മലയാളം

മറിയത്തിന്റെയും യൗസേപ്പിന്റെയും സാക്ഷ്യം

ഡിസംബർ 19, 2021
ആഗമനകാലത്തിലെ നാലാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

ആഗമനകാലത്തിലെ ഓ അന്തിഫോണകൾ
ഡിസംബർ 17–23

വീഡിയോ

“കർത്താവ് അങ്ങയോട് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച അങ്ങ് ഭാഗ്യവതി.” ലൂക്കാ 1:45

ആഗമനകാലത്തിന്റെ നാലാം വാരത്തിലേക്കു പ്രവേശിക്കുമ്പോൾ, നമ്മുടെ പരിശുദ്ധ അമ്മയെയും വിശുദ്ധ യൗസേപ്പിതാവിനെയും കുറിച്ചു ധ്യാനിക്കാൻ നമുക്ക് അവസരം ലഭിക്കുന്നു. നമ്മുടെ പരിശുദ്ധ അമ്മ പരിപൂർണ്ണയും വിശുദ്ധ യൗസേപ്പിതാവ് സുകൃതസമ്പന്നനുമായിരുന്നെങ്കിലും, ഇരുവരും പൂർണ്ണമായും മനുഷ്യരായിരുന്നു. മറിയത്തിന്റെ ഗർഭകാലത്തിലൂടെയും യേശുവിന്റെ ജനനത്തിലൂടെയും എല്ലാ മാനുഷിക വികാരങ്ങളും അനുഭവങ്ങളുമായി അവർ കടന്നുപോയിട്ടുണ്ടാകും.

തന്റെ ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ ഒരു രഹസ്യത്തെ അഭിമുഖീകരിച്ചു. അസാമാന്യമായ സുകൃതവും വിശുദ്ധിയുമുള്ള സ്ത്രീയാണ് അവളെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ അറിവിനോട്, അപ്രതീക്ഷിതമായ അവളുടെ ഗർഭധാരണം എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലാക്കേണ്ടിയിരുന്നു. സ്വപ്നത്തിൽ ദൂതൻ പ്രത്യക്ഷപ്പെട്ടതിനുശേഷവും, ഈ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ടാകും.

തന്റെ ഗർഭകാലത്തെ വിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമ്മുടെ പരിശുദ്ധ അമ്മയെയും ദൈവം ക്ഷണിച്ചു. അവളുടെ മറുപടി പരിപൂർണ്ണമായിരുന്നു: “അങ്ങയുടെ വചനമനുസരിച്ച് എനിക്കു സംഭവിക്കട്ടെ.” എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാനോ മനസ്സിലാക്കാനോ അവൾക്കു കഴിഞ്ഞില്ല. എങ്കിലും, എല്ലാറ്റിന്റെയും നിയന്ത്രണം ദൈവത്തിന്റെ കൈകളിലാണെന്നും അവിടുന്ന് സകലതും തന്റെ മഹത്ത്വത്തിലേക്കു നയിക്കുകയാണെന്നും അവൾ തന്റെ ആത്മാവിന്റെ ആഴങ്ങളിൽ അറിഞ്ഞിരുന്നു.

മറിയവും യൗസേപ്പിതാവും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും അത്ഭുതകരമായ മാതൃകകളാണ്. ദൈവഹിതം തങ്ങളെ വിസ്മയകരവും അഗാധവുമായ ഒരു രഹസ്യത്തിലേക്കു നയിച്ചിട്ടും അവർ ദൈവഹിതത്തോട് അനുസരണയുള്ളവരായിരുന്നു. ലോകരക്ഷയ്ക്കും അതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ പ്രവൃത്തിക്കും അവർ നേരിട്ടുള്ള സാക്ഷികളായിരുന്നു. ഇരുവരും ഈ രഹസ്യത്തെ പുൽകുകയും വിശ്വാസത്തോടെ സ്വീകരിക്കുകയും ചെയ്തു.

ജീവിതത്തിലെ രഹസ്യങ്ങളെ പുൽകാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നതിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ദൈവത്തിന്റെ വഴികൾ പലപ്പോഴും നമുക്കു ഗ്രഹിക്കാനും മനസ്സിലാക്കാനും കഴിയുന്നതിന് അപ്പുറമാണ്. നാം പങ്കുചേരാൻ ദൈവം ക്ഷണിക്കുന്ന ഓരോ രഹസ്യത്തെയും എങ്ങനെ അഭിമുഖീകരിക്കണമെന്ന് മറിയവും യൗസേപ്പിതാവും സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ നമുക്കു കാണിച്ചുതരുന്നു. ഈ വിശുദ്ധ ദമ്പതികൾ ചെയ്തതുപോലെ ദൈവഹിതത്തോട് “അതെ” എന്നു പറയുക.

ഏറ്റവും പ്രിയപ്പെട്ട മാതാവായ മറിയമേ, വിശുദ്ധ യൗസേപ്പിതാവേ, അങ്ങിരുവരും ജീവിച്ചുകാട്ടിയ വിശ്വാസം എനിക്കും ഉണ്ടാകാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. എന്റെ ഹൃദയത്തിൽ ചോദ്യങ്ങൾ ഉയരുമ്പോൾ, അങ്ങിരുവരും ചെയ്തതുപോലെ ഉദാരമനസ്സോടെ ദൈവത്തോടു പ്രതികരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങിരുവരെയും അനുകരിച്ച്, ദൈവം അരുളിച്ചെയ്ത സകലതിലും ഞാൻ വിശ്വസിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: മംഗളവാർത്ത — മത്തിയാസ് സ്റ്റോം വരച്ചത്, Wikimedia Commons വഴി