മലയാളം

നമ്മുടെ പിതാവിന്റെ ഭവനം

2022 മേയ് 13
ഉയിർപ്പുകാലം നാലാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

ഫാത്തിമാ മാതാവ്—ഐച്ഛിക അനുസ്മരണം

വീഡിയോ

“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ, നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കാൻ ഞാൻ പോകുന്നുവെന്ന് നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കിയാൽ, ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെ എന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോകും.”  യോഹന്നാൻ 14:2–3

സ്വർഗം എന്ന മഹത്വപൂർണമായ യാഥാർഥ്യത്തിലേക്ക് ഇടയ്ക്കിടെ നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത് പ്രധാനമാണ്!  സ്വർഗം യാഥാർഥ്യമാണ്. ദൈവം തിരുമനസ്സായാൽ, ഒരുനാൾ നാമെല്ലാവരും അവിടെ നമ്മുടെ ത്രിയേകദൈവത്തോടൊത്ത് ഒന്നുചേരും.  സ്വർഗത്തെ ശരിയായി മനസ്സിലാക്കിയിരുന്നെങ്കിൽ, ആഴമേറിയതും ജ്വലിക്കുന്നതുമായ സ്നേഹത്തോടെ നാം അതിനായി കൊതിക്കുകയും തീവ്രമായ ആഗ്രഹത്തോടെ അതിനെ കാത്തിരിക്കുകയും ചെയ്യുമായിരുന്നു. അതിനെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം നാം സമാധാനവും സന്തോഷവുംകൊണ്ട് നിറയുകയും ചെയ്യുമായിരുന്നു.

എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഈ ഭൂമി വിട്ടുപോയി നമ്മുടെ സ്രഷ്ടാവിനെ കണ്ടുമുട്ടുന്നതിനെക്കുറിച്ചുള്ള ചിന്ത ചിലരെ ഭയപ്പെടുത്തുന്നു.  ഒരുപക്ഷേ, അത് അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയമാകാം; നമ്മുടെ പ്രിയപ്പെട്ടവരെ ഇവിടെ വിട്ടുപോകേണ്ടിവരുമെന്ന തിരിച്ചറിവാകാം; അല്ലെങ്കിൽ സ്വർഗം നമ്മുടെ അന്തിമ വിശ്രമസ്ഥാനമാകില്ലെന്ന ഭയംപോലുമാകാം.

ക്രൈസ്തവരെന്ന നിലയിൽ, സ്വർഗത്തെക്കുറിച്ചു മാത്രമല്ല, ഭൂമിയിലെ നമ്മുടെ ജീവിതലക്ഷ്യത്തെക്കുറിച്ചും ശരിയായ ധാരണ നേടിക്കൊണ്ട് സ്വർഗത്തോടുള്ള വലിയ സ്നേഹം വളർത്താൻ നാം പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്.  നമ്മുടെ ജീവിതം ക്രമപ്പെടുത്താനും ഈ നിത്യസൗഭാഗ്യത്തിലേക്കു നയിക്കുന്ന പാതയിൽ നിലനിൽക്കാനും സ്വർഗം നമ്മെ സഹായിക്കുന്നു.

മുകളിലെ വചനഭാഗത്തിൽ സ്വർഗത്തെക്കുറിച്ചുള്ള ഏറെ ആശ്വാസദായകമായ ഒരു ചിത്രം നമുക്കു നൽകപ്പെട്ടിരിക്കുന്നു.  അത് “പിതാവിന്റെ ഭവനം” എന്ന ചിത്രമാണ്.  ധ്യാനിക്കാൻ ഏറെ ഉചിതമായ ഒരു ചിത്രമാണിത്; കാരണം, സ്വർഗം നമ്മുടെ ഭവനമാണെന്ന് അത് വെളിപ്പെടുത്തുന്നു.  ഭവനം സുരക്ഷിതമായ ഒരിടമാണ്.  നമുക്ക് നാമായിത്തന്നെ ആയിരിക്കാനും വിശ്രമിക്കാനും പ്രിയപ്പെട്ടവരോടൊപ്പമായിരിക്കാനും നാം അവിടെയുള്ളവരാണെന്ന ബോധത്തോടെ കഴിയാനും സാധിക്കുന്ന ഇടമാണത്.  നാം ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ്; നാം അവിടെ തന്നോടൊപ്പമുള്ളവരായിരിക്കണമെന്ന് അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു.

സ്വർഗത്തിന്റെ ഈ ചിത്രത്തെക്കുറിച്ചുള്ള ധ്യാനം പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടവർക്കും ആശ്വാസം നൽകേണ്ടതാണ്.  തൽക്കാലത്തേക്കാണെങ്കിലും വിടപറയുക എന്ന അനുഭവം വളരെ വേദനാജനകമാണ്.  അത് വേദനാജനകമായിരിക്കുകതന്നെ വേണം.  പ്രിയപ്പെട്ട ഒരാളുടെ വേർപാടിലുള്ള വേദന ആ ബന്ധത്തിൽ യഥാർഥ സ്നേഹമുണ്ടെന്ന് വെളിപ്പെടുത്തുന്നു.  അത് നല്ലതുമാണ്.  എന്നാൽ നമ്മുടെ പ്രിയപ്പെട്ടയാൾ പിതാവിനോടൊപ്പം അവിടുത്തെ ഭവനത്തിൽ നിത്യതയോളം ആയിരിക്കുന്നുവെന്ന യാഥാർഥ്യത്തെക്കുറിച്ചു നാം ചിന്തിക്കുമ്പോൾ, വേർപാടിന്റെ ദുഃഖത്തോടൊപ്പം സന്തോഷവും കലരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.  നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവുന്നതിലുമധികം സന്തോഷത്തിലാണ് അവർ അവിടെ കഴിയുന്നത്; ഒരുനാൾ ആ സന്തോഷത്തിൽ പങ്കുചേരാൻ നാമും വിളിക്കപ്പെടും.

നമ്മുടെ പിതാവിന്റെ ഭവനം എന്ന സ്വർഗത്തിന്റെ ഈ ചിത്രത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ആ ചിത്രം മനസ്സിൽ സൂക്ഷിച്ച് ശാന്തമായി ഇരിക്കുക; ദൈവം നിങ്ങളോടു സംസാരിക്കട്ടെ.  അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയം സ്വർഗത്തിലേക്ക് ആകർഷിക്കപ്പെടട്ടെ. ഈ ആഗ്രഹം ഇവിടെയും ഇപ്പോഴുമുള്ള നിങ്ങളുടെ പ്രവൃത്തികളെ നയിക്കാൻ സഹായിക്കട്ടെ.

സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, സ്വർഗത്തിൽ അങ്ങയോടൊപ്പം നിത്യമായിരിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.  അങ്ങയുടെ ഭവനത്തിൽ ആശ്വാസവും സാന്ത്വനവും പ്രാപിക്കാനും ആനന്ദത്താൽ നിറയാനും ഞാൻ ആഗ്രഹിക്കുന്നു.  ഇതിനെ എപ്പോഴും എന്റെ ജീവിതലക്ഷ്യമായി നിലനിർത്താനും ഈ അന്തിമ വിശ്രമസ്ഥാനത്തിനായുള്ള ആഗ്രഹത്തിൽ അനുദിനം വളരാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – ഫാത്തിമാ മാതാവ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഹെൻഡ്രിക് വാൻ ബാലൻ വരച്ച പരിശുദ്ധ ത്രിത്വം, വിക്കിമീഡിയ കോമൺസ് വഴി