മലയാളം

ദൈവപരിപാലനത്തിൽ ആശ്രയിക്കുക

2021 ജൂലൈ 11
സാധാരണകാലത്തിലെ പതിനഞ്ചാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

യാത്രയ്ക്ക് ഒരു വടിയല്ലാതെ മറ്റൊന്നും എടുക്കരുതെന്ന് അവൻ അവരോടു നിർദേശിച്ചു—ഭക്ഷണമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ എടുക്കരുത്.  മർക്കോസ് 6:8

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും ദൈവം ശ്രദ്ധിക്കുന്നുണ്ടോ?  നിങ്ങൾക്ക് ഉചിതമായ ഭക്ഷണവും പാർപ്പിടവും ലഭിക്കുന്നതിൽ അവിടുന്ന് ശ്രദ്ധിക്കുന്നുണ്ടോ?  നിങ്ങൾക്ക് വൈകാരികമായും ഭൗതികമായും ആത്മീയമായും വേണ്ട പിന്തുണ ലഭിക്കുന്നതിൽ അവിടുന്ന് ശ്രദ്ധിക്കുന്നുണ്ടോ?  തീർച്ചയായും ഉണ്ട്!

ദൈവം നമ്മെ എത്ര പൂർണമായി പരിപാലിക്കുന്നുവെന്ന് തിരിച്ചറിയാൻ ചിലപ്പോൾ നമുക്കു കഴിയാതെ പോകാം.  ദൈനംദിന കാര്യങ്ങളെക്കുറിച്ചുള്ള ഭയവും ഉത്കണ്ഠയും നമ്മെ വിഴുങ്ങുന്ന കെണിയിൽ നാം അകപ്പെട്ടേക്കാം.  നാളത്തേക്കോ, ഇന്നത്തേക്കുപോലുമോ വേണ്ടത്ര ഉണ്ടാകില്ലെന്നു നാം ആശങ്കപ്പെട്ടേക്കാം.  ബന്ധങ്ങൾ, വികാരങ്ങൾ, ഭൗതികാവശ്യങ്ങൾ, ആത്മീയശക്തി തുടങ്ങി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് ഈ ആശങ്ക നമ്മെ അലട്ടാം.

നമ്മുടെ ജീവിതത്തിലെ ഓരോ കാര്യത്തിലും ദൈവം ശ്രദ്ധാലുവാണെന്നത് നാം പൂർണമായ ഉറപ്പോടെ അറിഞ്ഞിരിക്കണം.  അവിടുന്ന് എല്ലാം അറിയുകയും നമ്മെ പൂർണമായി സ്നേഹിക്കുകയും ചെയ്യുന്നതിനാൽ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല.  പൂർണവും ഫലദായകവുമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായവ നമുക്കു ലഭിക്കാതെ പോകാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.

നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?  ചിലപ്പോൾ വിശ്വസിക്കുക പ്രയാസമായിരിക്കാം.  ചിലപ്പോൾ എല്ലാം നമ്മുടെ കഴിവിനപ്പുറമാണെന്നു തോന്നുകയും എല്ലാ കാര്യങ്ങളും നാംതന്നെ നോക്കിനടത്തണമെന്നു വിശ്വസിക്കുകയും ചെയ്തേക്കാം.  ദൈവത്തിന് നമ്മെ ഉപയോഗിക്കാനും നമ്മിലൂടെ പ്രവർത്തിക്കാനും കഴിയേണ്ടതിന് നമ്മുടെ ഊർജവും കഴിവുകളും മുഴുവൻ അവിടുത്തേക്ക് സമർപ്പിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നത് സത്യമാണ്.  എന്നാൽ, ആത്യന്തികമായി നമ്മെ പരിപാലിക്കുന്നതും നമ്മുടെ ഓരോ ആവശ്യത്തിലും ഏറ്റവും ശ്രദ്ധ പുലർത്തുന്നതും ദൈവമാണെന്നു നാം ഒരിക്കലും മറക്കരുത്.

ദൈവപരിപാലനത്തിന് എത്രത്തോളം നിങ്ങളെത്തന്നെ വിട്ടുകൊടുത്തിട്ടുണ്ടെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  താഴെ കൊടുത്തിരിക്കുന്ന പ്രാർഥന ചൊല്ലുകയും എത്ര പൂർണമായി അതിനെ നിങ്ങളുടെ സ്വന്തം പ്രാർഥനയാക്കാൻ കഴിയുമെന്ന് വിചിന്തനം ചെയ്യുകയും ചെയ്യുക.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു!

പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന

പിതാവേ,
അങ്ങയുടെ കരങ്ങളിൽ ഞാൻ എന്നെത്തന്നെ വിട്ടുകൊടുക്കുന്നു;
അങ്ങയുടെ ഇഷ്ടംപോലെ എന്നോടു ചെയ്താലും.
അങ്ങ് എന്തു ചെയ്താലും ഞാൻ അങ്ങേക്കു നന്ദി പറയുന്നു:
ഞാൻ എല്ലാറ്റിനും സന്നദ്ധനാണ്, എല്ലാം ഞാൻ സ്വീകരിക്കുന്നു.

എന്നിൽ അങ്ങയുടെ തിരുമനസ്സു മാത്രം നിറവേറട്ടെ,
അങ്ങയുടെ എല്ലാ സൃഷ്ടികളിലും അങ്ങനെതന്നെ സംഭവിക്കട്ടെ –
കർത്താവേ, ഇതിലപ്പുറം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ ഭരമേല്പിക്കുന്നു:
എന്റെ ഹൃദയത്തിലെ സ്നേഹം മുഴുവനോടുംകൂടെ അതിനെ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു,
എന്തെന്നാൽ, കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അതിനാൽ എന്നെത്തന്നെ അങ്ങേക്കു നൽകേണ്ടതുണ്ട്,
ഒന്നും പിടിച്ചുവയ്ക്കാതെ അങ്ങയുടെ കരങ്ങളിൽ എന്നെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്,
അതിരില്ലാത്ത വിശ്വാസത്തോടെതന്നെ,
എന്തെന്നാൽ അങ്ങ് എന്റെ പിതാവാണ്.

ചാൾസ് ദെ ഫൂക്കോ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ആശ്രമാധിപനായ വിശുദ്ധ ബെനഡിക്ട്
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: എൽ.എ. കത്തീഡ്രലിലെ ശവകുടീരമന്ദിരത്തിലുള്ള ‘പത്രോസിന് ദൗത്യം നൽകൽ’ എന്ന ജാലകചിത്രത്തിന്റെ വിശദാംശം. ജാലകത്തിന്റെ നിർമാണം: ഫ്രാൻസ് ബോർജിയാസ് മായറുടെ പണിശാല; ഫോട്ടോ: ആൻഡ്രെയാസ് പ്രാഫ്കെ, വിക്കിമീഡിയ കോമൺസ് വഴി