ജൂലൈ 12, 2022
സാധാരണകാലത്തിലെ പതിനഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

തന്റെ ശക്തമായ പ്രവൃത്തികളിൽ അധികവും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതിനാൽ യേശു അവയെ ശാസിക്കാൻ തുടങ്ങി. “കൊറാസീൻ, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം!” മത്തായി 11:20-21a
ഈശോയുടെ ഭാഗത്തുനിന്നുള്ള എത്ര കരുണയും സ്നേഹവും നിറഞ്ഞ പ്രവൃത്തി! കൊറാസീൻ, ബേത്സയ്ദാ എന്നീ പട്ടണങ്ങളിലെ ജനങ്ങളെ ഈശോ ശാസിക്കുന്നത് അവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. അവർക്കു സുവിശേഷം അറിയിക്കുകയും അനേകം മഹത്തായ പ്രവൃത്തികൾ ചെയ്യുകയും ചെയ്തിട്ടും അവർ തങ്ങളുടെ പാപജീവിതത്തിൽ പിടിച്ചുനിൽക്കുന്നതായി അവിടുന്ന് കാണുന്നു. അവർ ദുശ്ശാഠ്യത്തിലും ആശയക്കുഴപ്പത്തിലും കുടുങ്ങിക്കിടക്കുന്നു; അനുതപിക്കാനോ ജീവിതം മാറ്റാനോ അവർ തയ്യാറല്ല. ഈ സാഹചര്യത്തിൽ ഈശോ അത്ഭുതകരമായ ഒരു രൂപത്തിൽ കരുണ ചൊരിയുന്നു. അവിടുന്ന് അവരെ ശാസിക്കുന്നു! മുകളിലെ ഭാഗത്തിനുശേഷം അവിടുന്ന് തുടർന്നു പറയുന്നു: “ഞാൻ നിങ്ങളോടു പറയുന്നു, വിധിദിവസത്തിൽ നിങ്ങളെക്കാൾ ടയിറിനും സീദോനും സഹിക്കാവുന്നതായിരിക്കും.”
ഇവിടെ അതിശയകരമായ ഒരു വ്യത്യാസമുണ്ട്. ചില സമയങ്ങളിൽ ദൈവം നമ്മോടു പറയുന്നതെന്തായിരിക്കാമെന്നു കേൾക്കാനും, പതിവായി പാപം ചെയ്ത് നമ്മുടെ ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ വേദനയുണ്ടാക്കുന്ന ചുറ്റുമുള്ളവരോട് എങ്ങനെ പെരുമാറണമെന്നു മനസ്സിലാക്കാനും അത് നമ്മെ സഹായിക്കും. കൊറാസീനിലെയും ബേത്സയ്ദായിലെയും ജനങ്ങളെ ശാസിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ത് എന്നതിലാണ് ഈ വ്യത്യാസം. എന്തുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്? അവിടുത്തെ പ്രവൃത്തികൾക്കു പിന്നിലെ പ്രചോദനം എന്തായിരുന്നു?
സ്നേഹംകൊണ്ടും അവർ മാറണമെന്ന ആഗ്രഹംകൊണ്ടുമാണ് യേശു അവരെ ശാസിക്കുന്നത്. അവിടുന്ന് അവർക്കു ക്ഷണം നൽകുകയും തന്റെ അത്ഭുതങ്ങളിലൂടെ ശക്തമായ സാക്ഷ്യം നൽകുകയും ചെയ്തപ്പോൾ അവർ ഉടൻതന്നെ തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചില്ല. അതിനാൽ അവിടുത്തേക്ക് സമീപനം മറ്റൊരു തലത്തിലേക്കു കൊണ്ടുപോകേണ്ടിവന്നു. സ്നേഹത്തിൽനിന്നു ജനിച്ച ശക്തവും വ്യക്തവുമായ ശാസനയായിരുന്നു ഈ പുതിയ സമീപനം.
യേശുവിന്റെ ഈ പ്രവൃത്തി വികാരാധീനമായ ഒരു കോപവിസ്ഫോടനമായി ആദ്യം തോന്നിയേക്കാം. എന്നാൽ നിർണായകമായ വ്യത്യാസം ഇവിടെയാണ്. കോപം വന്ന് നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടല്ല യേശു അവരെ കഠിനമായി ശാസിച്ചത്. മറിച്ച്, മാറ്റം വരാൻ അവർക്ക് ആ ശാസന ആവശ്യമായിരുന്നതുകൊണ്ടാണ് അവിടുന്ന് അവരെ ശാസിച്ചത്.
ഇതേ സത്യം നമ്മുടെ ജീവിതത്തിലും ബാധകമാണ്. ചിലപ്പോൾ കൃപയിലേക്കുള്ള യേശുവിന്റെ സൗമ്യമായ ക്ഷണത്തിന്റെ ഫലമായി നാം ജീവിതം മാറ്റുകയും പാപത്തെ അതിജീവിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലപ്പോൾ, പാപം ആഴത്തിൽ വേരൂന്നിയിരിക്കുമ്പോൾ, നമുക്കൊരു വിശുദ്ധമായ ശാസന ആവശ്യമാണ്. അങ്ങനെയുള്ളപ്പോൾ യേശുവിന്റെ ഈ വാക്കുകൾ നമ്മെ നേരിട്ട് അഭിസംബോധന ചെയ്യുന്നതുപോലെ നാം കേൾക്കണം. നമ്മുടെ ജീവിതത്തിൽ നമുക്ക് ആവശ്യമായ കാരുണ്യത്തിന്റെ സവിശേഷ പ്രവൃത്തി ഇതായിരിക്കാം.
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും ഇത് നമുക്കു വലിയ ഉൾക്കാഴ്ച നൽകുന്നു. ഉദാഹരണത്തിന്, മാതാപിതാക്കൾക്ക് ഇതിൽനിന്ന് ഏറെ പഠിക്കാനാകും. കുട്ടികൾ പലവിധത്തിൽ വഴിതെറ്റിപ്പോകുന്നത് പതിവാണ്; അവർക്ക് തിരുത്തൽ ആവശ്യമായി വരും. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൗമ്യമായ ക്ഷണങ്ങളും സംഭാഷണങ്ങളുംകൊണ്ട് തുടങ്ങുന്നതാണ് തീർച്ചയായും ഉചിതം. എന്നാൽ ചിലപ്പോൾ ഇതു ഫലിക്കില്ല; അപ്പോൾ കൂടുതൽ കർശനമായ നടപടികൾ വേണ്ടിവരും. എന്താണ് ആ “കൂടുതൽ കർശനമായ നടപടികൾ?” നിയന്ത്രണം വിട്ട കോപവും പ്രതികാരഭാവത്തോടെയുള്ള ആക്രോശവുമല്ല അതിനുള്ള ഉത്തരം. മറിച്ച്, കാരുണ്യത്തിൽനിന്നും സ്നേഹത്തിൽനിന്നും ഉത്ഭവിക്കുന്ന വിശുദ്ധമായ രോഷമായിരിക്കാം പരിഹാരത്തിന്റെ താക്കോൽ. ഇത് ശക്തമായ ശാസനയുടെയോ ശിക്ഷയുടെയോ രൂപത്തിൽ വരാം. അല്ലെങ്കിൽ, സത്യം ഉറപ്പിച്ചു പറയുകയും ചില പ്രവൃത്തികളുടെ അനന്തരഫലങ്ങൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന രൂപത്തിലുമാകാം. ഇതുപോലും സ്നേഹമാണെന്നും യേശുവിന്റെ പ്രവൃത്തികളുടെ അനുകരണമാണെന്നും ഓർക്കുക. ഇതിനെ നാം സാധാരണയായി “കർശനമായ സ്നേഹം” എന്നു വിളിക്കുന്നു.
യേശുവിൽനിന്നുള്ള ഒരു ശാസന നിങ്ങൾക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. ആവശ്യമുണ്ടെങ്കിൽ, സ്നേഹത്തിന്റെ ഈ സുവിശേഷം നിങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ പതിയട്ടെ. മറ്റുള്ളവരുടെ തെറ്റുകൾ തിരുത്താനുള്ള നിങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും വിചിന്തനം ചെയ്യുക. വ്യക്തമായ ശാസനയുടെ രൂപത്തിൽ വരുന്ന ദൈവികസ്നേഹത്തിന്റെ ഒരു പ്രവൃത്തി ചെയ്യാൻ ഭയപ്പെടരുത്. നിങ്ങൾ സ്നേഹിക്കുന്നവരെ ദൈവത്തെ കൂടുതൽ സ്നേഹിക്കാൻ സഹായിക്കുന്നതിനുള്ള താക്കോൽ ഒരുപക്ഷേ അതുതന്നെയായിരിക്കാം.
തീക്ഷ്ണസ്നേഹമുള്ള എന്റെ കർത്താവേ, എന്റെ പാപത്തെക്കുറിച്ച് അനുദിനം അനുതപിക്കാൻ എന്നെ സഹായിക്കണമേ. മറ്റുള്ളവരുടെ മാനസാന്തരത്തിനുള്ള ഒരു ഉപകരണമാകാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വചനങ്ങൾ ഞാൻ എപ്പോഴും സ്നേഹത്തോടെ സ്വീകരിക്കുകയും ഏറ്റവും ഫലപ്രദമായ സ്നേഹത്തിന്റെ രൂപത്തിൽ അവ മറ്റുള്ളവർക്കു നൽകുകയും ചെയ്യുമാറാകട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: ജെയിംസ് ടിസ്സോ, പൊതുസഞ്ചയം, Wikimedia Commons വഴി


