2021 ജൂലൈ 17
ആണ്ടുവട്ടക്കാലത്തിലെ പതിനഞ്ചാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

ഫരിസേയർ പുറത്തുപോയി യേശുവിനെ വധിക്കാൻ അവനെതിരെ കൂടിയാലോചിച്ചു. ഇതറിഞ്ഞ യേശു അവിടെനിന്ന് പിൻവാങ്ങി. അനേകം ആളുകൾ അവനെ അനുഗമിച്ചു. അവൻ അവരെയെല്ലാം സുഖപ്പെടുത്തി. എന്നാൽ, തന്നെ പരസ്യപ്പെടുത്തരുതെന്ന് അവൻ അവർക്കു താക്കീതു നൽകി. മത്തായി 12:14–16
ഏശയ്യാ പ്രവാചകന്റെ പ്രവചനം നിറവേറേണ്ടതിന് യേശു കൂടുതൽ വിജനമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങിയെന്ന് ഈ ഭാഗം തുടർന്നു പറയുന്നു (ഏശയ്യാ 42:1–4). “സഹനദാസന്റെ ഗീതങ്ങൾ” എന്നു വിളിക്കപ്പെടുന്നവയിൽ ആദ്യത്തേതാണ് ആ പ്രവചനം. ഏശയ്യായുടെ ഈ ഗീതങ്ങളിൽ അഥവാ കവിതകളിൽ, ദൈവത്തിൽനിന്നുള്ള ഒരു ദൗത്യവുമായി അയയ്ക്കപ്പെടുന്നവനും മറ്റുള്ളവർക്കുവേണ്ടി അനീതി സഹിക്കുന്നവനും തിരസ്കരിക്കപ്പെടുന്നവനും ഒടുവിൽ നീതിമാനെന്നു തെളിയിക്കപ്പെട്ട് മഹത്വീകരിക്കപ്പെടുന്നവനുമായാണ് മിശിഹായെ നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. വിജാതീയർ ഉൾപ്പെടെ എല്ലാവർക്കും നീതിയും രക്ഷയും കൊണ്ടുവരിക എന്നതായിരുന്നു സഹനദാസന്റെ ദൗത്യം.
അക്കാലത്ത്, രാജാവായ ഒരു മിശിഹായെക്കുറിച്ചുള്ള സങ്കല്പം അനേകരുടെ മനസ്സിൽ അപ്പോഴും പ്രബലമായിരുന്നു. ഒരു രാഷ്ട്രീയനേതാവായി വന്ന് ഇസ്രായേൽ ജനത്തെ അടിച്ചമർത്തലിൽനിന്നു മോചിപ്പിക്കുകയും അവരെ സ്വതന്ത്രവും സമൃദ്ധവും ശക്തവുമായ ഒരു ജനതയാക്കുകയും ചെയ്യുന്ന മിശിഹായെയാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യേശു പ്രവർത്തിക്കുന്നത് ഇതിനു നേർവിപരീതമായാണ്. ഫരിസേയരുടെ ദുഷ്ടലക്ഷ്യങ്ങളെ ചെറുക്കാനും റോമാക്കാരെ അധികാരത്തിൽനിന്നു പുറത്താക്കാനും ഒരു സൈന്യത്തെ ഒരുക്കുന്നതിനുപകരം, യേശു അവരിൽനിന്നു പിൻവാങ്ങി. സൗഖ്യം പ്രാപിക്കാനും തന്റെ പ്രബോധനങ്ങൾ സ്വീകരിക്കാനും തന്റെ അടുക്കലേക്കു വരാൻ അവൻ ജനങ്ങളെ ക്ഷണിച്ചു.
സഹനദാസനായിത്തീർന്നുകൊണ്ട് യേശു ഏശയ്യായുടെ പ്രവചനം പൂർണമായി നിറവേറ്റുന്നു. മിശിഹായെന്ന നിലയിലുള്ള അവന്റെ ദൗത്യം അനേകർ പ്രതീക്ഷിച്ചതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നതിനാൽ, യേശുതന്നെയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ എന്നു വ്യക്തമായി കാണിച്ചുതരാൻ വിശുദ്ധ മത്തായി പഴയനിയമത്തിലെ ഏശയ്യായുടെ പ്രവചനത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. അനേകർ പ്രതീക്ഷിച്ച തരത്തിലുള്ള മിശിഹാ ആയിരുന്നില്ല അവൻ എന്നുമാത്രം. അവൻ ഹൃദയത്തിൽ വിനയവും സൗമ്യതയുമുള്ളവനായിരുന്നു. തന്റെ കുരിശിലെ രക്തത്താൽ ജനങ്ങളെ വീണ്ടെടുക്കാനിരിക്കുന്നവനായിരുന്നു അവൻ. ഇസ്രായേൽ ജനത്തിനു മാത്രമല്ല, സകല ജനങ്ങൾക്കും രക്ഷ നൽകാനിരിക്കുന്നവനുമായിരുന്നു അവൻ.
ഇന്നും ദൈവത്തെക്കുറിച്ച് തെറ്റായ പ്രതീക്ഷകൾ നമുക്കുണ്ടാകാം എന്നതാണ് ഇതു നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം. ദൈവം എന്തു ചെയ്യണം, യഥാർഥ നീതി എന്ത് ആവശ്യപ്പെടുന്നു എന്നതിനെക്കുറിച്ച് നമ്മുടെ സ്വന്തം ആശയങ്ങൾ മുന്നോട്ടുവയ്ക്കാൻ നമുക്ക് എളുപ്പമാണ്. എന്നാൽ ഏശയ്യായിൽ നാം ഇങ്ങനെയും വായിക്കുന്നു: “എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു കർത്താവ് അരുളിച്ചെയ്യുന്നു. ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉയർന്നിരിക്കുന്നു” (ഏശ. 55:8–9).
വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെ, സഹിക്കുകയും ആ സഹനത്തിലൂടെ സകല ജനങ്ങളെയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ദാസനായി അംഗീകരിക്കാൻ ഇസ്രായേൽ ജനത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കണം. അതുപോലെതന്നെ, നമ്മുടെ കർത്താവിനെ അവൻ ആയിരിക്കുന്നതുപോലെ അംഗീകരിക്കാൻ നമുക്കും പലപ്പോഴും ബുദ്ധിമുട്ടാണ്. ദൈവം എന്തു ചെയ്യണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതിനെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ആശയങ്ങൾ ഉപേക്ഷിക്കുക പ്രയാസമാണ്. തന്റെ സഹനത്തിലും ദാസഭാവത്തിലും പങ്കുചേരാൻ അവൻ നമ്മെ വിളിക്കുമ്പോൾ ഇത് ഏറെ പ്രയാസകരമാകുന്നു. സേവിക്കുക, സഹിക്കുക, നമ്മുടെ ജീവിതം ബലിയർപ്പിക്കുക തുടങ്ങിയവ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ ഇതാണ് നമ്മുടെ കർത്താവിന്റെ വഴി—ദൈവത്തിന്റെ സഹനദാസന്റെ വഴിയാണിത്.
ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം പ്രതീക്ഷകളെപ്പറ്റി ഇന്ന് വിചിന്തനം ചെയ്യുക. ദൈവം ചെയ്യണമെന്നു നിങ്ങൾ കരുതുന്ന കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക നിങ്ങളുടെ പക്കലുണ്ടോ? വേണ്ടത്ര അപേക്ഷിച്ചാൽ മാത്രം മതി, ദൈവം നിങ്ങളുടെ അപേക്ഷകൾ നിറവേറ്റിത്തരും എന്നു കരുതി, നിങ്ങളുടെ ആശയങ്ങളുടെ ആ പട്ടികയ്ക്കുവേണ്ടിയാണോ നിങ്ങൾ പ്രാർഥിക്കുന്നത്? നിങ്ങളുടെ അപേക്ഷകൾ അവന്റെ പരിപൂർണ ഹിതത്തിൽനിന്ന് ഉത്ഭവിക്കുന്നവയാണെങ്കിൽ, അവയ്ക്കായി വിശ്വാസത്തോടെ പ്രാർഥിക്കുമ്പോൾ അവ നിറവേറും. എന്നാൽ, ദൈവം എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ആശയങ്ങളിൽനിന്നും നിങ്ങളിൽനിന്നുമാണ് അവ പ്രധാനമായും ഉത്ഭവിക്കുന്നതെങ്കിൽ, ലോകത്തിലെ എല്ലാ പ്രാർഥനകളും ചേർന്നാലും അവ നിറവേറുകയില്ല. ഇതാണ് നിങ്ങളുടെ പോരാട്ടമെങ്കിൽ, എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി സഹിക്കുന്ന ദാസനിലേക്കു കണ്ണുകൾ തിരിച്ച് പുതുതായി തുടങ്ങാൻ ശ്രമിക്കുക. ദൈവത്തിന്റെ ചിന്തകളും വഴികളും മിക്കപ്പോഴും നിങ്ങളുടെ സ്വന്തം ചിന്തകൾക്കും വഴികൾക്കും എത്രയോ മുകളിലാണെന്ന വസ്തുതയെക്കുറിച്ച് വിചിന്തനം ചെയ്യുക. സഹനദാസന്റെ മുമ്പിൽ നിങ്ങളെത്തന്നെ എളിമപ്പെടുത്താനും അവന്റെ ഹൃദയത്തിൽനിന്ന് ഉത്ഭവിക്കാത്ത എല്ലാ ആശയങ്ങളും ഉപേക്ഷിക്കാനും ശ്രമിക്കുക.
എന്റെ സഹനദാസനേ, അങ്ങയുടെ സഹനത്തിനും മരണത്തിനും, അങ്ങയുടെ സ്നേഹബലിയിൽനിന്ന് ഒഴുകിവരുന്ന വീണ്ടെടുപ്പിനുമായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പ്രിയ കർത്താവേ, അങ്ങും അങ്ങയുടെ രക്ഷാദൗത്യവും മാത്രം എന്നെ നയിക്കേണ്ടതിന്, അങ്ങയെക്കുറിച്ച് എനിക്കുള്ള എല്ലാ തെറ്റായ പ്രതീക്ഷകളും ഉപേക്ഷിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: Pixabay-യിൽനിന്നുള്ള പീറ്റ് ലിൻഫോർത്തിന്റെ ചിത്രം



