മലയാളം

നിങ്ങൾ മറ്റുള്ളവരെ കുറ്റംവിധിക്കുന്നവരാണോ?

2022 ജൂൺ 20
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം വാരത്തിലെ തിങ്കളാഴ്ച
വായനകൾ ഇന്നത്തേക്കുള്ളവ

വീഡിയോ

“നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ മറ്റുള്ളവരെ വിധിക്കുന്നത് നിർത്തുക. എന്തെന്നാൽ, നിങ്ങൾ വിധിക്കുന്നതുപോലെതന്നെ നിങ്ങളും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും.”  മത്തായി 7:1-2

മറ്റുള്ളവരെ കുറ്റംവിധിക്കുന്ന സ്വഭാവം ഉപേക്ഷിക്കുക പ്രയാസമായിരിക്കാം.  കഠിനമായും കുറ്റപ്പെടുത്തുന്ന രീതിയിലും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഒരാളുടെ പതിവായിക്കഴിഞ്ഞാൽ, അതിൽനിന്നു മാറുക വളരെ പ്രയാസമാണ്.  വാസ്തവത്തിൽ, ഒരാൾ കുറ്റപ്പെടുത്തലിന്റെയും വിധിക്കലിന്റെയും വഴിയിലേക്ക് കടന്നുകഴിഞ്ഞാൽ, കൂടുതൽ കുറ്റപ്പെടുത്തുകയും കൂടുതൽ വിധിക്കുകയും ചെയ്തുകൊണ്ട് അതേ വഴിയിൽ തുടരാനാണ് സാധ്യത.

ഈ പ്രവണതയെ യേശു ഇത്ര ശക്തമായി അഭിസംബോധന ചെയ്യുന്നതിന്റെ കാരണങ്ങളിൽ ഒന്നിതാണ്.  മുകളിലെ വചനഭാഗത്തിനു ശേഷം യേശു പറയുന്നു: “കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണിൽനിന്ന് തടിക്കഷണം എടുത്തുമാറ്റുക…”  ഈ വാക്കുകളും മറ്റുള്ളവരെ കുറ്റംവിധിക്കുന്നതിനെതിരെയുള്ള യേശുവിന്റെ ശക്തമായ അപലപനവും, അങ്ങനെ വിധിക്കുന്ന വ്യക്തിയോട് യേശുവിന് കോപമോ കാഠിന്യമോ ഉള്ളതുകൊണ്ടല്ല പ്രധാനമായും.  മറിച്ച്, അവർ പോകുന്ന വഴിയിൽനിന്ന് അവരെ തിരിച്ചുവിടാനും ഈ കനത്ത ഭാരത്തിൽനിന്ന് മോചിതരാകാൻ അവരെ സഹായിക്കാനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.  അതിനാൽ, ധ്യാനിക്കേണ്ട ഒരു പ്രധാന ചോദ്യം ഇതാണ്: “യേശു എന്നോടാണോ സംസാരിക്കുന്നത്?  മറ്റുള്ളവരെ കുറ്റംവിധിക്കുന്ന പ്രവണതയുമായി ഞാൻ മല്ലിടുന്നുണ്ടോ?”

ഉത്തരം “അതെ” എന്നാണെങ്കിൽ, ഭയപ്പെടുകയോ നിരുത്സാഹപ്പെടുകയോ വേണ്ട.  ഈ പ്രവണത തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്; മറ്റുള്ളവരെ കുറ്റംവിധിക്കുന്ന സ്വഭാവത്തിനു വിപരീതമായ പുണ്യത്തിലേക്കുള്ള ആദ്യ ചുവടുമാണത്.  ആ പുണ്യം കരുണയാണ്.  ഇന്ന് നമുക്കുണ്ടായിരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പുണ്യങ്ങളിൽ ഒന്നാണ് കരുണ.

നാം ജീവിക്കുന്ന കാലം മുമ്പെന്നത്തേക്കാളും അധികമായി കരുണ ആവശ്യപ്പെടുന്നതായി തോന്നുന്നു.  ലോകസംസ്കാരത്തിന്റെതന്നെ ഭാഗമായി, മറ്റുള്ളവരോട് കഠിനമായി പെരുമാറാനും അവരെ കുറ്റപ്പെടുത്താനുമുള്ള അതിരുകടന്ന പ്രവണത ഒരുപക്ഷേ അതിന്റെ കാരണങ്ങളിൽ ഒന്നായിരിക്കാം.  വിശകലനം ചെയ്യാനും കുറ്റപ്പെടുത്താനുമുള്ള പ്രവണത നിരന്തരം വർധിച്ചുവരുന്ന ഒന്നാണ് നമ്മുടെ ലോകസംസ്കാരം എന്നു കാണാൻ, ഒരു പത്രം വായിക്കുകയോ സമൂഹമാധ്യമങ്ങളിലൂടെ കണ്ണോടിക്കുകയോ രാത്രിയിലെ വാർത്താപരിപാടികൾ കാണുകയോ ചെയ്താൽ മാത്രം മതി.  ഇതൊരു യഥാർഥ പ്രശ്നമാണ്.

കരുണയെക്കുറിച്ചുള്ള നല്ല കാര്യം ഇതാണ്: ദൈവം നമ്മോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അളവുകോലായി, നമ്മുടെ കുറ്റംവിധിക്കുന്ന സ്വഭാവമോ നമ്മുടെ കരുണയോ ആണ് ഉപയോഗിക്കുന്നത്—ഏതാണോ നമ്മിൽ കൂടുതൽ പ്രകടമാകുന്നത്, അതനുസരിച്ച്.  നാം കരുണ എന്ന പുണ്യം പ്രകടിപ്പിക്കുമ്പോൾ, അവിടുന്ന് വലിയ കരുണയോടും ക്ഷമയോടുംകൂടെ നമ്മോട് പെരുമാറും.  എന്നാൽ മറ്റുള്ളവരോടുള്ള നമ്മുടെ ഇടപെടലിൽ കുറ്റംവിധിക്കലിന്റെ വഴിയാണ് നാം സ്വീകരിക്കുന്നതെങ്കിൽ, അവിടുന്നും തന്റെ നീതിയും വിധിയും പ്രകടമാക്കും.  തിരഞ്ഞെടുക്കേണ്ടത് നാമാണ്!

നിങ്ങളുടെ ജീവിതത്തിലെ കരുണയെയും മറ്റുള്ളവരെ കുറ്റംവിധിക്കുന്ന സ്വഭാവത്തെയും കുറിച്ച് ഇന്ന് ചിന്തിക്കുക.  ഏതാണ് കൂടുതൽ?  നിങ്ങളുടെ മുഖ്യ പ്രവണത എന്താണ്?  മറ്റുള്ളവരെ കുറ്റംവിധിക്കുന്നതിനെക്കാൾ എപ്പോഴും ഏറെ പ്രതിഫലദായകവും സംതൃപ്തികരവുമാണ് കരുണയെന്ന് സ്വയം ഓർമിപ്പിക്കുക.  അത് സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും ഉളവാക്കുന്നു.  കരുണ മനസ്സിൽ നിറയ്ക്കുകയും ഈ അമൂല്യദാനത്തിന്റെ അനുഗ്രഹീതമായ ഫലങ്ങൾ കാണാൻ സ്വയം സമർപ്പിക്കുകയും ചെയ്യുക.

കരുണാമയനായ കർത്താവേ, എന്റെ ഹൃദയം കരുണയാൽ നിറയ്ക്കണമേ.  വിമർശനാത്മകമായ ചിന്തകളും പരുഷമായ വാക്കുകളും പൂർണമായി ഉപേക്ഷിച്ച് അവയ്ക്കു പകരം അങ്ങയുടെ സ്നേഹം നിറയ്ക്കാൻ എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ദേശീയ ദിവ്യകാരുണ്യ നവോത്ഥാനം
2022 ജൂൺ 19-ന് ആരംഭിക്കുന്നു—ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ മഹോത്സവം

തിരുഹൃദയ നൊവേന
നൊവേന തീയതികൾ: ജൂൺ 15-23, 2022
ജൂൺ 24, 2022: തിരുഹൃദയത്തിന്റെ മഹാതിരുനാൾ

ദേശീയ ദിവ്യകാരുണ്യ നവോത്ഥാനം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച അന്ത്യവിധി എന്ന ചുമർചിത്രം, വിക്കിമീഡിയ കോമൺസ് വഴി