മലയാളം

പരിശുദ്ധാത്മാവിന്റെ ദാനത്തിന് അളവില്ല

ഏപ്രിൽ 28, 2022
ഉയിർപ്പുകാലം രണ്ടാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ പീറ്റർ ഷനേൽ, പുരോഹിതനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

പുരോഹിതനായ വിശുദ്ധ ലൂയിസ് ഗ്രിഞ്ഞോൺ ദെ മോൺഫോർട്ട്—ഐച്ഛിക അനുസ്മരണം

വീഡിയോ

അവിടുന്ന് പരിശുദ്ധാത്മാവിനെ ദാനമായി നൽകുന്നത് അളന്നുപരിമിതപ്പെടുത്തിയല്ല.  യോഹന്നാൻ 3:34

യുദ്ധകാലത്ത് പട്ടാളക്കാർക്ക് ഭക്ഷണം വളരെ കുറവായിരിക്കുമ്പോൾ, അവർ അത് അളന്നു പരിമിതമായി ഉപയോഗിക്കേണ്ടിവരും.  ഉള്ള ഭക്ഷണം കഴിയുന്നത്ര നാൾ തികയാൻ, അവർ ഓരോ ദിവസവും അളന്നെടുത്ത ചെറിയ അംശങ്ങൾ മാത്രമേ കഴിക്കൂ.  അങ്ങനെ ചെയ്തില്ലെങ്കിൽ ഭക്ഷണം തീർന്നുപോകുകയും അവർ പട്ടിണിയിലാകുകയും ചെയ്തേക്കാം.

ദൈവത്തിന്റെയും അവിടുത്തെ കൃപയുടെയും കാര്യത്തിലും ഇങ്ങനെയായിരുന്നെങ്കിലോ?  പരിശുദ്ധാത്മാവ് നമ്മോടു പറഞ്ഞിരുന്നെങ്കിലോ: “ഇനി ഞാൻ നിങ്ങളെ പരിമിതമായ അളവിൽ മാത്രമേ സഹായിക്കൂ.  ഞാൻ നിങ്ങൾക്കു നൽകുന്ന കൃപ ഉപയോഗിച്ചുതീർന്നാൽ, പിന്നെ നിങ്ങൾ സ്വയം നോക്കിക്കൊള്ളണം.”  അയ്യോ!  അതു വലിയ ബുദ്ധിമുട്ടാകുമായിരുന്നു.

എന്നാൽ ദൈവം നമ്മോടു പെരുമാറുന്നത് ഇതിനു നേർവിപരീതമായ രീതിയിലാണ് എന്നതാണ് സദ്വാർത്ത.  പരിശുദ്ധാത്മാവിനെ പൂർണമായി വർഷിക്കുമെന്ന് അവിടുന്ന് ഉറപ്പുനൽകുകയും നമുക്ക് എപ്പോഴെങ്കിലും ആവശ്യമാകാവുന്നതോ നാം ആഗ്രഹിക്കാവുന്നതോ ആയ സകല കൃപയും നൽകുകയും ചെയ്യുന്നു.  എന്നിട്ടും നാം പലപ്പോഴും അവിടുത്തെ കൃപയെ “അളന്നുപരിമിതപ്പെടുത്തുന്നു” എന്നതാണ് പ്രശ്നം.  ദൈവത്തിനു പരിമിതികളുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടല്ല നാം ഇങ്ങനെ ചെയ്യുന്നത്.  മറിച്ച്, നമ്മുടെ ജീവിതത്തിൽ തന്റെ സർവശക്തി സ്വതന്ത്രമായി പ്രവർത്തിക്കാൻ ദൈവത്തെ അനുവദിക്കുന്നതിനു ഭയമുള്ളതുകൊണ്ടാണ് നാം പലപ്പോഴും അങ്ങനെ ചെയ്യുന്നത്.

നിങ്ങളെ സംബന്ധിച്ച് താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ ദൈവത്തെ അനുവദിച്ചാൽ നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഇന്ന് ചിന്തിക്കുക.  എന്തൊക്കെ മാറും?  നിങ്ങളുടെ അനുദിനജീവിതം, ബന്ധങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ, ഭാവി എന്നിവ എങ്ങനെയൊക്കെ വ്യത്യസ്തമാകും?  ബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ, എല്ലാ കാര്യങ്ങളിലും ദൈവഹിതം പൂർണമായി സ്വീകരിക്കുന്നതാണ് ശരിയെന്ന് നമുക്കറിയാം.  എന്നാൽ അത് യഥാർഥത്തിൽ ചെയ്യേണ്ടിവരുമ്പോൾ പലപ്പോഴും ഏറെ മടിയുണ്ടാകുന്നു. അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയമായിരിക്കാം അതിനു കാരണം.  അല്ലെങ്കിൽ, മാറാൻ നാം പൂർണമനസ്സോടെ ആഗ്രഹിക്കുന്നില്ല എന്നതുമാകാം.  കാരണം എന്തുതന്നെയായാലും, പരിശുദ്ധാത്മാവിന്റെ പൂർണമായ വർഷണത്തിലൂടെ ദൈവം നിങ്ങൾക്ക് അളവില്ലാത്ത കൃപ നൽകുകയാണ്.  അതിനെ അളന്നുപരിമിതപ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.

അളവറ്റ സമൃദ്ധിയുടെ നാഥാ, എന്റെ ജീവിതത്തിൽ അങ്ങ് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അങ്ങയെ അനുവദിക്കണമെന്ന് ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുന്നു. അങ്ങയുടെ കൃപയിൽ പൂർണമായി മുഴുകാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയോട് “അതെ” എന്നു പറയുന്നത് എന്നെ എന്തിലേക്കു നയിച്ചാലും, അങ്ങനെ പറയാൻ എന്നെ സഹായിക്കണമേ. അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്ന മഹത്തായ ഈ “അതെ” എന്ന സമ്മതത്തിൽ വിശ്വാസമർപ്പിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – വിശുദ്ധ പീറ്റർ ചാനൽ, വൈദികനും രക്തസാക്ഷിയും

പുരോഹിതനായ വിശുദ്ധ ലൂയിസ് ഗ്രിഞ്ഞോൺ ദെ മോൺഫോർട്ട്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: പരിശുദ്ധാത്മാവിന്റെ വർഷണം — ആന്റണി വാൻ ഡൈക്ക് രചിച്ചത്, വിക്കിമീഡിയ കോമൺസ് വഴി