ജൂലൈ 7, 2022
ആണ്ടുവട്ടക്കാലം പതിനാലാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
![പീറ്റർ പോൾ റൂബൻസ് [പൊതുസഞ്ചയത്തിലുള്ളത്], വിക്കിമീഡിയ കോമൺസ് വഴി](https://catholic-daily-reflections.com/wp-content/uploads/2017/06/512px-Rubens_B116.jpg)
സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി നിങ്ങൾ നൽകണം. മത്തായി 10:8b
സുവിശേഷത്തിന്റെ വില എന്താണ്? അതിന് ഒരു വില നിശ്ചയിക്കാൻ നമുക്കു കഴിയുമോ? കൗതുകകരമെന്നു പറയട്ടെ, അതിന് നാം രണ്ടു വിലകൾ നിശ്ചയിക്കണം. അതു സ്വീകരിക്കാൻ നാം എത്ര വില നൽകണം എന്നതാണ് ആദ്യത്തേത്. സുവിശേഷം നൽകാൻ നാം എത്ര വില “ഈടാക്കുന്നു” എന്നു പറയാവുന്നതാണ് രണ്ടാമത്തേത്.
അപ്പോൾ, സുവിശേഷത്തിനായി നാം എത്ര വില നൽകണം? അതിന് അനന്തമായ മൂല്യമുണ്ടെന്നാണ് ഉത്തരം. പണത്തിന്റെ കണക്കിൽ പറഞ്ഞാൽ, അതിന്റെ വില നൽകാൻ നമുക്ക് ഒരിക്കലും കഴിയില്ല. സുവിശേഷം അമൂല്യമാണ്.
സുവിശേഷം മറ്റുള്ളവർക്കു നൽകാൻ നാം എത്ര വില “ഈടാക്കണം” എന്ന ചോദ്യത്തിനുള്ള ഉത്തരം, അതു സൗജന്യമായിരിക്കണം എന്നതാണ്. നമുക്കു സ്വന്തമല്ലാത്ത ഒന്ന് നൽകുന്നതിന് എന്തെങ്കിലും ഈടാക്കാനോ പ്രതീക്ഷിക്കാനോ നമുക്ക് അവകാശമില്ല. സുവിശേഷത്തിന്റെ രക്ഷാകരസന്ദേശം ക്രിസ്തുവിന്റേതാണ്; അവിടുന്ന് അതു സൗജന്യമായി നൽകുന്നു.
മുകളിൽ ഉദ്ധരിച്ച തിരുവചനത്തിന്റെ രണ്ടാം പകുതിയിൽനിന്ന് നമുക്കു തുടങ്ങാം. “സൗജന്യമായി നിങ്ങൾ നൽകണം.” നാം മറ്റുള്ളവർക്കു സുവിശേഷം സൗജന്യമായി നൽകണമെന്ന് ഇതു നമ്മോടു പറയുന്നു. എന്നാൽ സുവിശേഷം സൗജന്യമായി നൽകുന്ന ഈ പ്രവൃത്തിയിൽ മറഞ്ഞിരിക്കുന്ന ഒരുതരം നിബന്ധനയുണ്ട്. സുവിശേഷം നൽകുമ്പോൾ നാം നമ്മെത്തന്നെ നൽകേണ്ടതുണ്ട്. അതായത്, നാം നമ്മെത്തന്നെ സൗജന്യമായി നൽകണം. നമ്മെത്തന്നെ പൂർണമായി സൗജന്യമായി നൽകുന്നതിന് എന്താണ് ന്യായം? അതിന്റെ ന്യായം ഇതാണ്: നാം എല്ലാം “സൗജന്യമായി” സ്വീകരിച്ചിരിക്കുന്നു.
ലളിതമായ വസ്തുത ഇതാണ്: സുവിശേഷത്തിന്റെ സാരം നമുക്കു സൗജന്യമായി ലഭിക്കുന്ന സമ്പൂർണമായ ദാനമാണ്; അതു നമ്മെത്തന്നെ മറ്റുള്ളവർക്കു പൂർണമായും സൗജന്യമായും ദാനം ചെയ്യാൻ ആവശ്യപ്പെടുന്നു. സുവിശേഷം ഒരു വ്യക്തിയാണ്—യേശുക്രിസ്തു. അവിടുന്ന് സൗജന്യമായി നമ്മുടെ ഉള്ളിൽ വന്നു വസിക്കുമ്പോൾ, നാമും മറ്റുള്ളവർക്കു സമ്പൂർണവും സൗജന്യവുമായ ഒരു ദാനമായി മാറണം.
സുവിശേഷം പൂർണമായി സ്വീകരിക്കാനുള്ള നിങ്ങളുടെ തുറവിയെക്കുറിച്ചും അതു നൽകാനുള്ള നിങ്ങളുടെ പൂർണസന്നദ്ധതയെക്കുറിച്ചും ഇന്ന് വിചിന്തനം ചെയ്യുക. ദൈവത്തിന്റെ മഹിമയേറിയ ഈ ദാനത്തെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾ മറ്റുള്ളവർക്കുള്ള ഒരു ദാനമായി രൂപാന്തരപ്പെടട്ടെ.
എന്റെ അമൂല്യനായ കർത്താവേ, ജീവിക്കുന്ന സുവിശേഷമായി അങ്ങയെ സ്വീകരിക്കാൻ കഴിയുമാറ് എന്റെ ഹൃദയം അങ്ങേക്കായി പൂർണമായി തുറന്നിരിക്കട്ടെ. അങ്ങയെ സ്വീകരിക്കുന്ന ഞാൻ, എന്റെ വ്യക്തിത്വത്തിലൂടെതന്നെ അങ്ങയെ മറ്റുള്ളവർക്കു നൽകുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: വിശുദ്ധ പത്രോസിന് താക്കോലുകൾ ഏൽപ്പിക്കുന്ന ക്രിസ്തു — പീറ്റർ പോൾ റൂബൻസിന്റെ രചന




