2021 ഒക്ടോബർ 2, ശനിയാഴ്ച
വിശുദ്ധ കാവൽമാലാഖമാരുടെ അനുസ്മരണം

“ഈ ചെറിയവരിൽ ഒരുവനെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ. എന്തെന്നാൽ, സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുന്നു.” മത്തായി 18:10
മാലാഖമാർ യാഥാർഥ്യമായി ഉണ്ടെന്നത് മിക്കവരിലും, പ്രത്യേകിച്ച് കുട്ടികളിൽ, കൗതുകമുണർത്തുന്നു. മതചിത്രകലയിൽ കാവൽമാലാഖമാരെ പലപ്പോഴും കുട്ടികളുടെ കൈപിടിച്ചു നടക്കുന്നവരായിട്ടാണ് ചിത്രീകരിക്കുന്നത്. ഇത് സത്യമാണെങ്കിലും, ജീവിതത്തിലുടനീളം നമ്മിൽ ഓരോരുത്തരുടെയും കൈപിടിച്ചും അവർ നടക്കുന്നു. ദൈവം അവരെ ഏല്പിച്ചിരിക്കുന്ന വിശുദ്ധമായ കടമയാണിത്. വിശുദ്ധ ബസേലിയോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കാവൽമാലാഖമാരുടെ അസ്തിത്വത്തെ ഇങ്ങനെ വിശദീകരിക്കുന്നു: “മനുഷ്യജീവിതം അതിന്റെ ആരംഭം മുതൽ മരണംവരെ അവരുടെ ജാഗ്രതാപൂർവമായ കരുതലാലും മാധ്യസ്ഥ്യത്താലും വലയം ചെയ്യപ്പെട്ടിരിക്കുന്നു. ‘ഓരോ വിശ്വാസിയുടെയും അരികിൽ, അവനെ ജീവനിലേക്കു നയിക്കുന്ന സംരക്ഷകനും ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നു’” (#336).
ലൗകികമായ അർഥത്തിൽ, ജീവിതത്തിലുടനീളം രാവും പകലും നിങ്ങളെ നോക്കിക്കാക്കാൻ ഒരു സ്വകാര്യ അംഗരക്ഷകൻ ഉണ്ടെന്ന് സങ്കല്പിക്കുക. ഒരുപക്ഷേ, ഇത് രണ്ടു വ്യത്യസ്ത വികാരങ്ങൾ ഉണർത്തിയേക്കാം. ഒന്നാമതായി, ചുറ്റും ആസന്നമായ അപകടമുള്ളപ്പോൾ അത് തീർച്ചയായും നിങ്ങൾക്ക് ആശ്വാസം നൽകും. നിങ്ങൾ ഒറ്റയ്ക്കല്ലെന്നും ശാരീരികമായ ഉപദ്രവങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടുമെന്നും നിങ്ങൾക്കറിയാം. ഇതു ഉണർത്തിയേക്കാവുന്ന മറ്റൊരു വികാരം വ്യക്തിപരമായ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ്. രാവും പകലും ആരെങ്കിലും നിങ്ങളെ കാത്തുപരിപാലിക്കുന്നുണ്ടെങ്കിൽ, അവരുടെ ജാഗ്രതയുള്ള കണ്ണുകൾ നിങ്ങളിലുണ്ടെന്ന് നിങ്ങൾ എപ്പോഴും ഓർക്കും. നിങ്ങൾ പറയുന്നതും ചെയ്യുന്നതുമെല്ലാം ശ്രദ്ധിക്കപ്പെടും. ചിലർക്ക് ഇത് എല്ലായ്പ്പോഴും സ്വീകാര്യമായിരിക്കണമെന്നില്ല. എന്തുകൊണ്ട്? കാരണം, നിങ്ങളുടെ പാപം ഉൾപ്പെടെ നിങ്ങൾ ചെയ്യുന്നതെല്ലാം അവർ കാണുന്നു എന്നാണ് ഇതിനർഥം. വിധിക്കപ്പെടുമെന്ന ഭയം, വ്യക്തിപരമായ സ്വകാര്യത നഷ്ടപ്പെടൽ തുടങ്ങിയവ അംഗീകരിക്കാൻ പ്രയാസമായിരിക്കാം.
എന്നാൽ ഇപ്പോൾ ഈ “അംഗരക്ഷകൻ” നിങ്ങളെ വിധിക്കാത്തവനും, നിങ്ങളോടുള്ള പൂർണമായ സ്നേഹത്തോടെ പ്രവർത്തിക്കുന്നവനും, രഹസ്യങ്ങൾ തികവോടെ സൂക്ഷിക്കുന്നവനും, നിങ്ങളുടെ നന്മയെക്കുറിച്ചു മാത്രം കരുതുന്നവനുമാണെന്ന് സങ്കല്പിക്കുക. ഇങ്ങനെയൊരാൾ ഉണ്ടായിരിക്കുമെന്ന് സങ്കല്പിക്കാൻ പ്രയാസമാണെങ്കിലും, നിങ്ങളുടെ കാവൽമാലാഖയായി അങ്ങനെയൊരാൾ യഥാർഥത്തിൽ ഉണ്ട്.
നിങ്ങളുടെ കാവൽമാലാഖ യഥാർഥത്തിൽ ഉണ്ട്. ആ മാലാഖയ്ക്ക് തീക്ഷ്ണവും ശക്തവുമായ ബുദ്ധിയും ദൈവഹിതത്തോട് പൂർണമായി ഐക്യപ്പെട്ട ഇച്ഛാശക്തിയുമുണ്ട്. നിങ്ങളെ സംരക്ഷിക്കുകയും ദൈവഹിതത്തിന്റെ പൂർത്തീകരണത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തിനായാണ് ആ മാലാഖ സൃഷ്ടിക്കപ്പെട്ടത്. നിങ്ങൾ പാപം ചെയ്ത് വഴിതെറ്റുമ്പോൾ, നിങ്ങളെ ദൈവത്തിലേക്കു തിരികെ നയിക്കുക എന്നതു മാത്രമാണ് നിങ്ങളുടെ കാവൽമാലാഖയുടെ ചിന്ത. നിങ്ങൾ ഭയപ്പെടുമ്പോഴോ കഷ്ടതയിലായിരിക്കുമ്പോഴോ, നിങ്ങളെ സംരക്ഷിക്കുകയും ദൈവത്തിന്റെ സമാധാനവും ധൈര്യവുംകൊണ്ട് നിങ്ങളെ നിറയ്ക്കുകയും ചെയ്യുക എന്നതുമാത്രമാണ് നിങ്ങളുടെ കാവൽമാലാഖയുടെ കരുതൽ. ഒരു മാലാഖയുടെ മധ്യസ്ഥത കൂടാതെ, ഈ കൃപകളെല്ലാം നിങ്ങൾക്ക് നേരിട്ടു നൽകാൻ ദൈവത്തിനു കഴിയുമായിരുന്നെങ്കിലും, നിങ്ങളുടെ സ്വന്തം കാവൽമാലാഖയുടെ മധ്യസ്ഥതയിലൂടെ അവ നൽകാനാണ് അവിടുന്ന് തിരഞ്ഞെടുത്തത്. ഈ മാലാഖമാർ നമുക്കു നൽകുന്ന സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും കരുതലിന്റെയും അഗാധത സ്വർഗത്തിൽവെച്ചു മാത്രമേ നാം പൂർണമായി മനസ്സിലാക്കുകയുള്ളൂ.
നിങ്ങളുടെ കാവൽമാലാഖയ്ക്ക് നിങ്ങളെക്കുറിച്ചുള്ള ആഴമേറിയ അറിവിനെപ്പറ്റി ഇന്ന് ധ്യാനിക്കുക. ഈ യാഥാർഥ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിങ്ങളെ ഇത്ര നന്നായി അറിയുകയും പൂർണമായ സ്നേഹത്തോടെ സ്നേഹിക്കുകയും ചെയ്യുന്ന ഒരാളുണ്ടെന്നതിൽ ആനന്ദിക്കുക. നിങ്ങളുടെ ഈ മാലാഖ നിങ്ങളെ പൂർണമായി സ്നേഹിക്കുക മാത്രമല്ല, നിങ്ങളെ സംരക്ഷിക്കാനും നിങ്ങളുടെ ജീവിതദൗത്യത്തിന്റെ പൂർത്തീകരണത്തിലേക്കു നിങ്ങളെ ഇടയനെപ്പോലെ നയിക്കാനും ദൈവത്തിൽനിന്ന് വലിയ അധികാരം ഏല്പിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാവൽമാലാഖ നിങ്ങൾക്കു ലഭിച്ച എത്ര വലിയ ദാനമാണെന്ന് പ്രാർഥനാപൂർവം അംഗീകരിക്കുകയും ഈ മാലാഖയുടെ മധ്യസ്ഥതയ്ക്ക് നിങ്ങളെത്തന്നെ കൂടുതൽ പൂർണമായി സമർപ്പിക്കുകയും ചെയ്യുക.
ദൈവത്തിന്റെ മാലാഖയേ, എന്റെ പ്രിയ കാവൽമാലാഖയേ, ദൈവത്തിന്റെ സ്നേഹം ഈ ലോകത്തിൽ എന്നെ അങ്ങയുടെ സംരക്ഷണത്തിൽ ഏല്പിച്ചിരിക്കുന്നുവല്ലോ. എനിക്കു വെളിച്ചം നൽകാനും എന്നെ കാക്കാനും നിയന്ത്രിക്കാനും വഴിനടത്താനും ഈ ദിവസം മുഴുവൻ എന്റെ അരികിൽ ഉണ്ടായിരിക്കണമേ. ആമ്മേൻ. കാവൽമാലാഖയേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – കാവൽമാലാഖമാർ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: കാവൽമാലാഖ — ചിത്രകാരൻ: ഡൊമെനിക്കീനോ, വിക്കിമീഡിയ കോമൺസ് വഴി



