തിങ്കളാഴ്ച, നവംബർ 1, 2021
സകല വിശുദ്ധരുടെയും മഹോത്സവം

ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നുകഴിഞ്ഞപ്പോൾ ശിഷ്യന്മാർ അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്.” മത്തായി 5: 1–3
നമ്മുടെ സഭയിലെ ഏറ്റവും മഹത്വപൂർണമായ മഹോത്സവങ്ങളിലൊന്നാണ് നാം ഇന്ന് ആഘോഷിക്കുന്നത്! വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ടവരായാലും അല്ലാത്തവരായാലും, എല്ലാ വിശുദ്ധരും ഇന്ന് ആദരിക്കപ്പെടുന്നു. ഈ വിശുദ്ധർ സ്വർഗത്തിൽ പ്രവേശിച്ച പാത നമ്മുടെ സുവിശേഷഭാഗം വ്യക്തമാക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ, മഹാന്മാരും മഹതികളുമായ ഇവർ ആത്മാവിലെ ദാരിദ്ര്യവും വിശുദ്ധമായ വിലാപവും സൗമ്യതയും നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും കരുണയും സമാധാനവും ഹൃദയശുദ്ധിയും പീഡനങ്ങൾപോലും നിറഞ്ഞ ജീവിതം നയിച്ചു. ഈ ഗുണങ്ങൾ ജീവിതത്തിൽ പാലിച്ചവർക്ക് ലഭിക്കുന്ന പ്രതിഫലം പ്രസ്താവിച്ചുകൊണ്ടാണ് ഓരോ സുവിശേഷഭാഗ്യവും അവസാനിക്കുന്നത്: സ്വർഗം, ആശ്വാസം, സംതൃപ്തി, കരുണ, ദൈവത്തെ ദർശിക്കൽ, ദൈവമക്കളായിത്തീരൽ, ദൈവരാജ്യത്തിൽ നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള പ്രതിഫലങ്ങൾ.
അഷ്ടസൗഭാഗ്യങ്ങൾ നമ്മെ വിശുദ്ധിയുടെ ഉന്നതികളിലേക്ക് ക്ഷണിക്കുന്നു. അവ ധൈര്യമില്ലാത്തവർക്കോ ഉദാസീനമായ ആത്മീയജീവിതം നയിക്കുന്നവർക്കോ വേണ്ടിയുള്ളവയല്ല. ഈ സുവിശേഷഭാഗ്യങ്ങൾ വിശുദ്ധജീവിതത്തിന്റെ പരമോന്നതനില നമ്മുടെ മുമ്പിൽ അവതരിപ്പിക്കുകയും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നാൽ ഈ സുവിശേഷഭാഗ്യങ്ങൾ ജീവിക്കാനായി നടത്തുന്ന ഓരോ പരിശ്രമവും ഇവിടെ ഭൂമിയിലും ഒടുവിൽ സ്വർഗത്തിലും ഫലദായകമാണ്. ഇവയിൽ രണ്ടെണ്ണം നമുക്ക് ചുരുക്കമായി പരിശോധിക്കാം.
“വിലപിക്കുന്നവർ…ആശ്വസിപ്പിക്കപ്പെടും” എന്നാണ് രണ്ടാമത്തെ സുവിശേഷഭാഗ്യം പറയുന്നത്. ശ്രദ്ധേയമായ ഒരു സുവിശേഷഭാഗ്യമാണിത്. വിലപിക്കുന്നത് വിശുദ്ധമായിരിക്കുന്നത് എന്തുകൊണ്ടാണ്? ലളിതമായി പറഞ്ഞാൽ, ഈ വിശുദ്ധമായ വിലാപം അർഥമാക്കുന്നത് സ്വന്തം പാപങ്ങളെക്കുറിച്ച് നിങ്ങൾക്ക് വിശുദ്ധമായ ദുഃഖമുണ്ടെന്നു മാത്രമല്ല, നമ്മുടെ ലോകത്തിലെ അനേകം തിന്മകൾ കാണുമ്പോഴും ഇതേ വിശുദ്ധമായ ദുഃഖം നിങ്ങൾക്കുണ്ടെന്നാണ്. ഇന്ന് ഇത് നിർണായകമാണ്. ഒന്നാമതായി, സ്വന്തം പാപങ്ങളെക്കുറിച്ച് നമുക്ക് വിശുദ്ധമായ ദുഃഖമുണ്ടായിരിക്കണം എന്നത് തികച്ചും വ്യക്തമായിരിക്കണം. അങ്ങനെ ദുഃഖിക്കുന്നുവെങ്കിൽ നിങ്ങളുടെ മനസ്സാക്ഷി പ്രവർത്തിക്കുന്നുണ്ട് എന്നാണ് അതിനർഥം. നിങ്ങളുടെ മനസ്സാക്ഷി പ്രവർത്തിക്കുമ്പോൾ, ദൈവത്തിനെതിരായ നിങ്ങളുടെ അപരാധങ്ങൾ ഏറ്റുപറയാനും മാറ്റത്തിനായി ശുഷ്കാന്തിയോടെ പരിശ്രമിക്കാനും ഈ വിശുദ്ധമായ ദുഃഖം നിങ്ങളെ പ്രേരിപ്പിക്കും. എന്നാൽ നമ്മുടെ ലോകത്തിലെ അനേകം തിന്മകൾ കാണുമ്പോഴും നമുക്ക് വിശുദ്ധമായ ദുഃഖമുണ്ടായിരിക്കണം. സകലതിനെയും വിവേചനമില്ലാതെ അംഗീകരിക്കുന്നത് ഒരു നന്മയായി അവതരിപ്പിച്ചുകൊണ്ട് ഈ സുവിശേഷഭാഗ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള പ്രവണത ഇന്ന് വളരെ വ്യാപകമാണ്. നാം വിധിക്കരുതെന്ന് നമ്മോടു പറയുന്നു. മറ്റൊരാളുടെ ഹൃദയത്തെ വിധിക്കുന്ന കാര്യത്തിൽ അത് സത്യമാണെങ്കിലും, ഈ മതേതര “സദ്ഗുണത്തെ” ലൗകികമായ രീതിയിൽ അവതരിപ്പിക്കുന്നത് പാപത്തിന്റെ വസ്തുനിഷ്ഠമായ സ്വഭാവത്തെ നിസ്സാരമാക്കാൻ നമ്മെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ്. സകല സത്യത്തിലേക്കും നമ്മെ നയിക്കാൻ ദൈവം ഉപയോഗിക്കുന്ന അനേകം വസ്തുനിഷ്ഠമായ ധാർമികസത്യങ്ങളെ അവഗണിക്കാൻ നമ്മുടെ മതേതര ലോകം നമ്മെ പ്രലോഭിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവരെന്ന നിലയിൽ, വസ്തുനിഷ്ഠമായി ധാർമികതിന്മയാണെന്ന് നമ്മുടെ കർത്താവ് പഠിപ്പിച്ച എല്ലാറ്റിനെയും വെറുക്കുക എന്നതായിരിക്കണം നമ്മുടെ ആദ്യ സമീപനം. അധാർമികമായ ജീവിതരീതികളെ നേരിടുമ്പോൾ, നമ്മുടെ ഉചിതമായ പ്രതികരണം വിശുദ്ധമായ ദുഃഖമായിരിക്കണം; ഗുരുതരമായ പാപത്തെ അംഗീകരിക്കലാകരുത്. മറ്റൊരാളുടെ തെറ്റായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിലപിക്കുന്നത് അവരോടുള്ള യഥാർഥ സ്നേഹപ്രവൃത്തിയാണ്.
“നീതിക്കുവേണ്ടി വിശക്കാനും ദാഹിക്കാനും” നാലാമത്തെ സുവിശേഷഭാഗ്യം നമ്മെ വിളിക്കുന്നു. നമ്മുടെ പാപങ്ങളെക്കുറിച്ചും നമ്മുടെ ലോകത്തിലെ വസ്തുനിഷ്ഠമായ തിന്മകളെക്കുറിച്ചും വിശുദ്ധമായ ദുഃഖം ഉണ്ടായിരിക്കുക മാത്രമല്ല, സത്യത്തിനും വിശുദ്ധജീവിതത്തിനും വേണ്ടിയുള്ള വിശപ്പും ദാഹവും നമ്മെ നിറയ്ക്കാൻ അനുവദിക്കുകയും വേണം എന്നാണ് ഇതിനർഥം. എല്ലായിടത്തും ദൈവരാജ്യം വളർത്തുന്നതിനായി നമുക്കാവുന്നതെല്ലാം ചെയ്യാനുള്ള ജ്വലിക്കുന്ന പ്രേരണയായി ഈ അഭിലാഷം നമ്മുടെ ഉള്ളിൽ മാറണം. നിസ്സംഗതയെ അതിജീവിക്കാൻ ഈ സുവിശേഷഭാഗ്യം നമ്മെ പ്രാപ്തരാക്കുന്നു; എല്ലാ എതിർപ്പുകളുടെയും നടുവിൽ മാറ്റം കൊണ്ടുവരാൻ അത് നമ്മെ പ്രചോദിപ്പിക്കുന്നു. ഉപവിയും അതിനോടൊപ്പമുള്ള മറ്റെല്ലാ സദ്ഗുണങ്ങളും ഈ അഭിലാഷത്തിന് കരുത്തേകുന്നു.
വിശുദ്ധരാകാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു എന്ന മനോഹരമായ സത്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. വിശുദ്ധിയിലേക്കുള്ള ഏറ്റവും ഉറപ്പുള്ള പാത അഷ്ടസൗഭാഗ്യങ്ങളാണ്. അവ ശ്രദ്ധയോടെ വായിക്കുക. അവയെക്കുറിച്ച് ധ്യാനിക്കുക; നിങ്ങൾ എങ്ങനെ ജീവിക്കാനാണ് ദൈവം വിളിക്കുന്നതെന്ന് അവ നിങ്ങൾക്ക് വെളിപ്പെടുത്തുന്നു എന്നു മനസ്സിലാക്കുക. ഈ സുവിശേഷഭാഗ്യങ്ങളിൽ ഒന്ന് നിങ്ങളുടെ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നുവെങ്കിൽ, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം ചെലവഴിക്കുക. ഈ കൃപാവരങ്ങൾ സ്വാംശീകരിക്കാൻ പരിശ്രമിക്കുക. അപ്പോൾ ദൈവം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും; അങ്ങനെ ഒരുനാൾ നമ്മുടെ സഭയിലെ ഈ മഹോത്സവം, നിങ്ങൾ നന്നായി നയിച്ച ജീവിതത്തിന്റെ യഥാർഥ ആഘോഷമാക്കിത്തീർക്കും.
എന്റെ പരമപരിശുദ്ധനായ കർത്താവേ, അങ്ങ് ഇപ്പോൾ സ്വർഗത്തിൽ വാഴുന്നു; അങ്ങയുടെ മഹത്വപൂർണമായ രാജ്യം ഭൂമിയിൽ ഉറപ്പായി സ്ഥാപിക്കപ്പെടണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. പൂർണഹൃദയത്തോടെ വിശുദ്ധി തേടാനും, പ്രത്യേകിച്ച് അങ്ങ് വെളിപ്പെടുത്തിയ അഷ്ടസൗഭാഗ്യങ്ങളെ ഞാൻ സഞ്ചരിക്കുന്ന പാതയാക്കാനും എനിക്കാവശ്യമായ കൃപ നൽകണമേ. ഈ ലോകത്തിൽ ഞാൻ ഒരു യഥാർഥ വിശുദ്ധനായിത്തീരാനും, ഇപ്പോഴും നിത്യതയിലും അങ്ങയുടെ രാജ്യം വളർത്താൻ അങ്ങ് എന്നെ ഉപയോഗിക്കാനും ഞാൻ പ്രാർഥിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
കൂടുതൽ വായനയ്ക്ക്– സകല വിശുദ്ധരും—മഹോത്സവം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



