ഫെബ്രുവരി 25, 2022
ആണ്ടുവട്ടത്തിലെ ഏഴാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ഫരിസേയർ യേശുവിനെ സമീപിച്ച് ചോദിച്ചു: “ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?” അവർ അവനെ പരീക്ഷിക്കുകയായിരുന്നു. മർക്കോസ് 10:2
യേശുവിനെ കെണിയിൽപ്പെടുത്താൻ ഫരിസേയർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇത് ദുഃഖകരമായ ഒരു വസ്തുതയാണെങ്കിലും, സത്യം അന്വേഷിക്കുന്നതിനെക്കുറിച്ച് ഇത് നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു.
ജീവിതത്തിൽ നാം പരിശ്രമിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലൊന്ന് സത്യം അന്വേഷിക്കുക എന്നതാണ്. സത്യം അറിയാൻ നാം ശ്രമിക്കണം; തുടർന്ന്, ആ സത്യം നമ്മെ സ്വതന്ത്രരാക്കാൻ അനുവദിക്കണം. ഒരു തലത്തിൽ നോക്കുമ്പോൾ, ഫരിസേയരും സത്യം അന്വേഷിക്കുകയായിരുന്നു. മോശയുടെ നിയമത്തെക്കുറിച്ചും ആ നിയമത്തിന് യേശു നൽകുന്ന വ്യാഖ്യാനത്തെക്കുറിച്ചും അവർ അവനോട് ഒരു ചോദ്യം ചോദിച്ചു. ഇത്തരമൊരു ചോദ്യം ചോദിക്കുന്നതും യേശുവിൽനിന്ന് ഉത്തരം തേടുന്നതും നല്ലതാണെങ്കിലും, ഇവിടെ നാം തിരിച്ചറിയേണ്ട സൂക്ഷ്മമായ ഒരു വ്യത്യാസമുണ്ട്.
ചോദ്യം ചോദിക്കുന്നയാളുടെ ഉദ്ദേശ്യത്തിലാണ് ഈ വ്യത്യാസം. ഇവിടെ ഫരിസേയർ യേശുവിനോട് ചോദ്യം ചോദിച്ചത് സത്യം അന്വേഷിച്ചതുകൊണ്ടല്ല; മറിച്ച്, വഞ്ചിച്ച് തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് അവനെ വഴിതിരിച്ചുവിടുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. അവനെ കുറ്റംവിധിക്കാനായി കെണിയിൽപ്പെടുത്താൻ സഹായിക്കുന്ന എന്തെങ്കിലും കണ്ടെത്താനായിരുന്നു അവരുടെ ശ്രമം. യേശുവിനോട് ചോദ്യം ചോദിക്കാൻ അതിലും ഏറെ മെച്ചമായ മാർഗം, രണ്ടു കാരണങ്ങളാൽ അവന്റെ അടുക്കൽ വരിക എന്നതാണ്.
ഒന്നാമതായി, എല്ലാ സത്യത്തിന്റെയും ഉറവിടം അവനാണെന്ന് വിനയപൂർവം വിശ്വസിച്ചുകൊണ്ടായിരിക്കണം നാം ചോദ്യങ്ങളുമായി അവന്റെ അടുക്കൽ എത്തേണ്ടത്. ഇതിന് വിനയം ആവശ്യമാണ്; കാരണം, യേശുവിന് നമ്മെക്കാൾ നന്നായി അറിയാമെന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. അവന്റെ പക്കൽ ഉത്തരമുണ്ട്—നമ്മുടെ പക്കലുള്ളതിനെക്കാൾ മികച്ച ഉത്തരം.
രണ്ടാമതായി, യേശുവിനോട് ഒരു ചോദ്യം ചോദിക്കുമ്പോൾ, അതിനു പിന്നിലെ നമ്മുടെ പ്രേരണ നാം പരിശോധിക്കണം. അറിയാനുള്ള ആഗ്രഹം മാത്രമായിരിക്കട്ടെ നമ്മുടെ പ്രേരണ. അവനാണ് സത്യത്തിന്റെ ഉറവിടമെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു; അതിനാൽ, മനസ്സിലാക്കാനായി നാം അവനിലേക്കു തിരിയുന്നു. അങ്ങനെ, അവന്റെ പക്കൽ ഉത്തരങ്ങളുണ്ടെന്ന് വിനയപൂർവം വിശ്വസിക്കുക മാത്രമല്ല, അവ അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. ചാറ്റൽമഴ ഏറ്റുവാങ്ങാൻ ഒരുങ്ങിയ വരണ്ട ഭൂമിപോലെ, അറിയാൻ ആഗ്രഹിക്കുന്നതും തുറവിയുള്ളതുമായ ഇത്തരമൊരു ഹൃദയം അവൻ നമ്മോടു പറയുന്നതെല്ലാം സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു.
ജീവിതത്തിലെ നിങ്ങളുടെ എല്ലാ ചോദ്യങ്ങളും പതിവായി നമ്മുടെ കർത്താവിന്റെ മുമ്പിൽ സമർപ്പിക്കുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രേരണ പരിശോധിക്കുക. സത്യം തന്നെയായ ഉറവിടത്തിൽനിന്ന് നിർമലമായ സത്യം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വിനീതഹൃദയം സ്വന്തമാക്കാൻ പരിശ്രമിക്കുക.
സത്യവാനായ എന്റെ കർത്താവേ, എല്ലാ സത്യത്തിന്റെയും ഉറവിടമായ അങ്ങയിലേക്കു ഞാൻ തിരിയുന്നു. അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കുകയും അങ്ങയുടെ ജ്ഞാനത്താൽ എന്നെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങ് ജീവിതത്തെ കാണുന്നതുപോലെ അതിനെ മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ; ആ തിരിച്ചറിവോടെ അങ്ങയുടെ വിശുദ്ധ ഹിതം സ്വീകരിക്കാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




