മലയാളം

എന്റെ അവിശ്വാസം പരിഹരിക്കണമേ!

2022 ഫെബ്രുവരി 21
ആണ്ടുവട്ടത്തിലെ ഏഴാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

വീഡിയോ

“അങ്ങേക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ.”  യേശു അവനോടു പറഞ്ഞു: “‘അങ്ങേക്ക് കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.”  അപ്പോൾ ആ ബാലന്റെ പിതാവ് വിളിച്ചുപറഞ്ഞു: “ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസം പരിഹരിക്കണമേ!”  മർക്കോസ് 9:22-24

യേശുവിനെക്കുറിച്ച് ജനങ്ങൾ നിയമജ്ഞരുമായി തർക്കിച്ചുകൊണ്ടിരുന്ന, അല്പം സംഘർഷഭരിതമായ ഒരു രംഗത്തിന്റെ മധ്യത്തിലാണ് ഈ തിരുവചനഭാഗം വരുന്നത്. തർക്കത്തെക്കുറിച്ച് യേശു അന്വേഷിച്ചപ്പോൾ, ഒരാൾ മുന്നോട്ടുവന്ന് ജനനംമുതൽ പിശാചുബാധിതനായിരുന്ന തന്റെ മകനെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചു. “അങ്ങേക്ക് കഴിയുമെങ്കിൽ!” എന്നും അയാൾ തന്റെ അപേക്ഷയോടു ചേർക്കുന്നു. അയാളുടെ വിശ്വാസക്കുറവിനെ ശാസിച്ചുകൊണ്ടാണ് യേശു പ്രതികരിക്കുന്നതെന്നു തോന്നുന്നു. അവിടുന്ന് പറയുന്നു: “‘അങ്ങേക്ക് കഴിയുമെങ്കിൽ’ എന്നോ! വിശ്വാസമുള്ളവന് എല്ലാം സാധ്യമാണ്.”

ആ പിതാവ് ഏറെക്കുറെ നിരാശമായ ഒരു മാനസികാവസ്ഥയിലാണ് യേശുവിന്റെ അടുക്കൽ വന്നതെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അയാൾ യേശുവിന്റെ അടുക്കൽ വന്നത് നല്ലതുതന്നെ. എന്നാൽ, നിരാശയുണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ യേശുവിന്റെ അടുക്കൽ വരേണ്ടതായിരുന്നു. നാം പലപ്പോഴും നമ്മുടെ കർത്താവിന്റെ അടുക്കൽ വരുന്നതെങ്ങനെയെന്നതിനെക്കുറിച്ച് ഇതു നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു.

ജീവിതം നന്നായി പോകുമ്പോൾ, ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും ക്ഷയിക്കാൻ നാം പലപ്പോഴും അനുവദിക്കുന്നു. കാര്യങ്ങൾ നന്നായി നടക്കുമ്പോൾ, ദൈവം ദൈവമാണെന്നും നാം ദിവസവും അവിടുത്തെ സ്നേഹിക്കുകയും എല്ലാം അവിടുത്തേക്ക് സമർപ്പിക്കുകയും വേണമെന്നുമുള്ള സത്യം മറക്കാൻ എളുപ്പമാണ്. ജീവിതത്തിലെ നന്മകളുടെ കാര്യത്തിലും നാം അവിടുത്തെ ആശ്രയിക്കണം. നേരെമറിച്ച്, അപ്രതീക്ഷിതമായി ഒരു ബുദ്ധിമുട്ട് നേരിടുമ്പോൾ, നമ്മുടെ ആവശ്യനേരത്ത് നാം പെട്ടെന്നു ദൈവത്തിലേക്കു തിരിയുന്നു. രോഗം വരുമ്പോൾ ഒരു ഡോക്ടറെ സമീപിക്കുന്നതുപോലെയാണ് നാം അവിടുത്തെ സമീപിക്കുന്നത്. ആരോഗ്യത്തോടെയിരിക്കുമ്പോൾ ഡോക്ടറുടെ അടുക്കൽ പോകുന്നത് ഒഴിവാക്കി, അത്യാവശ്യം വരുന്നതുവരെ നാം കാത്തിരിക്കുന്നു.

കാര്യങ്ങൾ പെട്ടെന്നു നിയന്ത്രണാതീതമാകുമ്പോൾ, നമ്മുടെ ആവശ്യനേരത്ത് യേശുവിലേക്കു തിരിയുന്നത് നല്ലതാണെങ്കിലും, ജീവിതം നന്നായി പോകുമ്പോഴും അടിയന്തരമായ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തപ്പോഴും അവിടുത്തെ സമീപിക്കുന്നത് അതിലും ഏറെ നല്ലതാണ്. തികഞ്ഞ നിരാശകൊണ്ടുമാത്രമാണ് ഈ മനുഷ്യൻ യേശുവിന്റെ അടുക്കൽ വന്നതെന്നതും, തന്നെ സഹായിക്കാൻ യേശുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുപോലും അയാൾക്ക് ഉറപ്പില്ലായിരുന്നുവെന്നതും അയാളുടെ വിശ്വാസക്കുറവു വെളിപ്പെടുത്തുന്നു. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. കർത്താവിന് ഇടപെടാൻ കഴിയുമെന്ന പ്രത്യാശയുണ്ടെങ്കിലും അതിൽ ഉറപ്പില്ലാതെ, ഏതെങ്കിലും പ്രതിസന്ധിയുടെ നടുവിലാകുന്നതുവരെ അവിടുത്തെ സമീപിക്കാൻ നാം കാത്തിരിക്കുമ്പോൾ, ഒരുതരം വിശ്വാസക്കുറവാണ് നാം പ്രകടമാക്കുന്നത്.

എന്നാൽ സന്തോഷവാർത്ത ഇതാണ്: ഈ മനുഷ്യനുണ്ടായിരുന്ന അല്പമായ വിശ്വാസത്തിലൂടെ യേശു പ്രവർത്തിച്ചു; നമ്മുടെ കാര്യത്തിലും അവിടുന്ന് അങ്ങനെതന്നെ ചെയ്യും. അവിടുന്ന് അയാളുടെ മകനെ സുഖപ്പെടുത്തി. അല്പം വിശ്വാസത്തോടെയെങ്കിലും നാം അവിടുത്തെ സമീപിക്കുമ്പോൾ അവിടുന്ന് നമ്മെയും സുഖപ്പെടുത്തും. എന്നാൽ, നാം പ്രകടമാക്കിയ ആ ചെറിയ വിശ്വാസം തുടർന്ന് വളരുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഏറ്റവും ഉചിതം. വ്യക്തമായ പ്രതിസന്ധിയോ അടിയന്തരമായ ആവശ്യമോ ഇല്ലാത്തപ്പോഴും, ദിവസവും യേശുവിന്റെ അടുക്കൽ വരാൻ നമ്മെ പ്രേരിപ്പിക്കുന്നവിധം ആ വിശ്വാസം വളരണം. സ്നേഹത്താൽ അവിടുത്തെ സമീപിക്കുന്നത് ആഴമേറിയതും യഥാർഥവുമായ വിശ്വാസത്തിന്റെ സത്യമായ അടയാളമാണ്.

യേശുവിന്റെ അടുക്കൽ വരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. തീർച്ചയായും, കാര്യങ്ങൾ നന്നായി പോകാത്തപ്പോൾ അവിടുത്തെ സമീപിക്കുക. എന്നാൽ വിശ്വാസത്തിന്റെ അടിസ്ഥാനസത്യത്തെക്കുറിച്ചും വിചിന്തനം ചെയ്യുക: നിങ്ങൾക്കുള്ള ആഴമേറിയതും അചഞ്ചലവുമായ വിശ്വാസവും അവിടുത്തോടുള്ള സ്നേഹവും നിമിത്തം, എല്ലാ കാര്യങ്ങളിലും അവിടുത്തെ സമീപിക്കുന്നത് നിങ്ങളുടെ ദൈനംദിനശീലമാക്കണം. ഇത്തരത്തിലുള്ള വിശ്വാസം നമ്മുടെ കർത്താവിന്റെ ഹൃദയത്തിന് ആനന്ദം നൽകുകയും, നല്ലൊരു ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കുംവിധം നിങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്യും.

സർവശക്തനായ കർത്താവേ, എല്ലാക്കാര്യങ്ങളിലും അങ്ങയുടെ അടുക്കൽ വരാൻ എനിക്കാകട്ടെ.  ജീവിതം നന്നായി പോകുമ്പോൾ അങ്ങയെ സ്നേഹിക്കാനും സേവിക്കാനും, ജീവിതം വെല്ലുവിളികൾ നിറഞ്ഞതാകുമ്പോൾ അചഞ്ചലമായ വിശ്വാസത്തോടെ അങ്ങയിൽ ആശ്രയിക്കാനും എനിക്കാകട്ടെ.  എന്റെ വിശ്വാസം വർധിപ്പിക്കുകയും ജീവിതത്തിലെ ഓരോ ദിവസവും ആ വിശ്വാസം പ്രകടമാക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – മെത്രാനും വേദപാരംഗതനുമായ വിശുദ്ധ പീറ്റർ ഡാമിയൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ക്രിസ്തുവിന്റെ പാദങ്ങളിൽ മുട്ടുകുത്തുന്ന ശതാധിപൻ അഥവാ ഒരു ഉദ്യോഗസ്ഥന്റെ മകനെ സുഖപ്പെടുത്തുന്ന യേശു — വരച്ചത് ജോസഫ്-മാരി വിയൻ, വിക്കിമീഡിയ കോമൺസ് വഴി


നോമ്പുകാലത്തേക്കുള്ള മികച്ച രണ്ടു പുസ്തകങ്ങൾ:

നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ
കൂടുതൽ വിചിന്തനങ്ങളും കൂടുതൽ വിശദമായ ഉള്ളടക്കപ്പട്ടികയും ഉൾപ്പെടുത്തി നോമ്പുകാലം & ഉയിർപ്പുകാലം 2022-നായി പുതുക്കിയത്

നോമ്പുകാല–ഉയിർപ്പുകാല വിചിന്തനങ്ങൾ എന്നത് കത്തോലിക്കാ അനുദിന വിചിന്തന പരമ്പരയിലെ നാലു പുസ്തകങ്ങളിൽ ഒന്നാണ്. അന്നന്നത്തെ സുവിശേഷത്തെക്കുറിച്ച് പ്രായോഗികവും വിശ്വാസത്തോടു വിശ്വസ്തവും നിത്യജീവിതത്തോടു ചേർന്നുനിൽക്കുന്നതുമായ വിചിന്തനങ്ങൾ നൽകുന്ന ഈ ഭക്തിഗ്രന്ഥം അനുദിന ധ്യാനത്തിനും പ്രാർഥനയ്ക്കും മികച്ചൊരു സഹായിയാണ്. ഞായറാഴ്ചകളിലെ വർഷങ്ങൾ A, B & C, അനുദിന വിശുദ്ധ കുർബാനയ്ക്കായി തിരഞ്ഞെടുക്കാവുന്ന എല്ലാ സുവിശേഷവായനകൾ, എല്ലാ തിരുനാളുകളും മഹോത്സവങ്ങളും എന്നിവ ഉൾപ്പെടെ, തിരഞ്ഞെടുക്കാവുന്ന ഓരോ സുവിശേഷഭാഗത്തിനും വിചിന്തനങ്ങൾ നൽകുന്നതിനാൽ ഏത് ആരാധനക്രമവർഷത്തിലും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാലത്തും ഉയിർപ്പുകാലത്തും ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും നിങ്ങളുടെ ഹൃദയത്തെ കൂടുതൽ പൂർണമായി രൂപാന്തരപ്പെടുത്താൻ അനുവദിക്കൂ!  ഇത് പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിലും ലഭ്യമാണ്!

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം

തന്റെ പ്രിയപുത്രനു നേരിടേണ്ടിവന്ന കഠിനമായ പീഡകൾ സഹിച്ച നമ്മുടെ പരിശുദ്ധ അമ്മയുടെ മനസ്സിനെയും ഹൃദയത്തെയും കുറിച്ച് പ്രാർഥനാപൂർവം ധ്യാനിക്കാൻ ഈ അനുദിന ഭക്തിഗ്രന്ഥം നിങ്ങളെ ക്ഷണിക്കുന്നു. പരിപൂർണമായ വിശ്വാസത്തോടും സ്നേഹത്തോടും ഭക്തിയോടും കൂടിയാണ് പരിശുദ്ധ മറിയം തന്റെ പുത്രന്റെ കുരിശിനെ അഭിമുഖീകരിച്ചത്. പുത്രന്റെ ജീവിതത്തിലുടനീളം അവനോടുള്ള അമ്മയുടെ വിശ്വസ്തത അചഞ്ചലമായിരുന്നു. നീണ്ട ആ മൂന്നു മണിക്കൂറുകളിൽ കുരിശിനു മുമ്പിൽ നിന്നപ്പോഴും ആ വിശ്വസ്തതയ്ക്ക് ഒരിക്കലും കുറവുണ്ടായില്ല.