2022 ജൂലൈ 30
ആണ്ടുവട്ടത്തിലെ പതിനേഴാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ പത്രോസ് ക്രിസോളോഗസ്, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

“സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ ഇവിടെ എനിക്കു തരിക.” മത്തായി 14:8
മിതമായി പറഞ്ഞാൽപ്പോലും, എത്ര മോശമായ ഒരു ദിവസം! ഹേറോദിയായുടെ മകൾ സലോമിയുടെ അഭ്യർത്ഥനപ്രകാരം വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരച്ഛേദം നടന്നു. ഹേറോദേസിന്റെ വിവാഹത്തെക്കുറിച്ച് അദ്ദേഹത്തോടു സത്യം പറഞ്ഞതിനാലാണ് യോഹന്നാൻ തടവിലായത്. ഹേറോദിയാ യോഹന്നാനോടുള്ള വിദ്വേഷത്താൽ നിറഞ്ഞിരുന്നു. അതിനാൽ ഹേറോദിയാ തന്റെ മകളെ ഹേറോദേസിന്റെയും അദ്ദേഹത്തിന്റെ അതിഥികളുടെയും മുമ്പിൽ നൃത്തം ചെയ്യിച്ചു. ഹേറോദേസ് അതിൽ അത്യന്തം സന്തുഷ്ടനായി, തന്റെ രാജ്യത്തിന്റെ പകുതിവരെ സലോമിക്കു വാഗ്ദാനം ചെയ്തു. എന്നാൽ അതിനു പകരം അവൾ ആവശ്യപ്പെട്ടത് സ്നാപക യോഹന്നാന്റെ ശിരസ്സായിരുന്നു.
ഒറ്റനോട്ടത്തിൽത്തന്നെ ഇത് വിചിത്രമായ ഒരു ആവശ്യമാണ്. രാജ്യത്തിന്റെ പകുതിവരെ സലോമിക്കു വാഗ്ദാനം ചെയ്യപ്പെടുന്നു. എന്നാൽ അതിനു പകരം അവൾ ആവശ്യപ്പെടുന്നത് നല്ലവനും വിശുദ്ധനുമായ ഒരു മനുഷ്യന്റെ മരണമാണ്. വാസ്തവത്തിൽ, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലെന്ന് യേശു പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഹേറോദിയായ്ക്കും മകൾക്കും ഇത്രയധികം വിദ്വേഷം?
കോപം അതിന്റെ ഏറ്റവും തീവ്രമായ രൂപത്തിലെത്തുമ്പോൾ അതിനുള്ള ശക്തി ഈ ദുഃഖകരമായ സംഭവം വ്യക്തമാക്കുന്നു. ഉള്ളിൽ പുകഞ്ഞുവളരുന്ന കോപം അതിതീവ്രമായ വികാരമായി മാറുകയും ഒരാളുടെ ചിന്തയെയും വിവേചനശക്തിയെയും മങ്ങലേൽപ്പിക്കുകയും ചെയ്യുന്നു. വിദ്വേഷവും പ്രതികാരവും ഒരാളെ പൂർണമായി കീഴടക്കി തീർത്തും വിവേകശൂന്യമായ പ്രവൃത്തികളിലേക്കു നയിച്ചേക്കാം.
ഹേറോദേസും ഇവിടെ കടുത്ത വിവേകശൂന്യതയുടെ ഉദാഹരണമാണ്. ശരിയായതു ചെയ്യാൻ ഭയപ്പെടുന്നതിനാൽ, ചെയ്യാൻ ആഗ്രഹിക്കാത്തതു ചെയ്യാൻ അദ്ദേഹം സമ്മർദത്തിലാകുന്നു. ഹേറോദിയായുടെ ഹൃദയത്തിലെ വിദ്വേഷം അദ്ദേഹത്തെ കീഴടക്കുന്നു. താൻ യഥാർഥത്തിൽ ഇഷ്ടപ്പെട്ടിരുന്നതായി തോന്നുകയും വാക്കുകൾ കേൾക്കാൻ സന്തോഷിക്കുകയും ചെയ്തിരുന്ന യോഹന്നാനെ വധിക്കാൻ അദ്ദേഹം അങ്ങനെ വഴങ്ങിക്കൊടുക്കുന്നു.
സാധാരണയായി മറ്റുള്ളവരുടെ നല്ല മാതൃകയിൽനിന്നു പ്രചോദനം നേടാനാണ് നാം ശ്രമിക്കുന്നത്. എന്നാൽ ഇവിടെ മറ്റൊരു വിധത്തിൽ നമുക്കു “പ്രചോദനം” നേടാൻ കഴിയുമെന്നു കാണുന്നു. കോപം, അമർഷം, പ്രത്യേകിച്ച് വിദ്വേഷം എന്നിവയുമായി ബന്ധപ്പെട്ട് നമുക്കുള്ള പോരാട്ടങ്ങളെ പരിശോധിക്കാനുള്ള അവസരമായി യോഹന്നാന്റെ വധം നൽകുന്ന സാക്ഷ്യത്തെ നാം ഉപയോഗിക്കണം. നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒളിച്ചുകയറി വലിയ നാശം വിതയ്ക്കാൻ കഴിയുന്ന വികൃതമായ ഒരു വികാരമാണ് വിദ്വേഷം. ക്രമരഹിതമായ ഈ വികാരത്തിന്റെ പ്രാരംഭ ചലനങ്ങൾപോലും കുമ്പസാരത്തിൽ ഏറ്റുപറയുകയും അതിജീവിക്കുകയും വേണം.
നിങ്ങളുടെ ഹൃദയത്തിൽ എന്തെങ്കിലും വിദ്വേഷം കാണുന്നുണ്ടോ എന്ന് ഇന്ന് ചിന്തിക്കുക. വിട്ടുമാറാത്ത ഏതെങ്കിലും പകയോ കയ്പോ നിങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ? ആ വികാരം വളർന്ന് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതത്തിനു ദോഷം വരുത്തുന്നുണ്ടോ? അങ്ങനെയെങ്കിൽ, അതു വിട്ടുകളയാനും ക്ഷമിക്കാനും തീരുമാനിക്കുക. അതാണ് ചെയ്യേണ്ട ശരിയായ കാര്യം.
എന്നെ സ്വതന്ത്രനാക്കുന്ന എന്റെ കർത്താവേ, എന്റെ ഹൃദയത്തിലേക്കു നോക്കി, കോപത്തിന്റെയും പകയുടെയും വിദ്വേഷത്തിന്റെയും പ്രവണതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ തിരിച്ചറിയാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. ഇവയിൽനിന്ന് എന്നെ ശുദ്ധീകരിച്ച് സ്വതന്ത്രനാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 31 ഞായറാഴ്ച മുതൽ:
ആണ്ടുവട്ടക്കാലം: 18-34 ആഴ്ചകൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ പീറ്റർ ക്രിസോളോഗസ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: കരവാജ്ജോ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി





