മലയാളം

മറ്റുള്ളവരിൽ ക്രിസ്തുവിനെ കാണുക

ജൂലൈ 4, 2021
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

സ്വാതന്ത്ര്യദിനം—യു.എസ്.എ.

വീഡിയോ

യേശു അവരോടു പറഞ്ഞു: “സ്വദേശത്തും സ്വന്തം ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലും അല്ലാതെ മറ്റൊരിടത്തും പ്രവാചകൻ ആദരിക്കപ്പെടാതിരിക്കുന്നില്ല.” അതിനാൽ കുറച്ചു രോഗികളുടെമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റൊരു അത്ഭുതപ്രവൃത്തിയും അവിടെ ചെയ്യാൻ അവിടുത്തേക്കു കഴിഞ്ഞില്ല. അവരുടെ വിശ്വാസമില്ലായ്മയിൽ അവിടുന്ന് വിസ്മയിച്ചു.  മർക്കോസ് 6:4–6

സ്വന്തം നാട്ടിൽ സ്വന്തം ബന്ധുജനങ്ങളുമായുള്ള യേശുവിന്റെ കൂടിക്കാഴ്ച നിരാശാജനകമായിരുന്നു.  അവിടുത്തെ ജ്ഞാനത്തിലും അവിടുന്നു ചെയ്ത അത്ഭുതപ്രവൃത്തികളിലും അവർ വിസ്മയിച്ചു.  എന്നാൽ അവിടുത്തെക്കുറിച്ച് ഇങ്ങനെ വിസ്മയിച്ചിട്ടും അവർ “അവിടുത്തെപ്രതി ഇടറിപ്പോയി.”  തങ്ങൾക്ക് നന്നായി അറിയാവുന്ന ഒരാൾക്ക്, സ്വന്തം ബന്ധുജനങ്ങളിൽ ഒരാൾക്ക്, എങ്ങനെ സവിശേഷതയുള്ള ഒരാളാകാൻ കഴിയുമെന്ന് മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് അവർ ഇടറിപ്പോയത്.  യേശുവുമായുള്ള അടുപ്പവും പരിചയവും അവിടുത്തിൽ വിശ്വസിക്കാനും അവിടുത്തെ മഹത്ത്വത്തിൽ ആനന്ദിക്കാനുമുള്ള തങ്ങളുടെ കഴിവിനെ മറയ്ക്കാൻ അവർ അനുവദിച്ചു.

ഇതേ ബുദ്ധിമുട്ട് നാം നേരിട്ട് അനുഭവിക്കുന്നില്ല.  നമ്മിലാരും യേശുവിന്റെ സ്വന്തം നാട്ടുകാരോ രക്തബന്ധത്താൽ അവിടുത്തെ ബന്ധുവർഗത്തിൽപ്പെട്ടവരോ അല്ല.  എങ്കിലും നമുക്ക് ഏറ്റവും അടുത്തവരിൽ, അതായത് നമ്മുടെ സ്വന്തം കുടുംബത്തിലും നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കിടയിലും സന്നിഹിതനായിരിക്കുന്ന യേശുവിനെ തള്ളിക്കളയുന്ന കെണിയിൽ നാം ഇപ്പോഴും വീഴാം.

നമുക്ക് ഏറ്റവും അടുത്തവരെ വിശ്വാസത്തിന്റെ കണ്ണുകളോടെ നോക്കാതിരിക്കാനുള്ള നമ്മുടെ പ്രവണതയാണ് യേശു നേരിട്ട ഈ ബുദ്ധിമുട്ട് വെളിപ്പെടുത്തുന്നത്.  യേശുവിനെക്കുറിച്ചുള്ള വിധി തെറ്റായിരുന്നുവെങ്കിലും, നമുക്ക് അടുത്തവരുടെ പാപങ്ങൾ നിമിത്തമോ അവരുടെ നല്ല പ്രവൃത്തികളെപ്പോലും നാം തെറ്റായി മനസ്സിലാക്കുന്നതു നിമിത്തമോ ചിലപ്പോൾ നാം അവരെ വിധിച്ചേക്കാം.  സത്യത്തിന്റെ വെളിച്ചത്തിൽ മറ്റുള്ളവരെ കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?  മറ്റുള്ളവരുടെ ബലഹീനതകൾക്കും പാപങ്ങൾക്കും അപ്പുറത്തേക്കു നോക്കി, അവരുടെ ജീവിതത്തിൽ സജീവമായിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യവും കൃപയും കാണാനും നിങ്ങൾക്കു കഴിയുന്നുണ്ടോ?  അവരുടെ നന്മ കാണാനും നിങ്ങൾക്ക് ഏറ്റവും അടുത്തവരിലൂടെ നിങ്ങളോടു സംസാരിക്കാൻ ദൈവത്തെ അനുവദിക്കാനും നിങ്ങൾക്കു കഴിയുന്നുണ്ടോ?  നാം കരുതുന്നതിനെക്കാൾ പ്രയാസകരമായിരിക്കാം ഇത്.

യേശുവിന് ഇതു സംഭവിച്ചെങ്കിൽ നമ്മുടെ കുടുംബങ്ങളിലും ഇതു സംഭവിക്കും.  നമുക്ക് ഏറ്റവും അടുത്തവരുടെ ജീവിതത്തിലെ കുറവുകൾ മാത്രം കാണാനുള്ള പ്രലോഭനം തിരിച്ചറിയുക എന്നതാണ് ഇതിൽനിന്നു നാം പഠിക്കേണ്ട പാഠം.  ആ പ്രലോഭനത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ, അവരുടെ ജീവിതത്തിൽ സജീവമായിരിക്കുന്ന ദൈവസാന്നിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു കഴിയും.  ഓരോ ദിവസവും നാം കണ്ടെത്താൻ ശ്രമിക്കുന്ന ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ഇതായിരിക്കണം.

നിങ്ങൾക്ക് ഏറ്റവും അടുത്തവരിൽ സന്നിഹിതനായിരിക്കുന്ന ദൈവത്തെ നിങ്ങൾ എത്ര നന്നായി കാണുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  അതിനു ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുന്നെങ്കിൽ, അതിജീവിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ഒരു പ്രലോഭനമായി അതിനെ കാണുക.  നിങ്ങൾക്കു ചുറ്റുമുള്ളവരിൽ സജീവമായിരിക്കുന്ന ദൈവസാന്നിധ്യം കണ്ടെത്തുന്നത് അവരോടുള്ള സ്നേഹത്തിലും ദൈവത്തോടുള്ള സ്നേഹത്തിലും വളരാൻ നിങ്ങളെ സഹായിക്കും.

കർത്താവേ, എനിക്ക് ഏറ്റവും അടുത്തവരുടെ ജീവിതത്തിൽ അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ.  അവരുടെ ജീവിതത്തിൽ അങ്ങു പ്രവർത്തിക്കുന്നതു കാണുമ്പോൾ, അങ്ങയുടെ സാന്നിധ്യത്തിൽ ആനന്ദിക്കാനും മറ്റുള്ളവരോടുള്ള സ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വളരാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

കൂടുതൽ വായനയ്ക്ക് –  സ്വാതന്ത്ര്യദിനം—യു.എസ്.എ.

ഇന്നത്തെ വിശുദ്ധ –  പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്
(യു.എസ്.എ.യിൽ ജൂലൈ 5-ന് ആഘോഷിക്കുന്നു)
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ ഈ അനുസ്മരണം ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: പ്രസംഗിക്കുന്ന ക്രിസ്തു – പൂർത്തിയാകാത്ത ചിത്രം. രചന: റിച്ചാർഡ് പാർക്സ് ബോണിങ്ടൺ, വിക്കിമീഡിയ കോമൺസ് വഴി