മലയാളം

കടുത്ത വാക്കുകളെ അതിജീവിക്കുക

ഡിസംബർ 10, 2021
ആഗമനകാലത്തിലെ രണ്ടാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ലൊറേറ്റോ മാതാവ്—ഐച്ഛിക അനുസ്മരണം

വീഡിയോ

“യോഹന്നാൻ ഭക്ഷിക്കാതെയും പാനം ചെയ്യാതെയും വന്നു; അപ്പോൾ അവർ പറഞ്ഞു: ‘അവനു പിശാചുബാധയുണ്ട്.’ മനുഷ്യപുത്രൻ ഭക്ഷിച്ചും പാനം ചെയ്തും വന്നു; അപ്പോൾ അവർ പറഞ്ഞു: ‘ഇതാ, തീറ്റിക്കുടിയനും മദ്യപാനിയും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ ഒരുവൻ!’” മത്തായി 11:18–19a

അപവാദപ്രചാരണം എന്ന നിന്ദ്യമായ പാപമാണ് നാം ഇവിടെ കാണുന്നത്. സത്യത്തെ തെറ്റായി അവതരിപ്പിക്കുന്നതിനായി വസ്തുതകളെ മനഃപൂർവം വളച്ചൊടിക്കുന്നതാണ് അപവാദപ്രചാരണം. അടിസ്ഥാനപരമായി, മറ്റൊരാൾക്ക് ദോഷം വരുത്താൻ ഉദ്ദേശിച്ചുള്ള ഒരു നുണയാണത്.

താനും സ്നാപകയോഹന്നാനും പരിഹസിക്കപ്പെടുകയും പാപികളാണെന്ന് വ്യാജമായി കുറ്റപ്പെടുത്തപ്പെടുകയും ചെയ്തതായി യേശു ചൂണ്ടിക്കാട്ടുന്നു.  ഉദാഹരണത്തിന്, യോഹന്നാൻ ധാരാളം ഉപവസിച്ചിരുന്നു; അത് ഏറെ പുണ്യകരമായിരുന്നു.  എന്നാൽ ഫരിസേയർ അതിനെ പിശാചിന്റെ പ്രവൃത്തിയായി വ്യാഖ്യാനിച്ചു. യേശു പലരുടെയും വീടുകളിൽ അതിഥിയായി സമയം ചെലവഴിച്ചു; അവിടുന്ന് തീറ്റപ്രിയനും മദ്യപനുമാണെന്ന് കുറ്റപ്പെടുത്തപ്പെട്ടു.

ഒരാൾ അപവാദം പറയാൻ തുനിയുമ്പോൾ, പലപ്പോഴും മറ്റൊരാളിലെ ഏതെങ്കിലും പുണ്യം കണ്ട്, മറ്റുള്ളവരെ വഞ്ചിക്കാനും സത്യത്തെ തെറ്റായി അവതരിപ്പിക്കാനുമായി അതിനെ ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കുന്നു.  പലപ്പോഴും അസൂയയോ ഈർഷ്യയോ മൂലമാണ് ഇങ്ങനെ ചെയ്യുന്നത്.

പരസ്പരമുള്ള ബന്ധങ്ങളിൽ നാം എത്രമാത്രം സത്യസന്ധരാണെന്ന് പരിശോധിക്കാനുള്ള അവസരമായി ഈ ദുഃഖകരമായ സാഹചര്യം നാം ഓരോരുത്തരും കാണണം. മറ്റൊരാളിൽ നന്മ കാണുമ്പോൾ അതിൽ സന്തോഷിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ആ വ്യക്തിയുടെ നന്മയെപ്രതി ആത്മാർഥമായി ദൈവത്തിനു നന്ദി പറയാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? അതോ, ഉടൻതന്നെ ആ വ്യക്തിയുടെ സദ്ഗുണത്തെ തെറ്റായി വ്യാഖ്യാനിക്കാൻ തുടങ്ങുകയാണോ?

നിങ്ങളുടെ ചുറ്റുമുള്ളവരെ നിങ്ങൾ എങ്ങനെ കാണുന്നുവെന്നും, പ്രത്യേകിച്ച് അവരെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നുവെന്നും ഇന്ന് ചിന്തിക്കുക.  അവരുടെ പുണ്യം കാണുകയും അതിന്റെ പേരിൽ അവരെ ആത്മാർഥമായി ആദരിക്കാൻ ശ്രമിക്കുകയും ചെയ്യുക.  ഏതെങ്കിലും തരത്തിലുള്ള അസൂയയിലോ ഈർഷ്യയിലോ നിങ്ങൾ വീഴുന്നതായി കണ്ടാൽ, അത് അപവാദം എന്ന മ്ലേച്ഛമായ പാപമായി മാറാതിരിക്കാൻ നമ്മുടെ കരുണാമയനായ ദൈവത്തിന് സമർപ്പിക്കുക.

കർത്താവേ, എളിമയുടെയും സത്യത്തിന്റെയും വെളിച്ചത്തിൽ മറ്റുള്ളവരെ കാണാൻ എന്നെ സഹായിക്കണമേ. അവരുടെ നന്മയും സദ്ഗുണവും കാണാനും അതിൽ സന്തോഷിക്കാനും എന്നെ സഹായിക്കണമേ. എല്ലാ വ്യാജവും അപവാദപ്രചാരണവും എന്നിൽനിന്ന് നീക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – ലൊറേറ്റോയിലെ പരിശുദ്ധ മാതാവ്—ഐച്ഛിക അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: വിശുദ്ധ സ്നാപക യോഹന്നാൻ വരച്ചത് ടിഷ്യൻ, കടപ്പാട്: വിക്കിമീഡിയ കോമൺസ്