മലയാളം

“വിശുദ്ധമായ വെറുപ്പിലൂടെ” സ്നേഹിക്കുക

നവംബർ 3, 2021
സാധാരണകാലം മുപ്പത്തിയൊന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ മാർട്ടിൻ ഡി പോറസ്, സന്യാസി—ഐച്ഛിക അനുസ്മരണം

വീഡിയോ

വലിയ ജനക്കൂട്ടങ്ങൾ യേശുവിനോടൊപ്പം യാത്ര ചെയ്തിരുന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: “ആരെങ്കിലും തന്റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും, സ്വന്തം ജീവനെപ്പോലും വെറുക്കാതെ എന്റെ അടുത്തു വന്നാൽ, അവന് എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല.”  ലൂക്കാ 14:25–26

നമ്മുടെ കർത്താവിന്റെ ഞെട്ടിക്കുന്ന ഈ പ്രാരംഭവാക്യത്തിനുശേഷം, യേശു ഇന്നത്തെ സുവിശേഷം ഇങ്ങനെ ഉപസംഹരിക്കുന്നു: “അതുപോലെ, നിങ്ങളിൽ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാത്ത ആർക്കും എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല.” അതിനാൽ, ആദ്യവായനയിൽ നമുക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ മാത്രമല്ല, സ്വന്തം കുടുംബാംഗങ്ങളെ വെറുക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് തോന്നാം. എന്നാൽ നമ്മുടെ കർത്താവ് യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് ഇതാണോ? നമ്മുടെ കുടുംബാംഗങ്ങളെയും സ്വന്തം ജീവനെപ്പോലും “വെറുക്കുക” എന്ന ആശയത്തിൽനിന്ന് നമുക്കു തുടങ്ങാം.

ഈ സുവിശേഷഭാഗത്തിലെ “വെറുപ്പ്” എന്ന പദം വെറുപ്പിന്റെയും കോപത്തിന്റെയും പാപത്തെ സൂചിപ്പിക്കുന്നതല്ലെന്ന് വ്യക്തമാണ്. ഈ ഭാഗത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ, ചില സാഹചര്യങ്ങളിൽ മറ്റൊരാളെ സ്നേഹിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരുതരം വെറുപ്പിലൂടെയാണെന്ന് ഒരു സഭാപിതാവ് വിശദീകരിക്കുന്നു. അതായത്, മറ്റൊരാൾ ദൈവത്തിലേക്കുള്ള വഴിയിൽ തടസ്സമായി നിന്നുകൊണ്ട് നമ്മുടെ കർത്താവിന്റെ തിരുഹിതത്തിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ, ആ വ്യക്തിയുടെ പ്രവൃത്തികളോടുള്ള നമ്മുടെ “വെറുപ്പ്” ഉറച്ച രീതിയിൽ പ്രകടിപ്പിക്കണം. എന്നാൽ ഇത് സ്നേഹമാണ്. മറ്റൊരാളുടെ ക്രമരഹിതമായ പ്രവൃത്തികളെ തള്ളിക്കളഞ്ഞുകൊണ്ട് ദൈവത്തിൽനിന്നു പിന്തിരിയാൻ വിസമ്മതിക്കുന്നത്, ആ വ്യക്തിയുമായി സുവിശേഷം പങ്കുവയ്ക്കാനുള്ള ഒരു മാർഗമാണ്. തീവ്രമായ ഒരു ഉദാഹരണം നമുക്കെടുക്കാം.

ക്രിസ്ത്യാനിയായിരിക്കുന്നത് ഒരു കുറ്റമായി കണക്കാക്കിയിരുന്ന കാലത്തും സാഹചര്യത്തിലുമാണ് നിങ്ങൾ ജീവിച്ചിരുന്നതെന്ന് സങ്കൽപ്പിക്കുക. നിങ്ങളെ അറസ്റ്റുചെയ്ത്, നിങ്ങളുടെ വിശ്വാസം പരസ്യമായി തള്ളിപ്പറയാൻ ആജ്ഞാപിച്ചു. അതിനു പകരം, നിങ്ങളുടെ ആത്മാവിന്റെ സർവശക്തിയോടുംകൂടെ നിങ്ങൾ ആ ആജ്ഞ നിരസിച്ചു. ഈ സാഹചര്യത്തിൽ, ആ വ്യക്തി നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന പീഡനത്തോട് നിങ്ങൾ ഒരുതരം വിശുദ്ധമായ “വെറുപ്പ്” പ്രകടിപ്പിക്കുന്നു. എന്നാൽ ആ വ്യക്തിയുടെ ആജ്ഞ നിരസിച്ചുകൊണ്ട് ആ പ്രവൃത്തിയെ പൂർണമായി തള്ളിക്കളയുന്നതിനാൽ, അത് ആ വ്യക്തിയോടുള്ള സ്നേഹപ്രവൃത്തി കൂടിയാണ്.

അല്ലെങ്കിൽ, നിങ്ങളുടെ “സ്വന്തം ജീവനെപ്പോലും” നിങ്ങൾ എങ്ങനെ വെറുക്കുന്നു എന്നും ചിന്തിക്കുക. നിങ്ങൾ വീണ്ടും വീണ്ടും ഗൗരവമായ പാപത്തിൽ വീഴുന്നുവെന്നു കരുതുക. അനുതപിക്കുക മാത്രമല്ല, നിങ്ങൾ അകപ്പെട്ടിരിക്കുന്ന ആ ദുശ്ശീലത്തോട് ഒരുതരം വിശുദ്ധമായ വെറുപ്പ് പുലർത്തുകയും ചെയ്യുന്നതാണ് ഉചിതമായ പ്രതികരണം. നിങ്ങളുടെ പാപം നിങ്ങളെ എന്താക്കിത്തീർത്തുവോ, അതിനോടുള്ള വെറുപ്പ് എന്ന അർഥത്തിൽ ഇത് നിങ്ങളോടുതന്നെയുള്ള യഥാർഥ വെറുപ്പാണ്. എന്നാൽ ഈ വിശുദ്ധമായ വെറുപ്പിന്റെ ആത്യന്തികലക്ഷ്യം തീക്ഷ്ണതയോടെ നിങ്ങളുടെ പാപത്തെ കീഴടക്കുക എന്നതാണ്. അതിനാൽ ഇത് നിങ്ങളോടുതന്നെയുള്ള യഥാർഥ സ്നേഹപ്രവൃത്തിയാണ്.

മുകളിൽ പരാമർശിച്ച, ഇന്നത്തെ സുവിശേഷത്തിന്റെ അവസാനവാക്യം നമ്മുടെ സമ്പത്തുകളെല്ലാം ഉപേക്ഷിക്കാൻ നമ്മെ വിളിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവഹിതത്തിനു വിരുദ്ധമായ രീതിയിൽ നാം മമത പുലർത്തുന്ന എന്തും ഉപേക്ഷിക്കണം. തീർച്ചയായും, ദൈവപരിപാലനയിൽ, ജീവിതത്തിന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ സമ്പത്തുകൾ കൈവശം വയ്ക്കാൻ മിക്ക ആളുകളെയും ദൈവം ക്ഷണിക്കുന്നു; ദാരിദ്ര്യവ്രതം സ്വീകരിക്കുന്നവർ ഇതിൽനിന്ന് ഒഴിവാണ്. എന്നാൽ ഈ സാഹചര്യത്തിലും നമുക്കുള്ളതെല്ലാം നാം “ഉപേക്ഷിക്കണം”; അതായത്, ദൈവമല്ലാതെ മറ്റൊന്നിനോടും മമതയിൽ ബന്ധിക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കരുത്. എന്നാൽ ഇതാണ് യഥാർഥ അർഥത്തിലുള്ള സ്വാതന്ത്ര്യം. നിങ്ങൾക്ക് അനേകം വസ്തുക്കൾ ഉണ്ടെങ്കിലും, അവയല്ല നിങ്ങളെ സന്തുഷ്ടരാക്കുന്നതെന്ന് മനസ്സിലാക്കണം. ദൈവത്തിനും അവിടുത്തെ തിരുഹിതത്തിനും മാത്രമേ നിങ്ങൾക്കു പൂർണത നൽകാൻ കഴിയൂ. മറ്റൊന്നിനും അതിനു കഴിയില്ല. അതിനാൽ, ദൈവവും ദൈവം മാത്രവും മതിയെന്ന മനോഭാവത്തോടെ ജീവിക്കാൻ നാം പഠിക്കണം. നിങ്ങൾക്ക് ഒരു വീടും കാറും കമ്പ്യൂട്ടറും ടെലിവിഷനും മറ്റു ആധുനിക സൗകര്യങ്ങളും ലഭിക്കണമെന്നത് ദൈവഹിതമാണെങ്കിൽ, അങ്ങനെതന്നെ ആകട്ടെ. എന്നാൽ ഈ സമ്പത്തുകളെല്ലാം യഥാർഥത്തിൽ “ഉപേക്ഷിക്കുക” എന്നതിന്റെ അർഥം ഇത്രമാത്രമാണ്: എപ്പോഴെങ്കിലും അവ നഷ്ടപ്പെട്ടാലും, അത് നിങ്ങൾക്കു സ്വീകാര്യമായിരിക്കും. അതിലാണ് പൂർണമായ നിസ്സംഗത. ഏതെങ്കിലും ഭൗതികവസ്തുവിന്റെ നഷ്ടം, ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും അവിടുത്തെ വിശുദ്ധമായ തിരുഹിതം അനുസരിക്കുകയും ചെയ്യുന്നതിൽനിന്ന് നിങ്ങളെ ഒരു വിധത്തിലും പിന്തിരിപ്പിക്കുകയില്ല.

യേശുവിന്റെ വിട്ടുവീഴ്ചയില്ലാത്ത ഈ വാക്കുകളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നമ്മുടെ കർത്താവ് ഉദ്ദേശിച്ച അർഥത്തിൽ അവ കേൾക്കാൻ ശ്രമിക്കുക. ദൈവഹിതത്തിനു വിരുദ്ധമായ എല്ലാറ്റിൽനിന്നും, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിലേക്കുള്ള വഴിയിൽ തടസ്സമാകുന്ന എല്ലാറ്റിൽനിന്നും മമതയറ്റവരാകാൻ പരിശ്രമിക്കുക. ഒടുവിൽ, ദൈവത്തെ മാത്രം സ്വന്തമാക്കുന്നത് നിങ്ങൾക്ക് എന്നെങ്കിലും പ്രത്യാശിക്കാവുന്നതിനെക്കാൾ അധികമാണ്. നമ്മുടെ കരുണാമയനായ ദൈവത്തെ പൂർണമായി സ്വന്തമാക്കിയാൽ മാത്രമേ, നമ്മുടെ കർത്താവായ യേശുവിന്റെ നിർമ്മലഹൃദയത്തോടും സ്നേഹത്തോടുംകൂടെ നിങ്ങളെത്തന്നെയും മറ്റുള്ളവരെയും സ്നേഹിക്കാൻ നിങ്ങൾക്കു കഴിയൂ.

എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, വിട്ടുവീഴ്ചയില്ലാത്ത വിശുദ്ധിയുടെ ജീവിതത്തിലേക്ക് അങ്ങ് ഞങ്ങളെയെല്ലാം വിളിക്കുന്നു. എല്ലാറ്റിനുമുപരിയായി, പൂർണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നതിനും സേവിക്കുന്നതിനും തടസ്സമായതെല്ലാം ഉപേക്ഷിക്കാൻ എനിക്കാവശ്യമായ കൃപയും ജ്ഞാനവും നൽകണമേ. എന്റെ ജീവിതത്തിൽ അങ്ങും അങ്ങു മാത്രവും മഹത്ത്വപ്പെടുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ മാർട്ടിൻ ഡി പോറസ്, സന്ന്യാസി

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: പ്രസംഗിക്കുന്ന ക്രിസ്തു — റെംബ്രാന്റ് വരച്ചത്, വിക്കിമീഡിയ കോമൺസ് വഴി