മലയാളം

പിശാചുക്കളുടെമേലുള്ള അധികാരം

സെപ്റ്റംബർ 22, 2021
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു പന്ത്രണ്ടുപേരെയും വിളിച്ചുകൂട്ടി, എല്ലാ പിശാചുക്കളുടെമേലും അധികാരവും ശക്തിയും രോഗങ്ങൾ സുഖപ്പെടുത്താനുള്ള കഴിവും അവർക്കു നൽകി. ദൈവരാജ്യം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും അവൻ അവരെ അയച്ചു. ലൂക്കാ 9:1–2

യേശു തന്റെ അപ്പസ്തോലന്മാരെ ഒരു ദൗത്യത്തിനായി അയയ്ക്കുന്നത് ഇതാദ്യമായാണ്. ഈ ദൗത്യത്തിലൂടെ, അവരുടെ പരമമായ ദൗത്യത്തിനായി അവൻ അവരെ ഒരുക്കുകയാണ്. യേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ്, സ്വർഗാരോഹണം ചെയ്തതിനുശേഷം പന്തക്കുസ്താദിനത്തിലാണ് ആ ദൗത്യം അവരെ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ, മൂന്നു കാര്യങ്ങൾ ചെയ്യാനാണ് യേശു ഈ അപ്പസ്തോലന്മാരെ നിയോഗിക്കുന്നത്: പിശാചുക്കളെ പുറത്താക്കുക, രോഗികളെ സുഖപ്പെടുത്തുക, ദൈവരാജ്യം പ്രഘോഷിക്കുക.

അപ്പസ്തോലന്മാരെപ്പോലെതന്നെ, പിശാചിനോടും അവന്റെ ദുഷ്ടാത്മാക്കളോടും പോരാടാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികമായ ശക്തികൾ ഇപ്പോഴും നിലനിർത്തുന്ന പതിതദൂതന്മാരാണ് അവർ. ആ സ്വാഭാവിക ശക്തികൾ ഉപയോഗിച്ച് നമ്മെ വഞ്ചിക്കാനും പീഡിപ്പിക്കാനും ചില സന്ദർഭങ്ങളിൽ നമ്മെ ആവേശിക്കാൻപോലും അവർ ശ്രമിക്കുന്നു. എന്നാൽ ദൈവത്തിന്റെ മുമ്പിൽ പിശാചുക്കൾ ശക്തിഹീനരാണ്; അവരുടെമേൽ ദൈവം നമുക്ക് ആത്മീയമായ അധികാരം നൽകുന്നു. സഭയിൽ ഭൂതോച്ചാടനമെന്ന സവിശേഷ ശുശ്രൂഷ ചിലർക്കു നൽകപ്പെട്ടിട്ടുണ്ടെങ്കിലും, പിശാചുക്കളുടെമേൽ, വിശേഷിച്ച് പ്രലോഭനങ്ങളിലൂടെ അവർ സ്വാഭാവികമായി നടത്തുന്ന ആത്മീയ ആക്രമണങ്ങളുടെമേൽ, നമുക്കെല്ലാവർക്കും ആത്മീയമായ അധികാരമുണ്ട്.

പിശാചുക്കളുടെ നുണകൾ വെളിപ്പെടുത്തുകയും അവയെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തുകൊണ്ടാണ് പ്രധാനമായും നാം അവരോടു പോരാടുന്നത്. ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് തന്റെ പ്രസിദ്ധമായ ആത്മീയഗ്രന്ഥമായ ആത്മീയ അഭ്യാസങ്ങളിൽ, ഈ പിശാചുക്കൾ സാധാരണയായി പ്രയോഗിക്കുന്ന ചില തന്ത്രങ്ങളും അവയെ നാം എങ്ങനെ അതിജീവിക്കണമെന്നും വിശദീകരിക്കുന്നു. ഗൗരവമായ പാപത്തിൽ മുഴുകി ജീവിക്കുന്നവർ തുടർന്നും പാപം തിരഞ്ഞെടുക്കാൻവേണ്ടി, അവരുടെ പാപങ്ങൾ ആനന്ദകരവും നേട്ടങ്ങൾ നൽകുന്നവയുമാണെന്ന നുണ പിശാചുക്കൾ നിരന്തരം അവരുടെ മനസ്സിൽ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. വിശുദ്ധിക്കായി പരിശ്രമിക്കുന്നവരെയാകട്ടെ, കൂടുതൽ ആഴമേറുന്ന മാനസാന്തരത്തിന്റെ വഴിയിൽ നിരുത്സാഹപ്പെടുത്താൻ ഈ പിശാചുക്കൾ ശ്രമിക്കുന്നു. അവർ “കുത്തിനോവിക്കുകയും ദുഃഖിപ്പിക്കുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു; മുന്നോട്ടു പോകാതിരിക്കാനായി വ്യാജകാരണങ്ങളാൽ അസ്വസ്ഥരാക്കുന്നു” (നിയമം 2). സത്യത്തിലേക്കു തിരിയുക എന്നതാണ് ഈ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മാർഗം. ഒന്നാമതായി, പാപത്തിന്റെ വ്യാജമായ “സുഖങ്ങൾ” യഥാർഥത്തിൽ വ്യാജവും ക്ഷണികവും ഒടുവിൽ നമ്മെ തരംതാഴ്ത്തുന്നവയുമാണെന്ന് തിരിച്ചറിയുക. കൂടാതെ, ദൈവത്തിൽനിന്ന് “ധൈര്യവും ശക്തിയും, ആശ്വാസങ്ങളും, കണ്ണുനീരും, പ്രചോദനങ്ങളും, ശാന്തതയും, ആശ്വാസമേകുന്നതും എല്ലാ തടസ്സങ്ങളും നീക്കുന്നതുമായ സഹായവും” സ്വീകരിച്ചുകൊണ്ട് നാം ഈ പ്രലോഭനങ്ങളെ അതിജീവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മെ ശക്തിപ്പെടുത്താനും നമ്മുടെ ചിന്തകൾ വ്യക്തമാക്കാനും വിശുദ്ധിയിലേക്കുള്ള വഴിയിലെ എല്ലാ വ്യാജതടസ്സങ്ങളും നീക്കാനും ദൈവത്തെ അനുവദിച്ചുകൊണ്ടും, ഈ യാത്രയിൽ സഹായമായി ദൈവം നൽകുന്ന സമൃദ്ധമായ ആശ്വാസങ്ങൾ സ്വീകരിച്ചുകൊണ്ടും നാം പിശാചുക്കളെ അതിജീവിക്കുന്നു.

ഈ മൂന്നു വിധത്തിലും നിങ്ങളെ ശുശ്രൂഷിക്കാൻ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഈ പിശാചുക്കൾ നിങ്ങളുടെ വഴിയിൽ സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിക്കാൻ നിങ്ങൾക്കു പരിശ്രമിക്കാനായാൽ, അപ്പസ്തോലന്മാർക്കു നൽകപ്പെട്ട മറ്റു രണ്ടു ദൗത്യങ്ങളിലും പങ്കുചേരാൻ അനുയോജ്യമായ നിലയിൽ നിങ്ങൾ എത്തും. നിങ്ങളുടെ ജീവിതത്തിൽ മാനസികവും വൈകാരികവും ആത്മീയവുമായ സൗഖ്യം അനുഭവിക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ ആത്മാവിൽത്തന്നെ ദൈവരാജ്യം ശക്തിയോടും പ്രബലതയോടുംകൂടെ വളരാൻ അനുവദിക്കാനും നിങ്ങൾക്കു കഴിയും. തുടർന്ന്, ഈ കൃപകൾ ആവശ്യമുള്ള മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ദൗത്യവുമായി നമ്മുടെ കർത്താവ് നിങ്ങളെ അയയ്ക്കും.

സർവശക്തനായ എന്റെ കർത്താവേ, തിന്മയുടെമേൽ അങ്ങേക്ക് അധികാരമുണ്ട്; സൗഖ്യം നൽകാനും നിത്യരക്ഷയുടെ എല്ലാ ദാനങ്ങളും നൽകാനും അങ്ങേക്കു ശക്തിയുണ്ട്. അങ്ങ് എന്റെ അടുക്കലേക്കു വരാൻ ആഗ്രഹിക്കുന്ന വഴികളെ സ്വീകരിക്കാൻ തുറന്ന മനസ്സുള്ളവനാകാൻ എന്നെ സഹായിക്കണമേ. ദുഷ്ടന്റെ ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കുകയും എനിക്കു സൗഖ്യവും പ്രത്യാശയും നൽകുകയും എന്റെ ജീവിതത്തിൽ അങ്ങയുടെ മഹത്വപൂർണമായ രാജ്യത്തിന്റെ സമൃദ്ധി ഉളവാക്കുകയും ചെയ്യണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ചെറുപുഷ്പമായ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന
സെപ്റ്റംബർ 22-30

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ഇംഗ്ലണ്ടിലെ ലെസ്റ്ററിലുള്ള ബെൽഗ്രേവ് ഹാളിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ ചിത്രങ്ങളുടെ ഫിലിപ്പ് മെഡ്ഹർസ്റ്റ് ശേഖരത്തിൽനിന്നുള്ള, യാൻ ലുയ്‌കെൻ നിർമിച്ച ഒരു കൊത്തുചിത്രം. ഫോട്ടോ: ഫിലിപ്പ് ഡി വീർ, വിക്കിമീഡിയ കോമൺസ്