2022 മേയ് 1
ഉയിർപ്പുകാലം മൂന്നാം ഞായർ (വർഷം C)
ഇന്നത്തെ വായനകൾ

അപ്പോൾ യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ പത്രോസിനോടു പറഞ്ഞു: “അതു കർത്താവാണ്.” അതു കർത്താവാണെന്നു കേട്ടപ്പോൾ ശിമയോൻ പത്രോസ് തന്റെ വസ്ത്രം അരയിൽ ചുറ്റിക്കെട്ടി കടലിലേക്കു ചാടി; കാരണം, അവൻ അല്പവസ്ത്രധാരിയായിരുന്നു. യോഹന്നാൻ 21:7
പത്രോസ് പൂർണമായും ഇറങ്ങിത്തിരിച്ചു, അക്ഷരാർഥത്തിൽത്തന്നെ. ഉത്ഥാനത്തിനുശേഷം യേശു അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളിലൊന്നിൽനിന്നാണ് മുകളിലെ ഈ ഭാഗം എടുത്തിരിക്കുന്നത്. അവർ രാത്രി മുഴുവൻ മീൻപിടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല. കരയിൽനിന്ന് യേശു അവരോടു വഞ്ചിയുടെ വലതുവശത്തു വലയിടാൻ പറഞ്ഞു. അങ്ങനെ ചെയ്തപ്പോൾ അവർക്ക് കൈകാര്യം ചെയ്യാനാവുന്നതിലേറെ മീൻ ലഭിച്ചു. അതു യേശുവാണെന്നു തിരിച്ചറിഞ്ഞ് യോഹന്നാൻ അക്കാര്യം പറഞ്ഞപ്പോൾ, പത്രോസിനു തന്റെ ആഹ്ലാദം അടക്കാനായില്ല; തന്റെ കർത്താവിന്റെ അടുക്കലെത്താൻ അവൻ വെള്ളത്തിലേക്കു ചാടി.
ധ്യാനിക്കാൻ എത്ര മനോഹരമായ ഒരു ദൃശ്യമാണിത്! പ്രത്യേകിച്ചും, വെള്ളത്തിലേക്കു ചാടി കരയിലേക്കു നീന്താൻ പത്രോസിനെ പ്രേരിപ്പിച്ച ആന്തരികമായ ആഹ്ലാദത്തെക്കുറിച്ചു ചിന്തിക്കുന്നത് എത്ര മനോഹരമാണ്. അവന്റെ ആഹ്ലാദം അടക്കാനാവാത്തതായിരുന്നു.
നമ്മുടെ കർത്താവിന്റെ അടുക്കലെത്താൻ നിങ്ങൾ ഒരു തടാകത്തിലേക്കു ചാടുമോ? ഇതൊരു അസാധാരണമായ ചോദ്യമായി തോന്നിയേക്കാം; എങ്കിലും അതിന്റെ അക്ഷരാർഥത്തിൽത്തന്നെ ചിന്തിക്കുന്നത് പ്രയോജനകരമാണ്. ഉത്ഥിതനായ നമ്മുടെ കർത്താവിനെ നിങ്ങൾ കണ്ടുമുട്ടിയാൽ, അവിടുത്തെ സന്നിധിയിലെത്താൻ ഒരു തടാകത്തിലേക്കു ചാടേണ്ടിവന്നാൽപ്പോലും അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്ര ആഹ്ലാദം അവിടുത്തെ കാണുമ്പോൾ നിങ്ങൾക്കുണ്ടാകുമോ? പത്രോസിന്റെ ഈ പ്രവൃത്തിയെ നമ്മുടെ സ്വന്തം ആത്മീയജീവിതത്തിന്റെ പ്രതീകമായി കാണണം. പത്രോസ് മടിച്ചുനിന്നില്ല എന്ന വസ്തുത, യേശുവിനെ കണ്ടുമുട്ടുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം എന്നു വെളിപ്പെടുത്തുന്നു.
ഈ ഭാഗത്ത് പത്രോസ് യേശുവിനെ കണ്ടുമുട്ടിയതുപോലെ, ഉത്ഥിതനായ അവിടുത്തെ അതേവിധത്തിൽ നേരിട്ടും ശാരീരികമായും നാം കണ്ടുമുട്ടുന്നില്ല എന്നതു വ്യക്തമാണ്. എന്നാൽ കാണാൻ കണ്ണുകളുണ്ടെങ്കിൽ, നാം എല്ലാ ദിവസവും അവിടുത്തെ കണ്ടുമുട്ടുന്നുണ്ട്. പ്രാർഥനയിലൂടെയും നമ്മുടെ ഉള്ളിൽ വസിക്കുന്ന അവിടുത്തെ സാന്നിധ്യത്താലും അവിടുന്ന് നമ്മുടെ സ്വന്തം ഹൃദയങ്ങളിൽ സജീവനാണ്. നാം ദിവസവും കണ്ടുമുട്ടുന്ന മനുഷ്യരിൽ അവിടുന്ന് യഥാർഥത്തിൽ സന്നിഹിതനാണ്. കൂദാശകളിൽ, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിൽ, അവിടുന്ന് തീർച്ചയായും സന്നിഹിതനാണ്.
ഈ ഭാഗത്തെക്കുറിച്ചു നിങ്ങൾ പരിചിന്തിക്കേണ്ട രണ്ടു ചോദ്യങ്ങളുണ്ട്. ദിവസം മുഴുവൻ യേശുവിന്റെ സാന്നിധ്യം നിങ്ങൾ യഥാർഥത്തിൽ തിരിച്ചറിയുന്നുണ്ടോ എന്നതാണ് ആദ്യത്തേത്. യേശു പത്രോസിനോടും വഞ്ചിയിലുണ്ടായിരുന്ന മറ്റുള്ളവരോടും സംസാരിച്ചെങ്കിലും, ആദ്യം പത്രോസ് അവിടുത്തെ തിരിച്ചറിഞ്ഞില്ല. അതു യേശുവാണെന്നു തിരിച്ചറിയാൻ അവർക്ക് ആ അത്ഭുതം വേണ്ടിവന്നു. അവിടുത്തെ സാന്നിധ്യം തിരിച്ചറിയുമ്പോൾ നിങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് രണ്ടാമത്തെ ചോദ്യം. നിങ്ങൾ നിസ്സംഗരാണോ? നിങ്ങൾക്ക് ഉത്സാഹം കുറവാണോ? അതോ നിങ്ങൾ വലിയ സന്തോഷത്താൽ നിറയുന്നുവോ?
ഇന്ന് ഈ രണ്ടു ചോദ്യങ്ങളെക്കുറിച്ചു ധ്യാനിക്കുക. എല്ലാ ദിവസവും, ദിവസം മുഴുവൻ നമ്മുടെ കർത്താവിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ തീരുമാനിക്കുക. യേശുവിനെ കാണുമ്പോൾ പത്രോസിനെപ്പോലെ പ്രതികരിക്കാനും തീരുമാനിക്കുക. നിങ്ങളുടെ ഹൃദയവും തീക്ഷ്ണമായ സ്നേഹവും അവിടുത്തിലേക്കു ആകർഷിക്കപ്പെടട്ടെ; അസാധാരണമായ സന്തോഷത്തോടും ഉത്സാഹത്തോടുംകൂടെ പ്രതികരിക്കുക. നമ്മുടെ കർത്താവിനായി നിങ്ങളെത്തന്നെ പൂർണമായി സമർപ്പിക്കാൻ ഭയപ്പെടരുത്!
കർത്താവേ, എന്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും അങ്ങയുടെ സഭയിലും, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിലും, സജീവനായിരിക്കുന്ന അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ. എനിക്കു ചുറ്റുമുള്ള അങ്ങയുടെ ദിവ്യസാന്നിധ്യം എത്രയോ തവണ ഞാൻ കാണാതെ പോകുന്നു. എല്ലാ ദിവസവും അങ്ങയെ കാണാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ദിവ്യസാന്നിധ്യത്തോടു വലിയ സന്തോഷത്തോടും ഉത്സാഹത്തോടുംകൂടെ പ്രതികരിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവ്
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആചരിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




