മലയാളം

നമ്മുടെ പരിശുദ്ധ അമ്മ

ഓഗസ്റ്റ് 20, 2022
ആണ്ടുവട്ടത്തിലെ ഇരുപതാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

ആബട്ടും സഭാപണ്ഡിതനുമായ ക്ലെയർവോയിലെ വിശുദ്ധ ബെർണാർദ്—ഓർമ്മ

വീഡിയോ

“നിയമജ്ഞരും ഫരിസേയരും മോശയുടെ പീഠത്തിൽ ഇരിക്കുന്നു. അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും പാലിക്കുകയും ചെയ്യുക. എന്നാൽ അവരുടെ മാതൃക പിന്തുടരരുത്. എന്തെന്നാൽ, അവർ പ്രസംഗിക്കുന്നു, പക്ഷേ പ്രവർത്തിക്കുന്നില്ല. ചുമക്കാൻ പ്രയാസമുള്ള ഭാരമേറിയ ചുമടുകൾ കെട്ടി അവർ മനുഷ്യരുടെ തോളിൽ വയ്ക്കുന്നു; എന്നാൽ അവ നീക്കാൻ ഒരു വിരൽപോലും അനക്കാൻ അവർ തയ്യാറാകുന്നില്ല. മറ്റുള്ളവർ കാണുന്നതിനുവേണ്ടിയാണ് അവർ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവർ തങ്ങളുടെ പ്രാർഥനാപ്പട്ടകൾക്കു വീതി കൂട്ടുകയും വസ്ത്രത്തിന്റെ തൊങ്ങലുകൾക്കു നീളം കൂട്ടുകയും ചെയ്യുന്നു. വിരുന്നുകളിൽ പ്രധാന സ്ഥാനങ്ങളും സിനഗോഗുകളിൽ പ്രമുഖ ഇരിപ്പിടങ്ങളും ചന്തസ്ഥലങ്ങളിൽ അഭിവാദനങ്ങളും ‘റബ്ബീ’ എന്ന സംബോധനയും അവർ ഇഷ്ടപ്പെടുന്നു.” മത്തായി 23:2-7

പരമ്പരാഗതമായി ശനിയാഴ്ചകൾ നമ്മുടെ പരിശുദ്ധ അമ്മയെ ആദരിക്കുന്നതിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഫരിസേയരും സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ നമ്മുടെ പരിശുദ്ധ അമ്മയും തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്!

ആദ്യം, നമുക്ക് ഫരിസേയരെ നോക്കാം. അവരുടെ അഹങ്കാരത്തെയും സ്വയം നീതിമാന്മാരെന്ന ഭാവത്തെയും യേശു നിരന്തരം അപലപിച്ചിരുന്നു. അവർ തങ്ങളോടുതന്നെ പ്രാർഥനകൾ ചൊല്ലി, ബഹുമാന്യസ്ഥാനങ്ങൾ തേടി, മറ്റുള്ളവരിൽനിന്ന് ആദരവ് ആവശ്യപ്പെട്ടു; സ്വന്തം കാര്യങ്ങളിൽ പൂർണമായും മുഴുകിക്കഴിഞ്ഞു. യേശു അവരെ നിരന്തരം അപലപിച്ചത് അവിടുത്തെ കാരുണ്യത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു. അഹങ്കാരത്തിൽനിന്ന് അവരെ മോചിപ്പിക്കാനും സത്യത്തിന്റെ പ്രകാശം കാണാൻ അവരെ സഹായിക്കാനുമുള്ള ഒരു ശ്രമമായിരുന്നു അത്.

രണ്ടാമതായി, ഇതിനു വിപരീതമായി നമുക്ക് നമ്മുടെ പരിശുദ്ധ അമ്മയെ നോക്കാം. സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറം എളിമയുള്ളവളായിരുന്നു അമ്മ. അമ്മ അമലോത്ഭവയാണ്…എല്ലാ വിധത്തിലും പരിപൂർണയാണ്. എല്ലാ സദ്ഗുണങ്ങളും അമ്മ തന്റെ ആത്മാവിൽ വഹിച്ചിരുന്നു. അമ്മ പുതിയ ഹവ്വായാണ്, ജീവിക്കുന്ന എല്ലാവരുടെയും പുതിയ മാതാവ്. സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി അമ്മ നിത്യവും ആദരിക്കപ്പെടുന്നു.

അമ്മ ജീവിച്ച രീതിയിൽ ഈ തീവ്രമായ വൈരുധ്യം കാണാം. തന്നെത്തന്നെ ഉയർത്താനും ജീവിതത്തിലുടനീളം ബഹുമാനവും ആദരവും പ്രതീക്ഷിക്കാനും അമ്മയ്ക്ക് എല്ലാ അവകാശവും ഉണ്ടായിരുന്നുവെന്ന വസ്തുതയിൽ അത് വ്യക്തമാണ്. എന്നാൽ, തന്റെ എളിമയിൽ അമ്മ അങ്ങനെയൊരു അവകാശവും ഉന്നയിച്ചില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയാനും, വിവാഹത്തിനു മുമ്പ് ഗർഭിണിയായതിന്റെ പേരിൽ പരിഹസിക്കപ്പെടാനുംപോലും അമ്മ സ്വയം അനുവദിച്ചു. എല്ലാ വിധത്തിലും അമ്മ ഫരിസേയരിൽനിന്നു വ്യത്യസ്തയായിരുന്നു.

എന്നാൽ ഇപ്പോൾ, നിത്യത മുഴുവനിലേക്കുമായി ദൈവം അമ്മയെ ഉയർത്തിയിരിക്കുന്നു. അമ്മ എന്നും രാജ്ഞിയായി കാണപ്പെടുകയും എല്ലാവരാലും ബഹുമാനിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യും. എല്ലാവരും കാൺകെ അമ്മയ്ക്ക് പ്രതിഫലം നൽകപ്പെടുകയും അമ്മ ഉയർത്തപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ, അമ്മയുടെ സകല സദ്ഗുണങ്ങളും എന്നേക്കും പ്രകാശിച്ചുകൊണ്ടിരിക്കും.

നിങ്ങൾ ആരോടാണ് കൂടുതൽ സാദൃശ്യമുള്ളവരെന്ന് ഇന്ന് ചിന്തിക്കുക. തങ്ങളെത്തന്നെ ഉയർത്താൻ ശ്രമിക്കുന്ന ഫരിസേയരോടാണോ നിങ്ങൾക്കു കൂടുതൽ സാദൃശ്യം? അതോ തന്നെത്തന്നെ താഴ്ത്തിയ നമ്മുടെ പരിശുദ്ധ അമ്മയോടോ? നമ്മുടെ പരിശുദ്ധ അമ്മയെ അനുകരിക്കാൻ തീരുമാനിക്കുക; ദൈവം നിങ്ങൾക്കും നിത്യമായ പ്രതിഫലം നൽകും!

കർത്താവേ, അങ്ങയുടെ അമ്മയുടെ ആത്മാവിന്റെ സൗന്ദര്യവും മഹത്വവും കാണാൻ എനിക്കു കഴിയുമാറാകട്ടെ. അമ്മയെ സ്നേഹിക്കാനും ആദരിക്കാനും എനിക്കു കഴിയുമാറാകട്ടെ. ആ സ്നേഹത്തിലും ആദരവിലും അമ്മയെ എല്ലാ വിധത്തിലും അനുകരിക്കാൻ എനിക്കു കഴിയുമാറാകട്ടെ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
ഓഗസ്റ്റ് 18–26

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ആബട്ടും വേദപാരംഗതനുമായ ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

പ്രധാന ചിത്രം: മംഗളവാർത്തയുടെ ചില്ലുചിത്രം – മറിയം, flickr വഴി