മലയാളം

മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കുക

ഓഗസ്റ്റ് 8, 2022
ആണ്ടുവട്ടത്തിലെ പത്തൊൻപതാം വാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ ഡൊമിനിക്ക്, വൈദികൻ—ഓർമ്മ

വീഡിയോ

“എന്നാൽ, നാം അവരെ വേദനിപ്പിക്കാതിരിക്കേണ്ടതിന്, നീ കടലിൽ പോയി ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മത്സ്യത്തെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ ദേവാലയനികുതിയുടെ ഇരട്ടി മൂല്യമുള്ള ഒരു നാണയം നീ കണ്ടെത്തും. എനിക്കും നിനക്കും വേണ്ടി അത് അവർക്കു കൊടുക്കുക.” മത്തായി 17:27

ഇത് കൗതുകകരമായ ഒരു സാഹചര്യമാണ്. ദേവാലയത്തിലെ നികുതിപിരിവുകാർ പത്രോസിന്റെ അടുത്തെത്തി, ഈശോ എന്തുകൊണ്ടാണ് പതിവുള്ള ദേവാലയനികുതി അടയ്ക്കാത്തതെന്ന് ചോദിക്കുന്നു. പത്രോസ് ഈ ചോദ്യം ഈശോയോടു ചോദിക്കുന്നു. താൻ ആരാണെന്നതു കണക്കിലെടുക്കുമ്പോൾ തനിക്കു നികുതി അടയ്ക്കേണ്ട ബാധ്യതയില്ലെന്ന് ഈശോ വ്യക്തമാക്കുന്നു. എന്നിരുന്നാലും, മറ്റുള്ളവർക്ക് മനോവേദന ഉണ്ടാകാതിരിക്കാൻ, ഒരു മത്സ്യത്തിന്റെ വായിൽനിന്ന് അത്ഭുതകരമായി ഒരു നാണയം എടുത്തുകൊണ്ടുവരാൻ അവിടുന്ന് പത്രോസിനെ അയയ്ക്കുന്നു.

ഈ സംഭവം വെളിപ്പെടുത്തുന്ന ഒരു കാര്യം ഇതാണ്: മറ്റുള്ളവരുടെ നിസ്സാരവും അപ്രധാനവുമായ ചില കാര്യങ്ങളെച്ചൊല്ലി (നികുതി പിരിക്കുന്നതുപോലുള്ളവ) തർക്കിക്കുന്നതിൽ ചിലപ്പോഴെങ്കിലും അർഥമില്ല. ഈ അടിസ്ഥാനതത്ത്വം ജീവിതത്തിലെ മറ്റു പല സാഹചര്യങ്ങൾക്കും ബാധകമായേക്കാം. അപ്രധാനമായ കാര്യങ്ങൾ നമ്മുടെ ദൈവസേവനത്തിനു തടസ്സമാകാൻ അനുവദിക്കുക എളുപ്പമാണ്. ആളുകൾ നിസ്സാരമായ കാര്യങ്ങളെ വലിയ പ്രശ്നങ്ങളാക്കി മാറ്റുന്നത് അപൂർവമായ അനുഭവമല്ല. ക്രൈസ്തവരായ നാം ജീവിതത്തിൽ പ്രധാനപ്പെട്ടവയിൽ ശ്രദ്ധ പതിപ്പിക്കണം; ഇത്തരം വിവേകശൂന്യമായ തർക്കങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ നമ്മെത്തന്നെ അനുവദിക്കരുത്.

എളിമ പൂർണ്ണമായി സ്വീകരിക്കുമ്പോൾ, നമ്മുടെ ഭാഗത്താണ് ശരിയെങ്കിലും മറ്റുള്ളവരെ “വേദനിപ്പിക്കുന്നത്” ഒഴിവാക്കാൻ അതു നമ്മെ സഹായിക്കും. ഈശോയുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ കാണുന്നതുപോലെ, ചില തർക്കങ്ങൾക്കുവേണ്ടി പോരാടുന്നത് അർഥശൂന്യമാണെന്നു തിരിച്ചറിയാൻ എളിമ നമ്മെ പ്രാപ്തരാക്കുന്നു. തീർച്ചയായും, സത്യത്തിന്റെ കാര്യത്തിൽ നമുക്കു വിട്ടുവീഴ്ച ചെയ്യാനാവില്ല. എന്നാൽ, നിസ്സാര കാരണങ്ങളാൽ സംഘർഷങ്ങൾ വളരാൻ അനുവദിക്കുന്നതിനുപകരം, മറ്റുള്ളവരുടെ അപ്രധാനവും നിസ്സാരവുമായ ആവശ്യങ്ങളുടെ കാര്യത്തിൽ നമുക്കു വിട്ടുവീഴ്ച ചെയ്യാം; അങ്ങനെ ചെയ്യേണ്ടതുമാണ്.

അർഹിക്കുന്നതിലും കൂടുതൽ ശ്രദ്ധ ലഭിക്കുന്നതായി തോന്നുന്ന ജീവിതത്തിലെ ആ “വിഷയങ്ങളെക്കുറിച്ച്” ഇന്ന് ചിന്തിക്കുക. മറ്റുള്ളവരുടെ മുമ്പിൽ സ്വയം താഴ്ത്തിക്കൊണ്ട് ഇത്തരം സാഹചര്യങ്ങളിലെ സംഘർഷം എങ്ങനെ ലഘൂകരിക്കാമെന്നു വിചിന്തനം ചെയ്യുക. കൂടുതൽ വിശാലമായ സാഹചര്യത്തെ മുൻനിർത്തി, ചിലപ്പോഴൊക്കെ ചെറിയ അനീതികൾ സഹിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടേക്കാം. നിങ്ങളുടെ ജീവിതത്തിൽ അവ എന്തൊക്കെയാണെന്നു നോക്കുക; അവിടുത്തെ മാതൃക പിന്തുടരാനുള്ള കൃപ നൽകണമെന്നു കർത്താവിനോട് അപേക്ഷിക്കുക.

എളിമയുള്ള എന്റെ കർത്താവേ, എന്റെ ഹൃദയത്തെ യഥാർഥ എളിമകൊണ്ടു നിറയ്ക്കണമേ. ജീവിതത്തിലെ അപ്രധാനമായ സംഘർഷങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ എന്നെ സഹായിക്കണമേ; അതിനായി ത്യാഗമനസ്സോടെ അനീതി സഹിക്കേണ്ടിവന്നാൽ അതിനും എന്നെ പ്രാപ്തനാക്കണമേ. ആഴമായ എളിമ സ്വീകരിക്കുന്നതിലുള്ള സന്തോഷത്തെക്കാൾ എന്റെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് ഞാൻ ഒരിക്കലും പ്രാധാന്യം നൽകാതിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലം: 18-34 ആഴ്ചകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ: പുരോഹിതനായ വിശുദ്ധ ഡൊമിനിക്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: നികുതിപ്പണം രചന: മസാച്ചോ, വിക്കിമീഡിയ കോമൺസ് വഴി