സെപ്റ്റംബർ 13, 2021
ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം, മെത്രാനും വേദപാരംഗതനും—ഓർമ്മ

“കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. അതുകൊണ്ട് അങ്ങയുടെ അടുക്കൽ വരാൻപോലും ഞാൻ എന്നെത്തന്നെ യോഗ്യനായി കരുതിയില്ല; എന്നാൽ ഒരു വാക്ക് അരുളിച്ചെയ്താൽ മതി, എന്റെ ദാസൻ സുഖം പ്രാപിക്കട്ടെ.” ലൂക്കാ 7:6–7
ഒരു റോമൻ ശതാധിപന്റേതായ ഈ എളിമയുള്ള വാക്കുകൾ യഥാർഥത്തിൽ അദ്ദേഹം നേരിട്ട് യേശുവിനോടു പറഞ്ഞതല്ല എന്നത് ശ്രദ്ധേയമാണ്. യേശുവിന്റെ അടുക്കൽ സ്വയം പോകാൻപോലും താൻ യോഗ്യനാണെന്ന് ആ ശതാധിപൻ വിശ്വസിച്ചിരുന്നില്ല എന്നതാണ് അതിനു കാരണം. അതിനാൽ, തനിക്കുവേണ്ടി യേശുവിനോട് ഈ വാക്കുകൾ പറയാൻ അദ്ദേഹം തന്റെ സുഹൃത്തുക്കളിൽ ചിലരെ അയച്ചു. യഥാർഥത്തിൽ, ഈ ശതാധിപന്റെ സുഹൃത്തുക്കൾ യേശുവിന്റെ മുമ്പാകെ മാധ്യസ്ഥരായി പ്രവർത്തിക്കുകയായിരുന്നു. ശതാധിപന്റെ വിശ്വാസത്തിൽ വിസ്മയം പ്രകടിപ്പിച്ചുകൊണ്ടാണ് യേശു പ്രതികരിച്ചത്. തന്നോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടത്തോട് യേശു പറഞ്ഞു: “ഞാൻ നിങ്ങളോടു പറയുന്നു, ഇസ്രായേലിൽപ്പോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല.” ആ നിമിഷം, ദൂരെയായിരുന്ന ആ ദാസനെ യേശു സുഖപ്പെടുത്തി.
മറ്റൊരാളോട് പ്രധാനപ്പെട്ട ഒരു കാര്യം അഭ്യർഥിക്കാനുണ്ടെങ്കിൽ മിക്കപ്പോഴും നാം അതു നേരിട്ടാണ് ചെയ്യുന്നത്. നാം ആ വ്യക്തിയുടെ അടുക്കൽ ചെന്ന് മുഖാമുഖം സംസാരിക്കുന്നു. പ്രാർത്ഥനയിൽ നമ്മുടെ കർത്താവിന്റെ അടുക്കൽ മുഖാമുഖം, വ്യക്തിപരമായി നമുക്ക് തീർച്ചയായും ചെല്ലാൻ കഴിയുമെങ്കിലും, മറ്റൊരാളുടെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ ആവശ്യങ്ങൾ കർത്താവിന്റെ മുമ്പാകെ സമർപ്പിക്കുന്നതിൽ ആഴമായ എളിമയുണ്ട്. വിശേഷിച്ച്, വിശുദ്ധരുടെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നതിൽ ആഴമായ എളിമയുണ്ട്.
നമ്മുടെ കർത്താവിന്റെ മുമ്പാകെ വിശുദ്ധരുടെ മാധ്യസ്ഥ്യം തേടുന്നത് നമുക്ക് കർത്താവിനെ ഭയമായതുകൊണ്ടോ, നാം നേരിട്ട് അവിടുത്തെ അടുക്കൽ ചെല്ലുന്നത് അവിടുത്തേക്ക് അപ്രീതികരമാകുമെന്നതുകൊണ്ടോ അല്ല. ഏറ്റവും ഉത്തമമായി, അങ്ങേയറ്റത്തെ എളിമയുടെ ഒരു പ്രവൃത്തിയായാണ് അതു ചെയ്യേണ്ടത്. സ്വർഗത്തിൽ ദൈവത്തിന്റെ തിരുമുഖം ദർശിക്കുന്നവരെ നമ്മുടെ പ്രാർത്ഥന ഏൽപ്പിക്കുമ്പോൾ, നാം നമ്മുടെ പ്രാർത്ഥന ദൈവത്തെത്തന്നെയാണ് ഏൽപ്പിക്കുന്നത്. എന്നാൽ വിശുദ്ധരുടെ മാധ്യസ്ഥ്യത്തിൽ ആശ്രയിക്കുന്നത്, സ്വന്തം യോഗ്യതകളാൽ കർത്താവിന്റെ മുമ്പാകെ നിൽക്കാനും നമ്മുടെ അപേക്ഷ അവിടുത്തെ സമർപ്പിക്കാനും നാം യോഗ്യരല്ല എന്ന് അംഗീകരിക്കാനുള്ള ഒരു മാർഗം കൂടിയാണ്. ഈ എളിമ മനസ്സിലാക്കാൻ ചിലപ്പോഴൊക്കെ പ്രയാസമുണ്ടാകാം; എങ്കിലും അതിനായി ശ്രമിക്കേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്? അതു മനസ്സിലേക്കു കൊണ്ടുവരുമ്പോൾ, ദൈവത്തിന്റെ മുമ്പാകെ നിങ്ങളുടെ സുഹൃത്തും മാധ്യസ്ഥനുമായിരിക്കാൻ ഒരു വിശുദ്ധനെ തിരഞ്ഞെടുക്കുക. എളിമയോടെ ആ വിശുദ്ധന്റെ അടുക്കലേക്കു തിരിഞ്ഞ്, സ്വയം നമ്മുടെ കർത്താവിന്റെ അടുക്കൽ ചെല്ലാൻ നിങ്ങൾ യോഗ്യരല്ല എന്ന് ഏറ്റുപറഞ്ഞുകൊണ്ട്, ആ വിശുദ്ധനോടു പ്രാർത്ഥിക്കുക. തുടർന്ന് നിങ്ങളുടെ അപേക്ഷ ആ വിശുദ്ധനെ ഏൽപ്പിക്കുകയും നിങ്ങൾക്കുവേണ്ടി ആ പ്രാർത്ഥന കർത്താവിന്റെ മുമ്പാകെ സമർപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുക. ഒരു വിശുദ്ധന്റെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ കർത്താവിനോടു പ്രാർത്ഥിക്കുന്നത്, നിങ്ങളോടുള്ള യേശുവിന്റെ പ്രതികരണം അവിടുത്തെ ഭാഗത്തുനിന്നുള്ള തികഞ്ഞ കരുണയാണെന്ന് നിങ്ങൾക്കറിയാം എന്നു പറയാനുള്ള ഒരു മാർഗം കൂടിയാണ്. അവിടുത്തെ മുമ്പാകെ നാം നമ്മെത്തന്നെ താഴ്ത്തുമ്പോൾ, വിശേഷിച്ച് വിശുദ്ധരുടെ മാധ്യസ്ഥ്യത്തിലൂടെ നാം അവിടുത്തെ അടുക്കൽ ചെല്ലുമ്പോൾ, തന്റെ കരുണ ചൊരിയാൻ യേശു അതിയായി ആഗ്രഹിക്കുന്നു എന്നതാണ് സദ്വാർത്ത.
ഏറെ ആദരിക്കപ്പെട്ടിരുന്ന ഈ റോമൻ ശതാധിപന്റെ എളിമയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. തനിക്കുവേണ്ടി തന്റെ സുഹൃത്തുക്കളെ യേശുവിന്റെ അടുക്കലേക്ക് അയച്ച അദ്ദേഹത്തിന്റെ എളിമയുള്ള സമീപനത്തിന്റെ ശക്തി മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ, സ്വർഗത്തിലെ ഒരു വിശുദ്ധനെ തിരഞ്ഞെടുത്ത് നിങ്ങൾക്കുവേണ്ടി നമ്മുടെ കർത്താവിന്റെ അടുക്കൽ ചെല്ലാനും, ഈ ശതാധിപനുണ്ടായിരുന്ന അതേ എളിമയും വിശ്വാസവും നിങ്ങൾക്കും നൽകണമെന്ന് അപേക്ഷിക്കാനും ആ വിശുദ്ധനോട് അഭ്യർഥിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ വിശ്വാസവും എളിമയും കണ്ട് നമ്മുടെ കർത്താവും വിസ്മയിക്കും.
ദൈവത്തിന്റെ വിശുദ്ധരേ, എളിമയിലും വിശ്വാസത്തിലും ഞാൻ കൂടുതൽ വളരണമെന്ന എന്റെ വിനീതമായ അപേക്ഷ യേശുവിനു സമർപ്പിക്കണമേ. എന്റെ പ്രിയ കർത്താവേ, ഇതും എന്റെ എല്ലാ പ്രാർത്ഥനകളും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, അങ്ങയുടെ ദൈവകരുണയ്ക്ക് ഞാൻ യോഗ്യനല്ലെന്ന് ഏറ്റുപറയുന്നു. എങ്കിലും സ്വർഗത്തിലെ വിശുദ്ധരുടെ മാധ്യസ്ഥ്യത്തിലൂടെ അങ്ങയുടെ കരുണ എന്റെമേൽ ചൊരിയണമെന്നാണ് അങ്ങയുടെ തിരുഹിതമെങ്കിൽ, അവരിലൂടെ ഈ അപേക്ഷ ഞാൻ എളിമയോടെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. മാതാവായ മറിയമേ, എന്റെ എല്ലാ പ്രാർത്ഥനകളും അമ്മയുടെ വിശുദ്ധ മാധ്യസ്ഥ്യത്തിന് ഞാൻ വിശേഷമായി ഏൽപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ യോഹന്നാൻ ക്രിസോസ്തോം, മെത്രാനും വേദപാരംഗതനും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




