോഴുണ്ടാകുന്ന അസൂയയുമായുള്ള നിങ്ങളുടെ സ്വന്തം പോരാട്ടം പരിശോധിക്കാൻ അദ്ദേഹത്തിന്റെ ആ ബലഹീനത നിങ്ങളെ സഹായിക്കട്ടെ. നമ്മുടെ ലോകത്തിൽ ദൈവം പ്രവർത്തിക്കുന്ന എല്ലാ വിധങ്ങളിലും സദാ ആനന്ദിക്കാനും വിനയത്തിൽ വളരാനും പഠിക്കുക. അങ്ങനെ, നിങ്ങൾ അനുഗ്രഹിക്കപ്പെടാത്ത വിധങ്ങളിൽ മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുമ്പോൾ, വിശുദ്ധ തോമാശ്ലീഹാ ഒടുവിൽ പ്രതികരിച്ചതുപോലെ നിങ്ങളും പ്രതികരിക്കും: “എന്റെ കർത്താവേ, എന്റെ ദൈവമേ!”
അത്യുദാരനായ എന്റെ കർത്താവേ, രാവും പകലും അങ്ങ് മറ്റുള്ളവരുടെമേൽ അങ്ങയുടെ അനുഗ്രഹങ്ങൾ വർഷിക്കുന്നു. ആ അനുഗ്രഹങ്ങൾ കാണുമ്പോൾ, അസൂയയിലേക്കുള്ള എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ എല്ലാവർക്കും നൽകപ്പെടുന്ന അങ്ങയുടെ കൃപയിൽ എനിക്ക് ആനന്ദിക്കാൻ കഴിയട്ടെ. അങ്ങ് എന്റെ കർത്താവും എന്റെ ദൈവവുമാണ്. എന്റെ ജീവിതത്തെയും എനിക്കു ചുറ്റുമുള്ളവരുടെ ജീവിതങ്ങളെയും അങ്ങ് അനുഗ്രഹിക്കുന്ന ഓരോ വിധത്തിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പ്രിയ കർത്താവേ, ഞാൻ അനുദിനം കാണുന്ന ഓരോ കൃപയ്ക്കും അനുഗ്രഹത്തിനും, പ്രത്യേകിച്ച് എനിക്കു നേരിട്ടു നൽകപ്പെട്ടിട്ടില്ലാത്ത കൃപകൾക്കും, കൂടുതൽ ആഴമായ കൃതജ്ഞതകൊണ്ട് എന്നെ നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
![]()
കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31
താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:
Amazon പേപ്പർബാക്ക് – Kindle – Google Play Books – iBooks – Barnes & Noble
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ തോമാശ്ലീഹാ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



