തിങ്കളാഴ്ച, ഒക്ടോബർ 18, 2021
സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ

കർത്താവായ യേശു എഴുപത്തിരണ്ട് ശിഷ്യന്മാരെ നിയോഗിച്ച്, താൻ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന എല്ലാ പട്ടണങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തനിക്കുമുമ്പായി ഈരണ്ടുപേരായി അയച്ചു. അവൻ അവരോടു പറഞ്ഞു: “വിളവു സമൃദ്ധമാണ്; വേലക്കാരോ കുറവും. അതിനാൽ, തന്റെ വിളവെടുപ്പിനു വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ.” ലൂക്കാ 10:1–2
ഇന്ന് നാം ആദരിക്കുന്ന വിശുദ്ധ ലൂക്കാ യഥാർഥമായും ഒരു സുവിശേഷകനായിരുന്നു. ഒരു സുവിശേഷകനെന്ന നിലയിൽ, നമ്മുടെ കർത്താവിൽനിന്നുള്ള പ്രചോദനമനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചു. ദൈവത്തിന്റെ രക്ഷയുടെ സന്ദേശം ഭൂമിയുടെ അതിർത്തികളോളം എത്തിക്കാൻ ദൈവം അദ്ദേഹത്തെ ഉപകരണമാക്കി. ലോകാവസാനംവരെ അനേകരുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന സ്വാധീനം അദ്ദേഹത്തിന്റെ ശുശ്രൂഷ തുടർന്നും ചെലുത്തുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഒരു ഒലിവുമരത്തിൽ തൂക്കിലേറ്റപ്പെട്ട് വിശുദ്ധ ലൂക്കാ രക്തസാക്ഷിയായെന്നാണ് പാരമ്പര്യം പറയുന്നത്. പുതിയനിയമം അദ്ദേഹത്തെ ഒരു വൈദ്യനായും വിശുദ്ധ പൗലോസിന്റെ ശിഷ്യനായും പരിചയപ്പെടുത്തുന്നു. ലൂക്കായുടെ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവൃത്തികളും രചിച്ചത് അദ്ദേഹമാണെന്നു കരുതപ്പെടുന്നു.
വിജാതീയരോടു സുവിശേഷം പ്രസംഗിച്ച സുവിശേഷകനായാണ് വിശുദ്ധ ലൂക്കാ പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. യഹൂദവിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ച് വായനക്കാർക്ക് പൂർണമായ അറിവുണ്ടെന്ന് മുൻകൂട്ടി കരുതാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ സുവിശേഷം എഴുതപ്പെട്ടത്. അതിനാൽ, യഹൂദവംശജരല്ലാത്തവർക്കുവേണ്ടിയാണ് അത് പ്രധാനമായും എഴുതപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്നു. അങ്ങനെ, സുവിശേഷം എല്ലാ മനുഷ്യരുമായും, പ്രത്യേകിച്ച് ദൈവവുമായി ആഴമേറിയതും ജീവിതത്തിനു താങ്ങാകുന്നതുമായ ബന്ധമില്ലാത്തവരുമായും പങ്കുവയ്ക്കേണ്ടതുണ്ടെന്ന് വിശുദ്ധ ലൂക്കായുടെ ജീവിതവും ദൗത്യവും നമ്മെ ഓർമിപ്പിക്കണം.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽനിന്നുള്ള ഇന്നത്തെ വായനയിൽ, യേശു എഴുപത്തിരണ്ട് ശിഷ്യന്മാരെ “താൻ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന എല്ലാ പട്ടണങ്ങളിലേക്കും സ്ഥലങ്ങളിലേക്കും” അയച്ചതായി നാം വായിക്കുന്നു. എഴുപത്തിരണ്ട് ശിഷ്യന്മാരെ ഇങ്ങനെ കൂടുതൽ വിപുലമായി അയച്ചതിനെക്കുറിച്ച് ലൂക്കാ മാത്രമേ പരാമർശിക്കുന്നുള്ളൂ. മറ്റു സുവിശേഷങ്ങൾ പന്ത്രണ്ടുപേരെ അയച്ചതിനെക്കുറിച്ചു മാത്രമാണ് പരാമർശിക്കുന്നത്. ഈ എഴുപത്തിരണ്ട് ശിഷ്യന്മാരിൽ പലരും യഹൂദപ്രദേശങ്ങളിലേക്കായിരിക്കാം പോയതെങ്കിലും, ചിലർ തീർച്ചയായും യഹൂദേതര പ്രദേശങ്ങളിലേക്കും പോയിട്ടുണ്ടാകും. തങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരെയും യേശുവിന്റെ പ്രസംഗത്തിനും ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനുമായി ഒരുക്കുക എന്നതായിരുന്നു ഈ എഴുപത്തിരണ്ടുപേരുടെയും ദൗത്യം.
ഇന്ന് വിശുദ്ധ ലൂക്കായെ ആദരിക്കുകയും അദ്ദേഹത്തിന്റെ സുവിശേഷത്തിലെ ഈ ഭാഗം വായിക്കുകയും ചെയ്യുമ്പോൾ, നമ്മെയെല്ലാം നമ്മുടെ കർത്താവ് അയച്ചിരിക്കുകയാണെന്നു നാം ഓർമിക്കുന്നു. നമ്മുടെ വിശ്വാസം പങ്കിടുന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹ ഇടവകാംഗങ്ങൾ തുടങ്ങിയവരുടെ അടുത്തേക്കാണ് നാം അയയ്ക്കപ്പെട്ടിരിക്കുന്നത്. അവരെ സ്നേഹിക്കാനും അവരുടെ വിശ്വാസവും ദൈവസ്നേഹവും ആഴപ്പെടുത്താൻ സഹായിക്കുന്നതിനു നമ്മാൽ കഴിയുന്നതെല്ലാം ചെയ്യാനുമാണ് നാം അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, യേശുവിനെ തങ്ങളുടെ രക്ഷകനായി ഇനിയും അറിയാത്തവരുമായി സുവിശേഷം പങ്കുവയ്ക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവിനെ യഥാർഥമായി ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത എത്രയോ പേരെ നാം ദിവസവും കണ്ടുമുട്ടുന്നു. നിങ്ങൾ സ്നേഹപൂർവം സമീപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടോ? സുവിശേഷം പങ്കുവയ്ക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടാകാവുന്ന ആരെയാണ് നിങ്ങൾക്ക് അറിയാവുന്നത്?
സുവിശേഷം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ കർത്താവിനോടു സംസാരിക്കുകയും അവിടുത്തെ രക്ഷയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഉപകരണമായി വർത്തിക്കാൻ നിങ്ങൾ സന്നദ്ധരും ഒരുക്കമുള്ളവരുമാണെന്ന് അവിടുത്തോടു പറയുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ, കർത്താവിനായി കാത്തിരിക്കുക, അവിടുത്തെ പ്രചോദനത്തിനു കാതോർക്കുക, അവിടുന്ന് വിളിക്കുമ്പോൾ പ്രത്യുത്തരം നൽകുക. നിങ്ങൾ സുവിശേഷം അറിയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതായി നിങ്ങൾക്കു തോന്നുന്ന ആരെങ്കിലും മനസ്സിലേക്കു വന്നാൽ, ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കാൻ തുടങ്ങുക. ആ വ്യക്തിക്കുവേണ്ടി ദിവസവും പ്രാർഥിക്കുക. അവിടുത്തെ സ്നേഹവും രക്ഷയുടെ സന്ദേശവും ആ വ്യക്തിയുമായി പങ്കുവയ്ക്കാൻ ദൈവം നൽകുന്ന ഏതു പ്രചോദനത്തോടും ശ്രദ്ധാലുവായിരിക്കുക. വിശുദ്ധ ലൂക്കായെപ്പോലെ ഒരു സുവിശേഷകനാകാൻ ഭയപ്പെടരുത്. അങ്ങനെ ചെയ്യുന്നത് ഒരാളുടെ ജീവിതത്തിൽ നിത്യതയോളം നിലനിൽക്കുന്ന മാറ്റമുണ്ടാക്കിയേക്കാം.
എന്നെ രക്ഷിക്കുന്ന കർത്താവേ, അങ്ങയുടെ രക്ഷയുടെ സന്ദേശം എല്ലാവരുമായും പങ്കുവയ്ക്കാനുള്ള ദൗത്യവുമായി അങ്ങ് ശിഷ്യന്മാരെ അയച്ചുവല്ലോ. വിശുദ്ധ ലൂക്കായുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കുമായി ഇന്ന് ഞാൻ അങ്ങയോടു പ്രത്യേകം നന്ദിപറയുന്നു. പ്രിയ കർത്താവേ, അദ്ദേഹത്തിന്റെ അത്ഭുതകരമായ മാതൃക അനുകരിക്കാനും അങ്ങയുടെ മഹിമയേറിയ ജീവൻ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും എന്നെ ഉപകരണമാക്കണമേ. പ്രത്യേകിച്ച്, അങ്ങ് എന്റെ ജീവിതത്തിലേക്കു കൊണ്ടുവന്നവരെ സ്നേഹപൂർവം സമീപിക്കാൻ എന്നെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ തിരുനാൾ – സുവിശേഷകനായ വിശുദ്ധ ലൂക്കാ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


