മലയാളം

ദൈവത്തിന്റെ സമയം

മാർച്ച് 23, 2022
നോമ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

മൊഗ്രോവേഹോയിലെ വിശുദ്ധ തുരീബിയൂസ്, മെത്രാൻ—ഐച്ഛിക അനുസ്മരണം

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്.”  മത്തായി 5:17

ചിലപ്പോൾ ദൈവം വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്നു തോന്നും…വളരെ വളരെ സാവധാനം. നമ്മുടെ ജീവിതത്തിൽ ദൈവം നിശ്ചയിച്ച സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക നമുക്കെല്ലാവർക്കും പ്രയാസമായി തോന്നിയിട്ടുണ്ടാകാം. ഏറ്റവും നല്ലത് എന്താണെന്ന് നമുക്കറിയാമെന്നും, കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിച്ചാൽ ദൈവത്തെ പ്രവർത്തിക്കാൻ നിർബന്ധിക്കാമെന്നും, ഒടുവിൽ നാം പ്രാർത്ഥിക്കുന്ന കാര്യം അവിടുന്ന് ചെയ്തുതരുമെന്നും ചിന്തിക്കാൻ എളുപ്പമാണ്. എന്നാൽ ദൈവം പ്രവർത്തിക്കുന്നത് അങ്ങനെയല്ല.

മുകളിൽ ഉദ്ധരിച്ച തിരുവചനഭാഗം ദൈവത്തിന്റെ വഴികളെക്കുറിച്ച് നമുക്ക് കുറച്ചെങ്കിലും ഉൾക്കാഴ്ച നൽകേണ്ടതാണ്. അവ സാവധാനമുള്ളതും സുസ്ഥിരവും പരിപൂർണ്ണവുമാണ്. “നിയമത്തെയും പ്രവാചകന്മാരെയും” പരാമർശിച്ചുകൊണ്ട്, അവയെ അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് താൻ വന്നതെന്ന് യേശു പറയുന്നു. ഇത് സത്യമാണ്. എന്നാൽ ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് ശ്രദ്ധാപൂർവം നോക്കുന്നത് പ്രയോജനകരമാണ്.

ആയിരക്കണക്കിന് വർഷങ്ങളിലൂടെയാണ് ഇത് സംഭവിച്ചത്. ദൈവത്തിന്റെ പരിപൂർണ്ണമായ പദ്ധതി വെളിപ്പെട്ടുവരാൻ സമയമെടുത്തു. എന്നാൽ അവിടുത്തെ സമയത്തും അവിടുത്തെ രീതിയിലും അത് വെളിപ്പെട്ടുവന്നു. മിശിഹാ വന്ന് സകലതും പൂർത്തിയാക്കാൻ പഴയനിയമകാലത്തുണ്ടായിരുന്ന എല്ലാവരും ഒരുപക്ഷേ ആകാംക്ഷയോടെ കാത്തിരുന്നിരിക്കാം. എന്നാൽ പ്രവാചകന്മാർ ഓരോരുത്തരായി വരുകയും കടന്നുപോകുകയും ചെയ്തു; വരാനിരിക്കുന്ന മിശിഹായിലേക്കു വിരൽചൂണ്ടുന്നത് അവർ തുടർന്നുകൊണ്ടിരുന്നു. പഴയനിയമത്തിലെ നിയമംപോലും മിശിഹായുടെ വരവിനായി ദൈവജനത്തെ ഒരുക്കാനുള്ള ഒരു മാർഗമായിരുന്നു. എന്നാൽ അതും സാവധാനമുള്ള ഒരു പ്രക്രിയയായിരുന്നു: നിയമം രൂപപ്പെടുത്തുക, ഇസ്രായേൽ ജനത്തിനിടയിൽ അതു നടപ്പാക്കുക, അത് മനസ്സിലാക്കാൻ അവരെ പ്രാപ്തരാക്കുക, തുടർന്ന് അതനുസരിച്ച് ജീവിക്കാൻ തുടങ്ങുക.

ഒടുവിൽ മിശിഹാ വന്നപ്പോഴും, ആവേശവും തീക്ഷ്ണതയും നിമിത്തം അവിടുന്ന് അപ്പോൾത്തന്നെ സകലതും പൂർത്തിയാക്കണമെന്ന് ആഗ്രഹിച്ച അനേകരുണ്ടായിരുന്നു. തങ്ങളുടെ ഭൗമികരാജ്യം സ്ഥാപിക്കപ്പെടണമെന്നും, തങ്ങൾ പുതുതായി കണ്ടെത്തിയ മിശിഹാ തന്റെ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കണമെന്നും അവർ ആഗ്രഹിച്ചു!

എന്നാൽ ദൈവത്തിന്റെ പദ്ധതി മനുഷ്യജ്ഞാനത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അവിടുത്തെ വഴികൾ നമ്മുടെ വഴികളെക്കാൾ എത്രയോ ഉന്നതമായിരുന്നു. അവിടുത്തെ വഴികൾ ഇന്നും നമ്മുടെ വഴികളെക്കാൾ എത്രയോ ഉന്നതമാണ്! പഴയനിയമത്തിലെ നിയമത്തിന്റെയും പ്രവാചകന്മാരുടെയും ഓരോ ഭാഗവും യേശു പൂർത്തിയാക്കി; പലരും പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല എന്നുമാത്രം.

ഇത് നമ്മെ എന്താണ് പഠിപ്പിക്കുന്നത്? വളരെയേറെ ക്ഷമയുള്ളവരായിരിക്കാൻ ഇത് നമ്മെ പഠിപ്പിക്കുന്നു. സമർപ്പണവും വിശ്വാസവും പ്രത്യാശയും ഇത് നമ്മെ പഠിപ്പിക്കുന്നു. തീക്ഷ്ണമായും നന്നായും പ്രാർത്ഥിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, ശരിയായ രീതിയിൽ പ്രാർത്ഥിക്കണം. ശരിയായ പ്രാർത്ഥനാരീതി ഇതാണ്: അങ്ങയുടെ തിരുമനസ്സ് നിറവേറട്ടെ! എന്ന് നിരന്തരം പ്രാർത്ഥിക്കുക. ഇതും ആദ്യം പ്രയാസമായിരിക്കും. എന്നാൽ നമ്മുടെ ജീവിതത്തിനും, നാം നേരിടുന്ന ഓരോ പോരാട്ടത്തിനും സാഹചര്യത്തിനുംവേണ്ടി ദൈവത്തിന് എപ്പോഴും പരിപൂർണ്ണമായ ഒരു പദ്ധതിയുണ്ടെന്ന് മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ അത് എളുപ്പമാകുന്നു.  

കർത്താവിന്റെ വഴികളിലുള്ള നിങ്ങളുടെ ക്ഷമയെയും വിശ്വാസത്തെയുംകുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിനായി അവിടുത്തേക്ക് പരിപൂർണ്ണമായ ഒരു പദ്ധതിയുണ്ട്. ആ പദ്ധതി നിങ്ങളുടെ പദ്ധതിയിൽനിന്ന് വ്യത്യസ്തമായിരിക്കാനാണ് ഏറെ സാധ്യത. അവിടുത്തേക്ക് സ്വയം സമർപ്പിക്കുക; എല്ലാ കാര്യങ്ങളിലും അവിടുത്തെ വിശുദ്ധമായ തിരുമനസ്സ് നിങ്ങളെ നയിക്കട്ടെ.

പരിപൂർണ്ണനായ എന്റെ കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങയെ ഭരമേൽപ്പിക്കുന്നു.  എനിക്കും അങ്ങയുടെ പ്രിയപ്പെട്ട എല്ലാ മക്കൾക്കുമായി അങ്ങയ്ക്ക് പരിപൂർണ്ണമായ ഒരു പദ്ധതിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.  അങ്ങേക്കായി കാത്തിരിക്കാനും എന്റെ ജീവിതത്തിൽ അങ്ങയുടെ തിരുഹിതം നിറവേറ്റാൻ അങ്ങയെ അനുവദിക്കാനും എനിക്കു ക്ഷമ നൽകണമേ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു!

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
പത്തൊൻപതാം വിചിന്തനം – തോട്ടത്തിലെ പ്രാണവേദന
(നോമ്പുകാലത്തിലെ മൂന്നാം ആഴ്ചയിലെ ബുധൻ)

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – മൊഗ്രൊവേഹോയിലെ വിശുദ്ധ തുരീബിയൂസ്, മെത്രാൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിലെ പ്രധാന ചിത്രം: ഗലീലി കടലിൽ യേശുവും അവിടുത്തെ ശിഷ്യന്മാരും. രചന: കാൾ ഓസ്റ്റർലി, വിക്കിമീഡിയ കോമൺസ് വഴി