മലയാളം

കാപട്യമോ കുതന്ത്രമോ ഇല്ലാതെ

2022 ഓഗസ്റ്റ് 24, ബുധനാഴ്ച

വിശുദ്ധ ബർത്തലോമിയോ ശ്ലീഹായുടെ തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

നഥാനയേൽ തന്റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു അവനെക്കുറിച്ചു പറഞ്ഞു: “ഇതാ, ഒരു യഥാർഥ ഇസ്രായേൽപുത്രൻ. ഇവനിൽ കാപട്യമില്ല.” നഥാനയേൽ അവനോടു ചോദിച്ചു: “അങ്ങ് എന്നെ എങ്ങനെ അറിയുന്നു?” യേശു അവനോടു മറുപടി പറഞ്ഞു: “ഫിലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു.” നഥാനയേൽ അവനോടു പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്; അങ്ങ് ഇസ്രായേലിന്റെ രാജാവാണ്.”  യോഹന്നാൻ 1:47-49

ഈ ഭാഗം ആദ്യമായി വായിക്കുമ്പോൾ, തിരികെ ചെന്ന് ഒന്നുകൂടി വായിക്കണമെന്ന് നിങ്ങൾക്കു തോന്നിയേക്കാം.  ഇതു വായിച്ചിട്ട് എന്തോ വിട്ടുപോയെന്നു തോന്നാൻ എളുപ്പമാണ്.  അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നതു താൻ കണ്ടുവെന്നു മാത്രമാണ് യേശു നഥാനയേലിനോട് (ബർത്തലോമിയോ എന്നും വിളിക്കപ്പെടുന്നു) പറഞ്ഞത്. എന്നിട്ടും, “റബ്ബീ, അങ്ങ് ദൈവപുത്രനാണ്; അങ്ങ് ഇസ്രായേലിന്റെ രാജാവാണ്” എന്നു മറുപടി പറയാൻ നഥാനയേലിന് അതു മാത്രം മതിയായത് എങ്ങനെയാണ്?  തന്നെക്കുറിച്ച് യേശു പറഞ്ഞ വാക്കുകളിൽനിന്ന് നഥാനയേൽ എങ്ങനെ അത്തരമൊരു നിഗമനത്തിലേക്കെത്തി എന്നതു നമ്മെ ആശയക്കുഴപ്പത്തിലാക്കാം.

എന്നാൽ യേശു നഥാനയേലിനെ വിശേഷിപ്പിച്ചത് എങ്ങനെയെന്നു ശ്രദ്ധിക്കുക.  അവൻ “കാപട്യമില്ലാത്ത” ഒരുവനായിരുന്നു.  മറ്റു പരിഭാഷകളിൽ അവനിൽ “കുതന്ത്രമില്ല” എന്നു പറയുന്നു.  അപ്പോൾ അതിന്റെ അർഥമെന്താണ്?

ഒരുവനിൽ കാപട്യമോ കുതന്ത്രമോ ഉണ്ടെങ്കിൽ, അയാൾ ഇരട്ടമുഖമുള്ളവനും തന്ത്രശാലിയുമാണെന്നാണ് അതിന്റെ അർഥം.  വഞ്ചിക്കുന്നതിൽ അയാൾ സമർഥനാണ്.  അപകടകരവും മാരകവുമായ ഒരു സ്വഭാവമാണിത്.  എന്നാൽ ഇതിനു വിപരീതമായി, ഒരുവനിൽ “കാപട്യമില്ല” അല്ലെങ്കിൽ “കുതന്ത്രമില്ല” എന്നു പറയുന്നത്, അയാൾ സത്യസന്ധനും നേരുള്ളവനും ആത്മാർഥതയും തുറന്ന മനസ്സുമുള്ളവനും ഉള്ളതുപോലെതന്നെ ജീവിക്കുന്നവനുമാണ് എന്നു പറയുന്നതിനു തുല്യമാണ്.

നഥാനയേലാകട്ടെ, താൻ ചിന്തിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നവനായിരുന്നു.  ഇവിടെ സംഭവിച്ചത്, യേശു തന്റെ ദൈവത്വത്തെക്കുറിച്ച് ബുദ്ധിയെ ബോധ്യപ്പെടുത്തുന്ന എന്തെങ്കിലും വാദം അവതരിപ്പിച്ചു എന്നതല്ല; അതിനെക്കുറിച്ച് അവിടുന്ന് ഒന്നും പറഞ്ഞില്ല.  പകരം, കാപട്യമില്ലായ്മ എന്ന നഥാനയേലിന്റെ ഈ സദ്ഗുണം, യേശുവിനെ നോക്കി അവിടുന്ന് “യഥാർഥത്തിൽ ആരാണോ, അതുതന്നെയാണ്” എന്നു തിരിച്ചറിയാൻ അവനെ പ്രാപ്തനാക്കി.  സത്യസന്ധനും ആത്മാർഥതയും തുറന്ന മനസ്സുമുള്ളവനുമായിരിക്കുന്ന നഥാനയേലിന്റെ നല്ല ശീലം, യേശു ആരാണെന്നു വെളിപ്പെടുത്താൻ മാത്രമല്ല, മറ്റുള്ളവരെ കൂടുതൽ വ്യക്തമായും സത്യസന്ധമായും കാണാനും അവനെ പ്രാപ്തനാക്കി.  യേശുവിനെ ആദ്യമായി കണ്ടപ്പോൾത്തന്നെ അവിടുന്ന് ആരാണെന്നതിന്റെ മഹത്വം ഉടനടി ഗ്രഹിക്കാൻ കഴിഞ്ഞതിനാൽ ഈ ഗുണം അവനു വലിയ പ്രയോജനമായി.

കുതന്ത്രത്തിൽനിന്നും കാപട്യത്തിൽനിന്നും നിങ്ങൾ എത്രത്തോളം സ്വതന്ത്രരാണെന്ന് ഇന്ന് ചിന്തിക്കുക.  നിങ്ങളും വലിയ സത്യസന്ധതയും ആത്മാർഥതയും തുറന്ന മനസ്സുമുള്ള വ്യക്തിയാണോ?  നിങ്ങൾ ഉള്ളതുപോലെതന്നെയാണോ ജീവിക്കുന്നത്?  ഇങ്ങനെ ജീവിക്കുന്നതു മാത്രമാണ് നല്ല ജീവിതമാർഗം.  സത്യത്തിൽ നയിക്കപ്പെടുന്ന ജീവിതമാണത്.  വിശുദ്ധ ബർത്തലോമിയോയുടെ മാധ്യസ്ഥ്യത്തിലൂടെ ഈ സദ്ഗുണത്തിൽ വളരാൻ ദൈവം ഇന്ന് നിങ്ങളെ സഹായിക്കണമെന്നു പ്രാർഥിക്കുക.

കർത്താവേ, കാപട്യത്തിൽനിന്നും വഞ്ചനയിൽനിന്നും മോചിതനാകാൻ എന്നെ സഹായിക്കണമേ. സത്യസന്ധതയും ആർജവവും ആത്മാർഥതയുമുള്ള വ്യക്തിയായിരിക്കാൻ എന്നെ സഹായിക്കണമേ. വിശുദ്ധ ബർത്തലോമിയോ നൽകിയ മാതൃകയ്ക്ക് അങ്ങേയ്ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾ അനുകരിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
ഓഗസ്റ്റ് 18–26

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ബർത്തലോമിയോ ശ്ലീഹാ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുഖ്യചിത്രം: ജെയിംസ് ടിസോയുടെ ‘അത്തിമരച്ചുവട്ടിലെ നഥാനയേൽ’, ബ്രൂക്‌ലിൻ മ്യൂസിയം വഴി