മലയാളം

നിങ്ങൾ സഞ്ചരിക്കുന്ന പാത

സെപ്റ്റംബർ 11, 2021
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലവും പുറപ്പെടുവിക്കുന്നില്ല. ഓരോ വൃക്ഷവും അതിന്റെ ഫലത്താൽ തിരിച്ചറിയപ്പെടുന്നു. മുൾച്ചെടികളിൽനിന്ന് ആരും അത്തിപ്പഴം പറിക്കുന്നില്ല; മുൾപ്പടർപ്പുകളിൽനിന്ന് മുന്തിരിപ്പഴവും ശേഖരിക്കുന്നില്ല.” ലൂക്കാ 6:43–44

നിങ്ങളുടെ ജീവിതം ഏതു ദിശയിലാണ് നീങ്ങുന്നതെന്നു പരിശോധിക്കാൻ എത്ര നല്ല മാർഗമാണിത്! നാം യഥാർഥത്തിൽ ദൈവഹിതം നിറവേറ്റുന്നുണ്ടോ ഇല്ലയോ എന്ന് ഏറ്റവും നന്നായി വിവേചിച്ചറിയുന്നതെങ്ങനെ എന്നതിന്റെ മർമത്തിലേക്കാണ് ഈ സുവിശേഷഭാഗം നമ്മെ നയിക്കുന്നത്. ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നതാണോ നാം ചെയ്യുന്നതെന്ന് വ്യക്തമായി അറിയാൻ പലപ്പോഴും നമുക്കു ബുദ്ധിമുട്ടുണ്ടാകാം. ജീവിതത്തിൽ പല ദിശകളിലേക്കും നാം ആകർഷിക്കപ്പെടാം; സ്വന്തമായി പല ലക്ഷ്യങ്ങളും നമുക്കു നിശ്ചയിക്കാം. അതുകൊണ്ട് ഇടയ്ക്കിടെ ഒന്നു നിർത്തി, നമ്മുടെ ജീവിതത്തെ സത്യസന്ധമായി വിലയിരുത്തുന്നത് പ്രയോജനകരമാണ്.

നിങ്ങളുടെ ജീവിതത്തിലെ കഴിഞ്ഞ ഒരു വർഷത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എന്താണു കാണുന്നത്? പ്രത്യേകിച്ച്, നല്ല ഫലങ്ങൾ ഉണ്ടാകുന്നതായി കാണുന്നുണ്ടോ? ഇടയ്ക്കിടെ ഇത്തരമൊരു പരിശോധന നടത്തുന്നത് സഹായകരമാണ്. കഴിഞ്ഞ ഒരു വർഷത്തെക്കുറിച്ചു മാത്രമല്ല, വ്യത്യസ്ത കാലയളവുകളെക്കുറിച്ചും ഇത്തരമൊരു പരിശോധന നടത്തുന്നത് പ്രയോജനകരമാണ്. ദൈവമഹത്വത്തിനായി നിങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം ഫലങ്ങൾ പുറപ്പെടുവിച്ച കാലങ്ങളെല്ലാം ഓർത്തുകൊണ്ട്, ജീവിതത്തെ മൊത്തത്തിൽ നോക്കിക്കാണുന്നതിൽനിന്നു തുടങ്ങാം. അവിടെനിന്ന്, ഓരോ പത്തുവർഷക്കാലമായും ഓരോ വർഷമായും, തുടർന്ന് കഴിഞ്ഞ വർഷത്തിലെ ഓരോ മാസമായും നിങ്ങളുടെ ജീവിതത്തെ പരിശോധിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ നിമിഷങ്ങളും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ നിമിഷങ്ങളും കണ്ടെത്താൻ ശ്രമിക്കുക.

നമ്മുടെ ജീവിതത്തെ ഇങ്ങനെ പരിശോധിക്കുമ്പോൾ, എന്താണു അന്വേഷിക്കേണ്ടതെന്നു മനസ്സിലാക്കുന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, ഏതെങ്കിലുമൊരു വിധത്തിൽ എല്ലാം നന്നായി നടന്ന നിമിഷങ്ങളും, വേദനയും വലിയ ബുദ്ധിമുട്ടുകളും നിറഞ്ഞ മറ്റു സമയങ്ങളും ഉണ്ടായിരിക്കാം. ദൈവികമായ കാഴ്ചപ്പാടിൽ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യമിതാണ്: ജീവിതത്തിലെ ഒരു ഘട്ടത്തിൽ എന്തെങ്കിലും “നന്നായി നടന്നു” എന്നതുകൊണ്ടോ, മറ്റൊരു ഘട്ടത്തിൽ എന്തെങ്കിലും “വേദനയും വലിയ ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു” എന്നതുകൊണ്ടോ, ആദ്യത്തേതാണ് ദൈവരാജ്യത്തിനായി ഏറ്റവുമധികം ഫലങ്ങൾ പുറപ്പെടുവിച്ചതെന്നും രണ്ടാമത്തേതാണ് ഏറ്റവും കുറച്ചു ഫലങ്ങൾ പുറപ്പെടുവിച്ചതെന്നും അർഥമില്ല. വാസ്തവത്തിൽ, ആത്മീയമായി നോക്കുമ്പോൾ, ജീവിതത്തിലെ ഭാരമേറിയ കുരിശുകളുടെയും പ്രയാസങ്ങളുടെയും കാലങ്ങൾ പലപ്പോഴും നമുക്ക് ഏറ്റവും ഫലദായകമായിരിക്കാം. യേശുവിന്റെ ജീവിതത്തിലേക്കു നോക്കിയാൽ മതി. തീർച്ചയായും, അവിടുന്ന് ചെയ്തതെല്ലാം സ്വർഗസ്ഥനായ പിതാവിന്റെ മഹത്വത്തിനായി ഫലങ്ങൾ പുറപ്പെടുവിച്ചു. എങ്കിലും, അവിടുത്തെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷത്തെ ഏറ്റവും ഫലദായകമായ നിമിഷമായി നമുക്കു നിസ്സംശയം ചൂണ്ടിക്കാണിക്കാം. അവിടുത്തെ കുരിശുമരണം ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ നന്മയ്ക്കു കാരണമായി.

നമ്മുടെ ജീവിതത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. എല്ലാം എളുപ്പവും ആനന്ദകരവും ഓർമയിൽ സൂക്ഷിക്കത്തക്കതുമൊക്കെയായിരുന്ന നിമിഷങ്ങളിലേക്കു നോക്കുന്നതല്ല നമ്മുടെ ജീവിതത്തിന്റെ ഫലസമൃദ്ധി തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗം. അവയും കൃപ നിറഞ്ഞ നിമിഷങ്ങളായിരിക്കാമെങ്കിലും, ആത്മീയമായ ഫലസമൃദ്ധിയെ ദൈവികമായ കാഴ്ചപ്പാടിൽനിന്നു നോക്കിക്കാണണം. എളുപ്പമുള്ളതോ പ്രയാസമേറിയതോ ആയിക്കൊള്ളട്ടെ, ദൈവത്തിന്റെ സാന്നിധ്യം വ്യക്തമായി അനുഭവപ്പെട്ടതും അവിടുത്തേക്ക് ഏറ്റവുമധികം മഹത്വം നൽകുന്ന തീരുമാനങ്ങൾ നാം എടുത്തതുമായ നിമിഷങ്ങളാണ് നമ്മുടെ ജീവിതത്തിൽ നാം കണ്ടെത്തേണ്ടത്.

ആത്മീയഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വൃക്ഷംപോലെയാണ് നിങ്ങളുടെ ജീവിതമെന്നു ഇന്ന് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഏതൊക്കെ കാലങ്ങളാണ്, നിങ്ങൾ എടുത്ത ഏതൊക്കെ തീരുമാനങ്ങളാണ്, നിങ്ങൾ ഏർപ്പെട്ടിരുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം സുകൃതങ്ങൾ വളർത്തിയത്? നിങ്ങളുടെ പ്രാർഥനാജീവിതം ഏറ്റവും ആഴമുള്ളതായിരുന്നത് എപ്പോഴാണ്? നിങ്ങളുടെ ഉപവി ഏറ്റവും ശക്തമായിരുന്നത് എപ്പോഴാണ്? നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ഏറ്റവും വ്യക്തമായി പ്രകടമായത് എപ്പോഴാണ്? ആ നിമിഷങ്ങളിലേക്കു തിരികെ ചെല്ലുക, അവയുടെ മാധുര്യം ആസ്വദിക്കുക, അവയിൽനിന്നു പഠിക്കുക. നമ്മുടെ കർത്താവ് നിങ്ങൾക്കായി ആഗ്രഹിക്കുന്ന മഹത്വപൂർണമായ ഭാവി പടുത്തുയർത്താനുള്ള ഏറ്റവും നല്ല അടിസ്ഥാനശിലകളായി അവയെ ഉപയോഗിക്കുക.

മഹത്വപൂർണനായ എന്റെ കർത്താവേ, അങ്ങയുടെ ജീവിതം അനന്തമൂല്യമുള്ള ഫലങ്ങൾ പുറപ്പെടുവിച്ചു. സ്വർഗസ്ഥനായ പിതാവിന്റെ ഹിതം നിറവേറ്റാൻ അങ്ങ് നിരന്തരം തിരഞ്ഞെടുത്തു; അങ്ങനെ അങ്ങ് എല്ലാ സുകൃതങ്ങളും പൂർണതയിൽ ജീവിച്ചു. ഞാൻ സഞ്ചരിക്കുന്ന ദിശ പരിശോധിക്കുന്നതിനായി ജീവിതത്തിൽ പതിവായി ഒന്നു നിൽക്കാൻ എന്നെ സഹായിക്കണമേ. എന്റെ തെറ്റുകളിൽനിന്നു പഠിക്കാനും അങ്ങയുടെ രാജ്യത്തിനായി ഏറ്റവുമധികം ഫലങ്ങൾ പുറപ്പെടുവിച്ച നിമിഷങ്ങളിൽ സന്തോഷിക്കാനും എനിക്കിടയാകട്ടെ. കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ മഹത്വത്തിനായി ഏറ്റവുമധികം ഫലങ്ങൾ പുറപ്പെടുവിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: മലമുകളിലെ പ്രസംഗം — രചന: യാൻ ബ്രൂഗെൽ ദി എൽഡർ, വിക്കിമീഡിയ കോമൺസ് വഴി