2021 ജൂലൈ 18
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

“നിങ്ങൾ തനിയെ ഒരു വിജനസ്ഥലത്തേക്കു വന്ന് അൽപനേരം വിശ്രമിക്കുവിൻ.” മർക്കോസ് 6:31a
നാം കരുതുന്നതിലേറെ തവണ കേൾക്കേണ്ട ഒരു ക്ഷണമാണിത്. എന്നാൽ യേശുവിൽനിന്നുള്ള ഈ ക്ഷണം സ്വീകരിക്കാൻ പലർക്കും പ്രയാസമാണ്. എങ്കിലും നമ്മുടെ കർത്താവ് നിങ്ങൾക്കു നേരിട്ടു നൽകുന്ന ഒരു ക്ഷണമായി ഇതിനെ സ്വീകരിക്കുക. അവിടുന്ന് നിങ്ങളോട് ഇങ്ങനെ പറയുന്നതു കേൾക്കുക: “എന്റെ കുഞ്ഞേ, നീ തനിയെ ഒരു വിജനസ്ഥലത്തേക്കു വന്ന് അൽപനേരം വിശ്രമിക്കൂ.”
നിശ്ശബ്ദതയും ഏകാന്തതയുടെ നിമിഷങ്ങളും നമുക്ക് ഏറെ സൗഖ്യവും സഹായവും നൽകുന്നു. വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന എന്തോ ഒന്ന് നിശ്ശബ്ദതയിലും ഏകാന്തതയിലുമുണ്ട്. ജീവിതത്തിൽ എത്രയോ തവണ തിരക്കുകൾ നമ്മെ കീഴടക്കുന്നു. നമ്മെ തളർത്താനും വഴിതെറ്റിക്കാനും ദുഷ്ടൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു മാർഗമാണ് “തിരക്ക്”. ദൈവത്തിന്റെ സൗമ്യവും വ്യക്തവും ഉന്മേഷദായകവുമായ സ്വരത്തിൽനിന്ന് അത് നമ്മെ അകറ്റിനിർത്തുന്നു. അപ്പോൾ, തനിയെ മാറിനിന്നു വിശ്രമിക്കാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നത് എങ്ങനെയാണ്?
അനാവശ്യമായി നമ്മെ തളർത്തുന്ന ഭാരങ്ങളിൽനിന്നു നാം വിശ്രമിക്കണമെന്ന യേശുവിന്റെ ഹൃദയത്തിലെ ആഗ്രഹമാണ് ഈ ക്ഷണത്തിന്റെ കാതൽ. നമ്മെ ക്ഷീണിപ്പിച്ചേക്കാവുന്ന അനേകം നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മെ വിളിക്കുന്നു എന്നതു സത്യമാണ്. എന്നാൽ ഈ “വിശുദ്ധമായ ക്ഷീണം” ഒരു മോശം കാര്യമല്ല. വാസ്തവത്തിൽ, ദൈവഹിതം നിറവേറ്റുന്നതിലൂടെ “ക്ഷീണിക്കുന്നത്” നമ്മുടെ വിശ്വാസത്തെ കൂടുതൽ ആഴമുള്ളതാക്കുകയും നമ്മെ ആനന്ദത്താൽ നിറയ്ക്കുകയും ചെയ്യുന്നു. ആ ആനന്ദം നമ്മുടെ ഭാരം ലഘൂകരിക്കുന്നു.
നാം “മാറിനിൽക്കുകയും” “വിശ്രമിക്കുകയും” ചെയ്യേണ്ടതിന്റെ പ്രധാന കാരണം, ദൈവഹിതത്തിന്റെ ഭാഗമല്ലാത്ത പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ട് എന്നതാണ്. അനാവശ്യമായി നാം നമ്മുടെമേൽ ചുമത്തുന്ന ഭാരങ്ങളാണിവ. മറ്റെന്തിനെക്കാളുമുപരി, ഈ ഭാരങ്ങളിൽനിന്നാണ് നമുക്ക് വിശ്രമം വേണ്ടത്.
യേശുവിനോടൊപ്പം തനിയെ മാറിനിൽക്കുന്നത്, വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനും ജീവിതത്തിലെ അനാവശ്യ കാര്യങ്ങൾ നീക്കാനും ഉള്ള ഒരു മാർഗമാണ്. ആനന്ദദായകമായ ദൈവഹിതത്തിൽനിന്നു നമ്മെ അകറ്റുന്ന ഉൾപ്രേരണകളിൽനിന്നും ശീലങ്ങളിൽനിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു വഴിയാണത്. അതിനാൽ ഈ ക്ഷണത്തെക്കുറിച്ചു ചിന്തിക്കുക. പ്രായോഗികമായി അതിനെക്കുറിച്ചു ചിന്തിക്കുക. യേശുവിന്റെ കരങ്ങളിൽ വിശ്രമിക്കാനായി, നിശ്ശബ്ദത തേടിപ്പോകാൻ ഇന്നു പത്തു മിനിറ്റെങ്കിലും നിങ്ങൾക്കു കണ്ടെത്താനാകുമോ?
തന്നോടൊപ്പവും തന്നിലും വിശ്രമിക്കാൻ വരണമെന്ന യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ നിങ്ങൾ എത്രമാത്രം ഒരുക്കമുള്ളവരും സന്നദ്ധരുമാണെന്ന് ഇന്നു വിചിന്തനം ചെയ്യുക. അതു ചെയ്യാൻ സ്വയം സമർപ്പിക്കുക. തനിച്ചായിരിക്കാൻ സമയം കണ്ടെത്തുമെന്ന് ഇന്നു തീരുമാനിക്കുക. ആ ഏകാന്തതയുടെ സമയത്ത് ദൈവത്തിന്റെ ശാന്തവും മൃദുവും നിശ്ശബ്ദവുമായ സ്വരം തേടുക. ദൈവസാന്നിധ്യത്തിന്റെ പ്രശാന്തതയും സമാധാനവും നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനു വ്യക്തതയും ഏകാഗ്രതയും നൽകട്ടെ.
കർത്താവേ, വിശ്രമത്തിന്റെയും സമാധാനത്തിന്റെയും ഒരു സമയത്തിലേക്ക് അങ്ങ് എന്നെ വിളിക്കുന്നതു കേൾക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെ അന്വേഷിക്കാനും അങ്ങയുടെ സൗമ്യമായ ക്ഷണം സ്വീകരിക്കാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ കമില്ലസ് ഡി ലെല്ലിസ്, പുരോഹിതൻ—അമേരിക്കൻ ഐക്യനാടുകളിൽ ഐച്ഛിക അനുസ്മരണം (അമേരിക്കൻ ഐക്യനാടുകൾക്കു പുറത്ത് ജൂലൈ 14-ന് ആഘോഷിക്കുന്നു)
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ അനുസ്മരണമായി ആചരിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




