2021 സെപ്റ്റംബർ 29, ബുധനാഴ്ച
പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേലിന്റെയും ഗബ്രിയേലിന്റെയും റഫായേലിന്റെയും തിരുനാൾ

“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗം തുറക്കപ്പെടുന്നതും ദൈവത്തിന്റെ ദൂതന്മാർ മനുഷ്യപുത്രന്റെ മേൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.” യോഹന്നാൻ 1:51
സ്വർഗത്തിൽ നാം എല്ലാറ്റിനെയും ദൈവം കാണുന്നതുപോലെ കാണും. എല്ലാം പൂർണമായി കാണുന്ന ആ കാഴ്ചപ്പാട് വാക്കുകൾക്കതീതമായ മഹിമയുള്ളതായിരിക്കും. സ്വർഗത്തിന്റെ കാഴ്ചപ്പാടിൽ നമ്മെ വിസ്മയിപ്പിക്കുന്ന അനേകം കാര്യങ്ങളിൽ ഒന്നാണ്, ദൈവരാജ്യം സ്ഥാപിതമാകുന്നതിൽ സ്വർഗീയദൂതന്മാർ അവിശ്വസനീയമാംവിധം ശക്തമായി പങ്കുചേരുന്നത്. മനോഹരമായ ഒരു സംഗീതശില്പം രൂപപ്പെടുത്താൻ വാദ്യവൃന്ദത്തിലെ ഓരോ അംഗവും ഒരുമിച്ചു പ്രവർത്തിക്കുന്നതുപോലെ, സ്രാപ്പേന്മാർ, ക്രോവേന്മാർ, സിംഹാസനങ്ങൾ, ആധിപത്യങ്ങൾ, ശക്തികൾ, അധികാരങ്ങൾ, പ്രധാനികൾ, പ്രധാനദൂതന്മാർ, കാവൽമാലാഖമാർ എന്നിവരെല്ലാം ദൈവകൃപയോടു സഹകരിക്കുന്നു. ദൈവമാണ് ആ വാദ്യവൃന്ദത്തെ നയിക്കുന്നത്. എന്നാൽ, ഈ സ്വർഗീയദൂതന്മാർ അവിടുത്തെ ദിവ്യകൃപയുടെ സജീവ ഉപകരണങ്ങളായി പ്രവർത്തിച്ചുകൊണ്ട് ദൈവഹിതത്തിന്റെ മഹത്തായ പൂർത്തീകരണത്തിൽ പങ്കുചേരുന്നു.
വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന മഹാന്മാരായ പ്രധാനദൂതന്മാരിൽ മൂന്നുപേരെയാണ് ഇന്നത്തെ തിരുനാളിൽ ആദരിക്കുന്നത്: മിഖായേൽ, ഗബ്രിയേൽ, റഫായേൽ. പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകത്തിൽ പ്രധാനദൂതനായ മിഖായേലിനെ ഒരു സംരക്ഷകനായും, വെളിപാടിന്റെയും യൂദാസിന്റെയും പുസ്തകങ്ങളിൽ സാത്താനോടു പോരാടുന്നവനായും വിവരിക്കുന്നു. വെളിപാടിന്റെ പുസ്തകത്തിൽ മിഖായേൽ സാത്താനെയും പതിച്ച മറ്റു ദൂതന്മാരെയും സ്വർഗത്തിൽനിന്നു പുറത്താക്കുന്നു. ദാനിയേലിന്റെ ദർശനം വ്യാഖ്യാനിക്കുന്നവനായി പ്രധാനദൂതനായ ഗബ്രിയേലിനെയും ദാനിയേലിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പുതിയനിയമത്തിൽ, പ്രധാനപുരോഹിതനായ സഖറിയാ ദേവാലയത്തിൽ ബലിയർപ്പിക്കുമ്പോൾ അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുന്ന ദൂതനായി ഗബ്രിയേൽ അറിയപ്പെടുന്നു. ആ പ്രത്യക്ഷീകരണത്തിൽ, സഖറിയായുടെ ഭാര്യ പ്രായമേറിയവളാണെങ്കിലും അവൾക്ക് ഒരു കുഞ്ഞു ജനിക്കുമെന്ന് ഗബ്രിയേൽ അദ്ദേഹത്തിനു വെളിപ്പെടുത്തി. ലോകത്തിന്റെ രക്ഷകന്റെ അമ്മയാകുമെന്ന് പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കാൻ അയയ്ക്കപ്പെട്ട ദൂതൻ എന്ന നിലയിലായിരിക്കാം ഗബ്രിയേൽ ഏറ്റവുമധികം അറിയപ്പെടുന്നത്. അവസാനമായി, പഴയനിയമത്തിലെ തോബിത്തിന്റെ പുസ്തകത്തിൽ പ്രധാനദൂതനായ റഫായേലിനെ പരാമർശിക്കുന്നു; തോബിത്തിന്റെ കണ്ണുകൾക്കു സൗഖ്യം നൽകാൻ അയയ്ക്കപ്പെട്ടവനാണ് അദ്ദേഹം എന്നു പറയുന്നു.
ഈ മൂന്നു പ്രധാനദൂതന്മാരെ നാം ആദരിക്കുമ്പോൾ, ദൈവത്തിന്റെ കൃപയും അവിടുത്തെ ഹിതവും നമ്മുടെ ലോകത്തിൽ സാക്ഷാത്കരിച്ചുകൊണ്ട് അവിടുത്തോടു സഹകരിക്കുന്ന അസംഖ്യം ദൂതന്മാരിൽ മൂന്നുപേരാണ് ഇവരെന്ന് നമുക്ക് ഉറപ്പിക്കാം. ആ ആഴമേറിയ സത്യം മനസ്സിൽ കാണാൻ ശ്രമിക്കുക. ചില ദൂതന്മാർ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പിൽ അവിടുത്തെ നിരന്തരം ആരാധിക്കുന്നതിനായി തങ്ങളുടെ അസ്തിത്വം സമർപ്പിച്ചുകൊണ്ട് ദൈവരാജ്യം പടുത്തുയർത്തുന്നു. ഇവരിൽ ഏറ്റവും ഉന്നതർ സ്രാപ്പേന്മാരാണ്. മറ്റു ദൂതന്മാർ ദൈവഹിതമനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഇടപെടുകയും ദൈവകൃപയും സത്യവും നമ്മിലേക്ക് എത്തിക്കുകയും ചെയ്തുകൊണ്ട് ദൈവരാജ്യം പടുത്തുയർത്തുന്നു. ഇവർ പ്രത്യേകിച്ചും കാവൽമാലാഖമാരാണ്. ദൈവത്തിൽനിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളും കൃപകളും നമ്മിലേക്ക് എത്തിക്കുക എന്ന പ്രത്യേക ദൗത്യം പ്രധാനദൂതന്മാർക്കുണ്ട്; അവരിൽ മൂന്നുപേരെയാണ് നാം ഇന്ന് ആദരിക്കുന്നത്.
സ്വർഗീയദൂതഗണങ്ങളുടെ മുഴുവൻ മഹിമയാർന്ന യാഥാർഥ്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നമുക്കു പേരറിയാവുന്ന മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നീ മൂന്നു സ്വർഗീയദൂതന്മാരുടെയും, അതോടൊപ്പം നമ്മുടെ കാവൽമാലാഖമാരുടെയും മറ്റെല്ലാ സ്വർഗീയദൂതന്മാരുടെയും മാധ്യസ്ഥ്യം പ്രത്യേകം അപേക്ഷിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ, നാം നമ്മെത്തന്നെ അവരുടെ സ്നേഹപൂർവമായ പരിപാലനത്തിന് ഏൽപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; തന്റെ രാജ്യം സ്ഥാപിക്കാൻ ഈ സ്വർഗീയദൂതന്മാരെ ഉപയോഗിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു എന്ന നമ്മുടെ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നു. സ്വന്തം ശക്തിയാൽ പ്രവർത്തിക്കാൻ ദൂതന്മാർക്ക് കഴിവില്ല. എന്നാൽ, ദൈവഹിതത്തോട് പൂർണമായ ഐക്യത്തിൽ മാത്രമാണ് അവർ പ്രവർത്തിക്കുന്നത് എന്നതിനാൽ, അവരുടെ മാധ്യസ്ഥ്യം ദൈവകൃപപോലെതന്നെ ശക്തമാണ്; കാരണം അവരിലൂടെ പ്രവർത്തിക്കുന്നത് ദൈവമാണ്. ഇന്ന് അവരെ അംഗീകരിക്കുക, അവരുടെ മാധ്യസ്ഥ്യം അപേക്ഷിക്കുക, ദൈവരാജ്യം പടുത്തുയർത്താൻ അവർ ചെയ്യുന്ന മഹിമയാർന്ന പ്രവൃത്തിയിലുള്ള നിങ്ങളുടെ വിശ്വാസം ഏറ്റുപറയുക.
അത്യന്തം മഹിമയുള്ള പ്രധാനദൂതന്മാരായ മിഖായേലേ, ഗബ്രിയേലേ, റഫായേലേ, ദയവായി എന്റെ സഹായത്തിനെത്തണമേ. എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ സഭയെയും ലോകം മുഴുവനെയും നിങ്ങളുടെ സ്നേഹപൂർവമായ മാധ്യസ്ഥ്യത്തിന് ഞാൻ ഏൽപ്പിക്കുന്നു. ദൈവകൃപ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിക്കുകയും ദൈവവചനവും അവിടുത്തെ പരിശുദ്ധ ഹിതവും ഞങ്ങളെ അറിയിക്കുകയും ചെയ്യണമേ. എല്ലാ ഉപദ്രവങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുകയും സൗഖ്യം ആവശ്യമുള്ളവർക്ക് അതു നൽകുകയും ചെയ്യണമേ. ദൈവത്തിന്റെ ദൂതന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
ചെറുപുഷ്പമായ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന
സെപ്റ്റംബർ 22-30
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ തിരുനാൾ– പ്രധാനദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: ഏഴു വിശുദ്ധ പ്രധാനദൂതന്മാരുടെ സഭ. റഷ്യൻ ഐക്കൺ, വിക്കിമീഡിയ കോമൺസ് വഴി



