മലയാളം

ഒരിക്കലും തിരസ്കരിക്കപ്പെടില്ല, എന്നും സ്നേഹിക്കപ്പെടും!

2022 മേയ് 4
ഉയിർപ്പുകാലം മൂന്നാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“എന്റെ അടുക്കൽ വരുന്ന ആരെയും ഞാൻ തള്ളിക്കളയുകയില്ല.”  യോഹന്നാൻ 6:37

ഈ ചെറിയ വാക്യം നമ്മുടെ കർത്താവിന്റെ ദൈവകരുണയെക്കുറിച്ച് ഏറെ കാര്യങ്ങൾ പറയുന്നു.  വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ഡയറിയിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു വാക്യമാണിത്; അനേകർ കേൾക്കേണ്ട ഒരു പ്രസ്താവനയുമാണിത്.

ഇത് കേൾക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?  കാരണം, പലപ്പോഴും തിരസ്കരണത്തിന്റെ ഭാരം നാം പേറുന്നുണ്ടാകാം.  ജീവിതത്തിൽ തിരസ്കരണം അനുഭവിച്ച അനേകരുണ്ട്. അതിന്റെ ഫലമായി, മുറിവേൽക്കുമോ എന്ന ഭയംമൂലം ഒരു ബന്ധത്തിൽ മനസ്സുതുറക്കാൻ തങ്ങൾ ഭയപ്പെടുന്നുവെന്ന് അവർ തിരിച്ചറിയുന്നുപോലുമില്ല.  ഒരു ബന്ധത്തിൽ ഒരിക്കൽ മുറിവേറ്റുകഴിഞ്ഞാൽ, പിന്നെ നിങ്ങൾ ജാഗ്രതയോടെയാകും മുന്നോട്ടുപോകുക.  കുടുംബാംഗത്തിൽനിന്നോ ജീവിതപങ്കാളിയിൽനിന്നോ സുഹൃത്തിൽനിന്നോ ഈ മുറിവുണ്ടാകാം; അല്ലെങ്കിൽ, സ്നേഹത്തോടെ നാം സമീപിക്കാൻ ശ്രമിച്ചിട്ടും മുറിവും തിരസ്കരണവും മാത്രം തിരികെ നൽകിയ മറ്റാരിൽനിന്നുമാകാം.  അത് വേദനിപ്പിക്കുകയും ചെയ്യുന്നു.

യേശുവിന്റെ വാക്കുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്; കാരണം, യേശു വിശ്വസ്തനാണെന്ന് നമുക്ക് വീണ്ടും ഉറപ്പുനൽകാൻ അവ സഹായിക്കുന്നു.  നമുക്ക് അവിടുത്തെ അടുക്കൽ വരാനും അവിടുത്തെ മുമ്പിൽ ഹൃദയം തുറക്കാനും യാതൊരു മറയുമില്ലാതെ നമ്മുടെ ദൗർബല്യങ്ങൾപോലും അവിടുത്തെ മുമ്പിൽ വെളിപ്പെടുത്താനും കഴിയും എന്നത് സത്യമാണ്. അവിടുന്ന് നമ്മോട് അങ്ങേയറ്റം ആർദ്രതയോടും ആദരവോടും ദയയോടും കരുതലോടുംകൂടെ ഇടപെടും.  നാം നമ്മോടുതന്നെ കാണിക്കുന്നതിനെക്കാൾ കൂടുതൽ കരുതൽ യേശു നമ്മോടു കാണിക്കും!

യേശുവിന്റെ ഈ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  അവ വീണ്ടും വീണ്ടും ഉരുവിടുക.  “എന്റെ അടുക്കൽ വരുന്ന ആരെയും ഞാൻ തള്ളിക്കളയുകയില്ല.”  നിങ്ങൾ അവിടുത്തെ അടുക്കൽ വരണമെന്നും അവിടുത്തെ മുമ്പിൽ നിങ്ങളുടെ ഹൃദയം പൂർണമായി തുറക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നുവെന്ന് അറിയുക.  അങ്ങനെ ചെയ്യുന്നത് നിങ്ങളോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്താൻ അവിടുത്തെ അനുവദിക്കുകയും, സാധ്യമെന്ന് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചതിനുമപ്പുറം അവിടുത്തെ വിശ്വസിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

എന്നെ സ്വാഗതം ചെയ്യുന്ന എന്റെ കർത്താവേ, എന്റെ സഹനങ്ങളിലും തിരസ്കാരങ്ങളിലും അങ്ങയുടെ അടുത്തേക്കു വരാൻ ഞാൻ ആഗ്രഹിക്കുന്നു.  അങ്ങ് ദിവ്യവൈദ്യനാണെന്നും എന്റെ ആത്മാവിന് ആശ്വാസം നൽകുമെന്നും എനിക്കറിയാം.  അങ്ങയിൽ വിശ്വസിക്കാനും അങ്ങയുടെ സ്നേഹം സ്വീകരിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന തിരഞ്ഞെടുത്ത ചിത്രങ്ങൾ: ദൈവകരുണ. മരിയ ഫൗസ്റ്റീന കവാൽസ്കയുടെ മാർഗനിർദേശത്തിൽ വരച്ചത് (യൂജെനിയുഷ് കസിമിറോവ്സ്കി, 1934), വിക്കിമീഡിയ കോമൺസ് വഴി


ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ

Amazon –  Barnes and Noble – Google Play – iTunes