2022 ഓഗസ്റ്റ് 19
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജോൺ യൂഡ്സ്, വൈദികൻ—ഐച്ഛിക അനുസ്മരണം

യേശു സദുക്കായരുടെ വായടപ്പിച്ചെന്നു കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി. അവരിൽ ഒരുവനായ ഒരു നിയമപണ്ഡിതൻ അവനെ പരീക്ഷിക്കാൻ ചോദിച്ചു: “ഗുരോ, നിയമത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്?” അവൻ അയാളോടു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നിന്റെ മുഴുവൻ ഹൃദയത്തോടും നിന്റെ മുഴുവൻ ആത്മാവോടും നിന്റെ മുഴുവൻ മനസ്സോടുംകൂടെ നീ സ്നേഹിക്കണം.” മത്തായി 22:34-37
“നിന്റെ മുഴുവൻ ഹൃദയത്തോടും നിന്റെ മുഴുവൻ ആത്മാവോടും നിന്റെ മുഴുവൻ മനസ്സോടുംകൂടെ.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ സർവസ്വംകൊണ്ടും!
ഇത്രയും ആഴമുള്ള സ്നേഹം പ്രായോഗികമായി എങ്ങനെയായിരിക്കും? ഇത് ഉന്നതമായ ഒരു ചിന്തയോ വാക്കുകളിൽ ഒതുങ്ങുന്ന ഒരു പ്രസംഗമോ ആയിത്തീരാൻ എളുപ്പമാണ്. എന്നാൽ ആ ചിന്തയോ പ്രസംഗമോ നമ്മുടെ പ്രവൃത്തികളിലൂടെ സാക്ഷ്യമായി മാറാൻ അനുവദിക്കുക വെല്ലുവിളിയാണ്. നിങ്ങളുടെ സർവസ്വംകൊണ്ടും നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ? നിങ്ങളുടെ അസ്തിത്വത്തിന്റെ ഓരോ അംശംകൊണ്ടും? കൃത്യമായി എന്താണ് അതിന്റെ അർത്ഥം?
ഒരുപക്ഷേ, ഇത്രയും ആഴമുള്ള സ്നേഹം പല വിധങ്ങളിൽ പ്രകടമാകും. അത്തരം സ്നേഹത്തിൽ കാണപ്പെടുന്ന ചില സവിശേഷതകൾ ഇവയാണ്:
1) ഭരമേൽപ്പിക്കൽ: നമ്മുടെ ജീവിതം ദൈവത്തിനു ഭരമേൽപ്പിക്കുക എന്നത് സ്നേഹത്തിന്റെ ഒരു അനിവാര്യതയാണ്. ദൈവം പരിപൂർണ്ണനാണ്. അതിനാൽ, അവിടുത്തെ സ്നേഹിക്കുന്നതിന് അവിടുത്തെ പൂർണ്ണത കാണുകയും മനസ്സിലാക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും വേണം. ദൈവം ആരാണെന്നു നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, അതിന്റെ ഫലമായി നാം അവിടുത്തെ പൂർണ്ണമായും ഒന്നും മാറ്റിവയ്ക്കാതെയും വിശ്വസിക്കേണ്ടിവരുന്നു. ദൈവം സർവശക്തനും സ്നേഹസമ്പൂർണ്ണനുമാണ്. സർവശക്തനും സ്നേഹസമ്പൂർണ്ണനുമായ ദൈവത്തിൽ അതിരുകളില്ലാതെ വിശ്വാസമർപ്പിക്കണം.
2) ആന്തരിക അഗ്നി: നമ്മെത്തന്നെ ദൈവത്തിനു ഭരമേൽപ്പിക്കുന്നത് നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കും! ഇതിനർത്ഥം, പരിശുദ്ധാത്മാവ് നമ്മുടെ ആത്മാക്കളിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതു നാം കാണും എന്നാണ്. ദൈവം പ്രവർത്തിക്കുന്നതും നമ്മെ രൂപാന്തരപ്പെടുത്തുന്നതും നാം കാണും. നമുക്കു സ്വയം ചെയ്യാൻ കഴിയുന്ന എന്തിനെക്കാളും വലുതായിരിക്കും അത്. ആളിപ്പടരുന്ന തീ എല്ലാറ്റിനെയും ഗ്രസിക്കുന്നതുപോലെ, ദൈവം നമ്മുടെ ജീവിതത്തിന്റെ ചുമതലയേറ്റെടുത്ത് നമ്മിൽ വലിയ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യും.
3) നിങ്ങളുടെ കഴിവിനപ്പുറമുള്ള പ്രവൃത്തികൾ: പരിശുദ്ധാത്മാവിന്റെ അഗ്നി നമ്മുടെ ഉള്ളിൽ ജ്വലിക്കുന്നതിന്റെ ഫലമായി, ദൈവം നമ്മിലൂടെ നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യും. ദൈവം പ്രവർത്തിക്കുന്നതിനു നാം സാക്ഷികളാവുകയും അവിടുന്ന് ചെയ്യുന്ന കാര്യങ്ങളിൽ വിസ്മയിക്കുകയും ചെയ്യും. അവിടുത്തെ അത്ഭുതകരമായ ശക്തിക്കും രൂപാന്തരപ്പെടുത്തുന്ന സ്നേഹത്തിനും നാം നേരിട്ടു സാക്ഷ്യം വഹിക്കും; അതു നമ്മിലൂടെയായിരിക്കും സംഭവിക്കുക. എത്ര വലിയൊരു ദാനം!
ദൈവത്തോടുള്ള നിങ്ങളുടെ സമ്പൂർണ്ണ സ്നേഹത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ പൂർണ്ണമായി സമർപ്പിച്ചിട്ടുണ്ടോ? നമ്മുടെ കർത്താവിനെയും അവിടുത്തെ വിശുദ്ധ ഹിതത്തെയും സേവിക്കാൻ നിങ്ങൾ പൂർണ്ണമായി പ്രതിബദ്ധരാണോ? മടിക്കരുത്. അത് തീർച്ചയായും മൂല്യവത്താണ്!
കർത്താവേ, എന്റെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടുംകൂടെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. എന്റെ സർവസ്വവുംകൊണ്ട് അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ആ സ്നേഹത്തിൽ അങ്ങയുടെ കൃപയുടെ ഉപകരണമായി എന്നെ രൂപാന്തരപ്പെടുത്തണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു!
വിശുദ്ധ മോനിക്കയോടുള്ള നൊവേന
ഓഗസ്റ്റ് 18–26
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജോൺ യൂഡ്സ്, വൈദികൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




