ഒക്ടോബർ 23, 2021
ആണ്ടുവട്ടത്തിലെ ഇരുപത്തൊമ്പതാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
കാപ്പിസ്ത്രാനോയിലെ വിശുദ്ധ യോഹന്നാൻ, വൈദികൻ—ഐച്ഛിക അനുസ്മരണം

“‘മൂന്നു വർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; എന്നാൽ ഒന്നും കണ്ടില്ല. അതിനാൽ ഇത് വെട്ടിക്കളയുക. ഇത് എന്തിന് മണ്ണിനെ നിഷ്ഫലമാക്കണം?’ അവൻ മറുപടി പറഞ്ഞു: ‘യജമാനനേ, ഈ വർഷംകൂടി ഇത് നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും മണ്ണിളക്കി വളമിടാം; വരുംകാലത്ത് ഇതു ഫലം നൽകിയേക്കാം. ഇല്ലെങ്കിൽ അങ്ങേക്ക് ഇത് വെട്ടിക്കളയാം.’” ലൂക്കാ 13:7–9
നിങ്ങളുടെ ജീവിതത്തിൽനിന്ന് എത്രമാത്രം നല്ല ഫലം ഉണ്ടാകുന്നുണ്ട്? സത്യസന്ധമായി ഉത്തരം നൽകേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. നാം ദൈവഹിതമനുസരിച്ചാണോ ജീവിക്കുന്നതെന്ന് വിവേചിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഫലങ്ങൾ നോക്കുക എന്നതാണ്.
നല്ല ഫലം പല വഴികളിലൂടെ ഉണ്ടാകുകയും പല രൂപങ്ങളിൽ പ്രകടമാകുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ അന്വേഷിക്കേണ്ട ഫലം രണ്ടു തരത്തിലുള്ളതാണ്. ഒന്നാമതായി, യഥാർഥ പ്രാർഥനയുടെയും ദൈവവുമായുള്ള ഐക്യത്തിന്റെയും ജീവിതത്തിൽനിന്ന് നിങ്ങളുടെ ആത്മാവിൽ ഉണ്ടാകുന്ന ഫലം. രണ്ടാമതായി, മറ്റുള്ളവരോടുള്ള നമ്മുടെ പ്രവൃത്തികളിൽ ഉപവിയിൽനിന്ന് ഉളവാകുന്ന ഫലം നാം അന്വേഷിക്കണം.
നിങ്ങളുടെ ആത്മാവിലേക്കു സത്യസന്ധമായി നോക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്? നിങ്ങളുടെ ക്രമരഹിതമായ വികാരങ്ങളും ആസക്തികളും ദൈവാത്മാവിനെതിരെ പോരാടുന്ന ഒരുതരം യുദ്ധം പലപ്പോഴും നിങ്ങളുടെ ഉള്ളിൽ കണ്ടേക്കാം. നല്ല ആത്മീയഫലം ഉണ്ടാകാൻ ആന്തരിക ശുദ്ധീകരണം ആവശ്യമാണ്. പ്രാർഥന, ഉപവാസം, ആത്മീയവായന തുടങ്ങിയവയിലൂടെ, ക്രമരഹിതമായ നിങ്ങളുടെ മനുഷ്യസ്വഭാവത്തെ ദൈവാത്മാവ് നിയന്ത്രിക്കുകയും തന്റെ വിശുദ്ധ ഹിതത്തിനനുസരിച്ച് അതിനെ ക്രമപ്പെടുത്തുകയും ചെയ്യുന്ന വഴികൾ നിങ്ങൾ അന്വേഷിക്കണം. നാമെല്ലാവരും പാപികളാണെങ്കിലും, ഇടയ്ക്കെല്ലാം വീഴ്ചകൾ സംഭവിക്കുമെങ്കിലും, ദൈവഹിതത്തിനു വിരുദ്ധമാണെന്ന് വസ്തുനിഷ്ഠമായി വിവേചിച്ചറിയാൻ കഴിയുന്ന എല്ലാ പ്രവൃത്തികളെയും ആഗ്രഹങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ നാം ഉത്സാഹത്തോടെ പരിശ്രമിക്കണം. ചിലപ്പോൾ, പതിതമായ നിങ്ങളുടെ മനുഷ്യസ്വഭാവം അത്ര ശക്തമായി നിങ്ങളെ പാപത്തിലേക്ക് വലിച്ചിഴച്ചേക്കാം; അത് നിങ്ങളുടെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുകയും സ്വന്തം പാപങ്ങളെ ന്യായീകരിക്കുന്നതിലേക്കു നയിക്കുകയും ചെയ്തേക്കാം. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന്റെ ഫലം ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവിക സദ്ഗുണങ്ങൾ സമൃദ്ധമായി വളരുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഫലസമൃദ്ധമായ ഒരു ഉദ്യാനമായി നിങ്ങളുടെ ആന്തരികജീവിതത്തെ മാറ്റാൻ നിങ്ങൾ നിരന്തരം തീരുമാനിക്കണം. അതിനാൽ, വീണ്ടും ചോദിക്കട്ടെ: നിങ്ങളുടെ ആത്മാവിലേക്കു നോക്കുമ്പോൾ സത്യസന്ധമായി നിങ്ങൾ എന്താണ് കാണുന്നത്?
ദൈവം നമ്മിലുള്ള സദ്ഗുണങ്ങളെ പരിപോഷിപ്പിക്കുകയും നമ്മുടെ ക്രമരഹിതമായ വികാരങ്ങളും ആസക്തികളും ദൈവാത്മാവിന്റെ നിയന്ത്രണത്തിലാകുകയും ചെയ്യുമ്പോൾ, ദൈവസ്നേഹത്തിന്റെ ആന്തരിക ഫലങ്ങൾ നമ്മുടെ ജീവിതത്തിൽനിന്ന് മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കൊഴുകാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകതയും നാം തിരിച്ചറിയും. നിസ്വാർഥവും ത്യാഗപൂർണവുമായ ജീവിതം നാം ആഗ്രഹിച്ചുതുടങ്ങും. മറ്റുള്ളവർക്ക് ഒന്നാം സ്ഥാനം നൽകാൻ നാം ആഗ്രഹിച്ചുതുടങ്ങും. മറ്റുള്ളവരുടെ ജീവിതങ്ങളെ അമൂല്യവും മഹത്ത്വം നിറഞ്ഞതുമായി നാം കരുതും. മറ്റുള്ളവരെ വിധിക്കുന്നതും പരുഷതയും കോപവും മറ്റും നാം അതിജീവിക്കും. മറ്റുള്ളവരുടെ നന്മ നാം ആഗ്രഹിക്കുന്നതായി കണ്ടെത്തുകയും എല്ലാവരോടും അനേകം ചെറിയ കാരുണ്യപ്രവൃത്തികൾ ചെയ്യാൻ അതിസ്വാഭാവികമായി പ്രചോദിതരാകുകയും ചെയ്യും. എന്നാൽ ഇതെല്ലാം ആരംഭിക്കുന്നത് ഒരാളുടെ ആന്തരികജീവിതത്തിലാണ്. നമ്മുടെ കർത്താവ് തന്റെ കൃപയാൽ ആ ജീവിതത്തിന്റെ മണ്ണ് ഉഴുതൊരുക്കി വളമിടാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവിടുത്തെ സ്നേഹത്തിന്റെ ആന്തരിക ഫലങ്ങൾ ഉള്ളിൽ വളരുകയും ഒടുവിൽ എല്ലാവരോടുമുള്ള ദൈനംദിന ബാഹ്യപ്രവൃത്തികളിൽ വ്യക്തമായി പ്രകടമാകുകയും ചെയ്യും.
ഫലം നൽകാതിരുന്ന ഈ അത്തിവൃക്ഷംപോലെയാണ് നിങ്ങളുടെ ആത്മാവ് എന്നതിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നമ്മുടെ കർത്താവ് നിങ്ങളുടെ അടുക്കൽ വന്ന്, മണ്ണ് ഉഴുതൊരുക്കാനും വളമിടാനും തന്നെ അനുവദിക്കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നതായി കാണുക. ഇതിന് നിങ്ങളുടെ ഭാഗത്തുനിന്ന് മാറ്റം ആവശ്യമാണെന്ന് മനസ്സിലാക്കുക. നല്ല ഫലം നൽകണമെങ്കിൽ നമ്മുടെ കർത്താവിന്റെ ഈ ഇടപെടൽ നിങ്ങൾക്ക് ആവശ്യമാണ്. അവിടുത്തോടു സഹകരിക്കുക, ഉത്സാഹത്തോടെ പരിശ്രമിക്കുക, സമൃദ്ധമായി നല്ല ഫലം നൽകിത്തുടങ്ങാൻ നിങ്ങൾക്കാവുന്നതെല്ലാം ചെയ്യുക. അങ്ങനെ, ഒടുവിൽ ദൈവത്തിന്റെ നീതിയാൽ വെട്ടിക്കളയപ്പെടുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ഉൾപ്പെടാതിരിക്കട്ടെ.
എനിക്കായി അധ്വാനിക്കുന്ന എന്റെ കർത്താവേ, അങ്ങയുടെ കരുണയുടെ വിത്തുകൾ വളർന്ന്, എന്റെ ജീവിതത്തിൽനിന്ന് അങ്ങ് ആഗ്രഹിക്കുന്ന നല്ല ഫലം പുറപ്പെടുവിക്കേണ്ടതിന് എന്റെ ആത്മാവിന്റെ മണ്ണ് ഉഴുതൊരുക്കാൻ അങ്ങ് അക്ഷീണം പ്രവർത്തിക്കുന്നു. ദൈനംദിന പ്രാർഥനാജീവിതത്തിലും പ്രായശ്ചിത്താനുഷ്ഠാനത്തിലും അങ്ങയുടെ വിശുദ്ധ വചനത്തിനായുള്ള അന്വേഷണത്തിലും വിശ്വസ്തനായിരിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. പ്രിയ കർത്താവേ, എന്നെ രൂപാന്തരപ്പെടുത്തുകയും എന്റെ ജീവിതത്തിൽ അങ്ങയുടെ വിശുദ്ധ രാജ്യത്തിന്റെ നല്ല ഫലം പുറപ്പെടുവിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും പ്രത്യാശയറ്റ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും, പ്രത്യേകിച്ച് ഒക്ടോബർ 19–27 തീയതികളിൽ പ്രാർഥിക്കാവുന്നത്
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – കാപ്പിസ്ത്രാനോയിലെ വിശുദ്ധ യോഹന്നാൻ, വൈദികൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



