ജൂലൈ 2, 2022
ആണ്ടുവട്ടക്കാലം പതിമൂന്നാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും ഫരിസേയരും ഏറെ ഉപവസിക്കുന്നു; എന്നാൽ അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?” യേശു അവരോടു പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ വിവാഹവിരുന്നിലെ അതിഥികൾക്കു വിലപിക്കാൻ കഴിയുമോ? മണവാളൻ അവരിൽനിന്ന് എടുത്തുമാറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും.” മത്തായി 9:14-15
സ്വതന്ത്രരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ യഥാർഥ സ്വാതന്ത്ര്യം കണ്ടെത്താൻ ആഗ്രഹിക്കുന്നുണ്ടോ? തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന്റെ അർഥമെന്താണ്? അത് എങ്ങനെ നേടാം?
സ്വാതന്ത്ര്യത്തിനായാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കാനും ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന അഗാധമായ ആനന്ദവും അനുഗ്രഹങ്ങളും അനുഭവിക്കാനും സ്വാതന്ത്ര്യമുള്ളവരായിരിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ യഥാർഥ സ്വാതന്ത്ര്യം എന്താണെന്നതിനെക്കുറിച്ച് പലപ്പോഴും നമുക്കു തെറ്റായ ധാരണയുണ്ട്. മറ്റെന്തിനെക്കാളും ഉപരിയായി, മണവാളൻ നമ്മോടൊപ്പമുണ്ടായിരിക്കുന്നതിന്റെ ആനന്ദാനുഭവമാണ് സ്വാതന്ത്ര്യം. അത് കർത്താവിന്റെ വിവാഹവിരുന്നിന്റെ ആനന്ദമാണ്. അവിടുത്തോടുള്ള നമ്മുടെ ഐക്യം നിത്യതയോളം ആഘോഷിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടത്.
മണവാളൻ കൂടെയുള്ളിടത്തോളം വിവാഹവിരുന്നിലെ അതിഥികൾക്കു വിലപിക്കാൻ കഴിയില്ലെന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു വ്യക്തമായി പറയുന്നു. എന്നാൽ, “മണവാളൻ അവരിൽനിന്ന് എടുത്തുമാറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും.”
ഉപവാസവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നത് പ്രയോജനകരമാണ്. ആദ്യമൊക്കെ ഇത് വിചിത്രമായൊരു കൂട്ടുചേരലായി തോന്നാം. എന്നാൽ ഉപവാസത്തെ ശരിയായി മനസ്സിലാക്കിയാൽ, യഥാർഥ സ്വാതന്ത്ര്യമെന്ന മഹത്തായ ദാനത്തിലേക്കുള്ള ഒരു വഴിയായി അതിനെ കാണാൻ കഴിയും.
“മണവാളൻ എടുത്തുമാറ്റപ്പെടുന്ന” സമയങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ഇത് പല കാര്യങ്ങളെയും സൂചിപ്പിക്കാം. നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിനെ നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെടുന്ന സമയങ്ങളെയാണ് ഇത് പ്രത്യേകമായി സൂചിപ്പിക്കുന്നത്. നമ്മുടെതന്നെ പാപത്തിന്റെ ഫലമായി തീർച്ചയായും ഇങ്ങനെ സംഭവിക്കാം; എന്നാൽ നാം ക്രിസ്തുവിനോട് കൂടുതൽ അടുത്തുവരുന്നതിന്റെ ഫലമായും ഇത് സംഭവിക്കാം. ആദ്യത്തെ സാഹചര്യത്തിൽ, ജീവിതത്തിലെ പാപകരമായ പല ആസക്തികളിൽനിന്നും സ്വതന്ത്രരാകാൻ ഉപവാസം നമ്മെ സഹായിക്കും. നമ്മുടെ ഇച്ഛാശക്തിയെ ബലപ്പെടുത്താനും ആഗ്രഹങ്ങളെ ശുദ്ധീകരിക്കാനും ഉപവാസത്തിനു കഴിയും. രണ്ടാമത്തെ സാഹചര്യത്തിൽ, നാം ക്രിസ്തുവിനോട് വളരെ അടുത്തുവരുന്ന സമയങ്ങളുണ്ട്; അതിന്റെ ഫലമായി അവിടുന്ന് തന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ മറച്ചുവയ്ക്കുന്നു. ആദ്യം ഇത് വിചിത്രമായി തോന്നാം. എന്നാൽ നാം അവിടുത്തെ കൂടുതൽ തീക്ഷ്ണമായി അന്വേഷിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ സാഹചര്യത്തിലും, അവിടുന്നിലുള്ള നമ്മുടെ വിശ്വാസവും അവിടുത്തോടുള്ള സമർപ്പണവും ആഴപ്പെടുത്താനുള്ള മാർഗമായി ഉപവാസം മാറാം.
ഉപവാസത്തിനു പല രൂപങ്ങളുണ്ടാകാം. എന്നാൽ അതിന്റെ കാതൽ ദൈവത്തിനുവേണ്ടിയുള്ള ആത്മനിഷേധവും ആത്മത്യാഗവും തന്നെയാണ്. നമ്മുടെ ആത്മാക്കൾക്കു ക്രിസ്തുവിനെ കൂടുതൽ പൂർണമായി ആഗ്രഹിക്കാൻ കഴിയേണ്ടതിന്, ലൗകികവും ജഡികവുമായ ആഗ്രഹങ്ങളെ അതിജീവിക്കാൻ അത് നമ്മെ സഹായിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിനെ എത്ര ആഴമായി ആഗ്രഹിക്കുന്നു എന്ന് ഇന്ന് വിചിന്തനം ചെയ്യുക. ക്രിസ്തുവിനോടുള്ള ആഗ്രഹത്തെ മുക്കിക്കളയുന്ന മറ്റു മത്സരിക്കുന്ന ആഗ്രഹങ്ങൾ ഉണ്ടെന്നു നിങ്ങൾ കാണുന്നുവെങ്കിൽ, ഉപവാസവും മറ്റു തരത്തിലുള്ള ആത്മനിഷേധപ്രവൃത്തികളും സമർപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. അവയെ ദൈവത്തിനുവേണ്ടിയുള്ള ചെറിയ ത്യാഗങ്ങളാക്കുക; അവ ഉളവാക്കുന്ന നല്ല ഫലങ്ങൾ നിങ്ങൾ കാണും.
സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, എന്റെ ജീവിതത്തിൽ മറ്റെല്ലാറ്റിനുമുപരി ഞാൻ അങ്ങയെ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള സ്നേഹവുമായി മത്സരിക്കുന്ന കാര്യങ്ങൾ തിരിച്ചറിയാനും, എന്റെ ആത്മാവ് ശുദ്ധീകരിക്കപ്പെട്ട് അങ്ങ് എനിക്കായി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിൽ ജീവിക്കേണ്ടതിന് ത്യാഗങ്ങൾ അർപ്പിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: കാൾ ഓസ്റ്റർലി, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി




