മലയാളം

മറുകരണം കാണിച്ചുകൊടുക്കുക

2022 ജൂൺ 13
ആണ്ടുവട്ടക്കാലത്തിലെ പതിനൊന്നാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

പാദുവായിലെ വിശുദ്ധ അന്തോണീസ്, വൈദികനും വേദപാരംഗതനും—ഓർമ്മ

വീഡിയോ

“എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിർക്കരുത്. ആരെങ്കിലും നിന്റെ വലത്തുകരണത്ത് അടിച്ചാൽ, മറ്റേ കരണംകൂടി അവനു കാണിച്ചുകൊടുക്കുക.”  മത്തായി 5:39

സ്വീകരിക്കാൻ പ്രയാസമുള്ള ഒരു പ്രബോധനമാണിത്!

യേശു യഥാർഥത്തിൽ ഇതുതന്നെയാണോ ഉദ്ദേശിച്ചത്?  ആരെങ്കിലും നമ്മോട് അന്യായമായി പെരുമാറുകയോ നമ്മെ വേദനിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, പലപ്പോഴും നാം ഉടനടി പല ന്യായങ്ങൾ നിരത്തി ഈ സുവിശേഷഭാഗം തള്ളിക്കളയാനും അതു നമുക്കു ബാധകമല്ലെന്നു കരുതാനും പ്രേരിതരാകുന്നു.  അതെ, വിശ്വസിക്കാൻ പ്രയാസമുള്ള ഒരു ഉപദേശമാണിത്; ജീവിതത്തിൽ പാലിക്കാൻ അതിലും പ്രയാസമുള്ളതും.

“മറുകരണം കാണിച്ചുകൊടുക്കുക” എന്നതിന്റെ അർഥമെന്താണ്?  ആദ്യം, ഇതിനെ അക്ഷരാർഥത്തിൽത്തന്നെ നാം കാണണം.  യേശു പറഞ്ഞത് അവിടുന്ന് ശരിക്കും ഉദ്ദേശിച്ചതുതന്നെയാണ്.  ഇതിന് ഏറ്റവും ഉത്തമമായ മാതൃക അവിടുന്നാണ്.  അവിടുത്തെ കരണത്ത് അടിക്കുക മാത്രമല്ല, ക്രൂരമായി മർദിക്കുകയും കുരിശിൽ തറയ്ക്കുകയും ചെയ്തു.  അവിടുത്തെ പ്രതികരണം ഇതായിരുന്നു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.”  അതിനാൽ, താൻതന്നെ ചെയ്യാൻ തയ്യാറാകാത്ത ഒന്നും ചെയ്യാൻ യേശു നമ്മെ വിളിക്കുന്നില്ല.

മറുകരണം കാണിച്ചുകൊടുക്കുക എന്നതിനർഥം മറ്റൊരാളുടെ ഉപദ്രവകരമായ പ്രവൃത്തികളോ വാക്കുകളോ നാം മറച്ചുവെക്കണമെന്നല്ല.  അവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു നാം നടിക്കരുത്.  യേശുതന്നെ, ക്ഷമിക്കുകയും ക്ഷമിക്കണമെന്നു പിതാവിനോട് അപേക്ഷിക്കുകയും ചെയ്തപ്പോൾ, പാപികളുടെ കൈകളിൽനിന്നു താൻ അനുഭവിച്ച കടുത്ത അനീതിയെ അംഗീകരിച്ചിരുന്നു.  എന്നാൽ പ്രധാന കാര്യം, അവരുടെ ദുഷ്ടതയിലേക്ക് തന്നെ വലിച്ചിഴയ്ക്കാൻ അവിടുന്ന് അനുവദിച്ചില്ല എന്നതാണ്.

മറ്റൊരാൾ നമ്മുടെമേൽ ചെളിവാരിയെറിയുന്നതുപോലെ നമുക്ക് അനുഭവപ്പെടുമ്പോൾ, അതേ ചെളി തിരിച്ചെറിയാൻ പലപ്പോഴും നമുക്കു പ്രലോഭനമുണ്ടാകുന്നു.  നമ്മെ ഉപദ്രവിക്കുന്നയാളോട് പൊരുതാനും അയാളെ തിരിച്ചുതള്ളാനും നമുക്കു പ്രലോഭനമുണ്ടാകുന്നു.  എന്നാൽ മറ്റൊരാളുടെ ദുഷ്ടതയെയും ക്രൂരതയെയും അതിജീവിക്കുന്നതിനുള്ള താക്കോൽ, ആ ചെളിയിലേക്ക് നമ്മെ വലിച്ചിഴയ്ക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്.  വിഡ്ഢിത്തമായ വാക്കുതർക്കങ്ങളിലേക്കോ വാദപ്രതിവാദങ്ങളിലേക്കോ ഇറങ്ങി സ്വയം തരംതാഴാൻ നാം തയ്യാറല്ലെന്ന് അറിയിക്കുന്ന ഒരു മാർഗമാണ് മറുകരണം കാണിച്ചുകൊടുക്കുന്നത്.  യുക്തിരഹിതമായ പെരുമാറ്റം നേരിടുമ്പോൾ അതിൽ പങ്കുചേരാൻ നാം വിസമ്മതിക്കുന്നു.  പകരം, അതിനെ ശാന്തതയോടെ സ്വീകരിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിലൂടെ, മറ്റൊരാൾക്ക് തന്റെ ദുഷ്ടത തനിക്കും മറ്റുള്ളവർക്കും വെളിപ്പെടുത്താൻ അവസരം നൽകാനാണ് നാം തീരുമാനിക്കുന്നത്.

നമുക്കു താങ്ങാനാവുന്നതിലേറെ ഉപദ്രവം നിറഞ്ഞ ബന്ധങ്ങളിൽ നാം എന്നും ജീവിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു എന്നല്ല ഇതിനർഥം.  എന്നാൽ നാമെല്ലാവരും ഇടയ്ക്കിടെ അനീതി നേരിടേണ്ടിവരുമെന്നും, ദുഷ്ടതയ്ക്കു പകരം ദുഷ്ടത തിരിച്ചുനൽകുന്നതിലേക്ക് വലിച്ചിഴയ്ക്കപ്പെടാതെ, കരുണയോടെയും ഉടനടി ക്ഷമിച്ചുകൊണ്ടും അതിനെ നേരിടണമെന്നും ഇതിനർഥമുണ്ട്.

നിങ്ങൾക്കു പ്രയാസമുണ്ടാക്കുന്ന ബന്ധങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക.  പ്രത്യേകിച്ച്, ക്ഷമിക്കാനും മറുകരണം കാണിച്ചുകൊടുക്കാനും നിങ്ങൾ എത്രമാത്രം തയ്യാറാണെന്നു ചിന്തിക്കുക.  ഇങ്ങനെ ചെയ്യുന്നത്, ആ ബന്ധത്തിൽ നിങ്ങൾ തേടുന്ന സമാധാനവും സ്വാതന്ത്ര്യവും നിങ്ങൾക്കു നേടിത്തന്നേക്കാം.

ക്ഷമിക്കുന്നവനായ എന്റെ കർത്താവേ, അങ്ങയുടെ മഹത്തായ കരുണയും ക്ഷമയും അനുകരിക്കാൻ എന്നെ സഹായിക്കണമേ.  എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും ഞാൻ നേരിടുന്ന ഏതൊരു അനീതിക്കും അതീതമായി ഉയരാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

തിരുഹൃദയ നൊവേന
നൊവേനയുടെ തീയതികൾ:2022 ജൂൺ 15-23
2022 ജൂൺ 24: തിരുഹൃദയത്തിന്റെ മഹോത്സവം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – പാദുവായിലെ വിശുദ്ധ അന്തോണീസ്, വൈദികനും വേദപാരംഗതനും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: കാരവാജിയോയുടെ ‘മുൾക്കിരീടം ചൂടിക്കൽ’, വിക്കിപീഡിയയിൽനിന്ന്