മലയാളം

യേശുവിനെ ശ്രദ്ധിക്കുക

2022 ഓഗസ്റ്റ് 28
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ, (വർഷം C)
ഇന്നത്തെ വായനകൾ

വീഡിയോ

ഒരു സാബത്തുദിവസം യേശു പ്രമുഖനായ ഒരു ഫരിസേയന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. അവിടെയുണ്ടായിരുന്നവർ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.  ലൂക്കാ 14:1

എത്ര ശ്രദ്ധേയമായ വാക്യം! ഈ വാക്യം അവഗണിക്കരുത്. കാരണം, യേശുവിനോടുള്ള ചിലരുടെ സാധാരണ പ്രതികരണം ഇത് വെളിപ്പെടുത്തുന്നു. എന്താണ് ആ പ്രതികരണം? അകലെനിന്ന് യേശുവിനെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പ്രവണതയാണത്.

ഈ പ്രസ്താവനയുടെ പശ്ചാത്തലം ശ്രദ്ധിക്കുക. ഒരു പ്രമുഖ ഫരിസേയന്റെ ഭവനത്തിലേക്ക് യേശുവിനെ ക്ഷണിച്ചിരുന്നു; മറ്റു പലരും അവിടെ സന്നിഹിതരായിരുന്നു. അവിടെയുണ്ടായിരുന്നവരെ അക്കാലത്തെ കാര്യങ്ങൾ നിയന്ത്രിക്കുകയും മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പ്രമുഖരായി കണക്കാക്കിയിരിക്കാം. സമൂഹത്തിൽ സ്വാധീനവും സമ്പത്തും വിദ്യാഭ്യാസവും ഉന്നതസ്ഥാനവുമുള്ളവരായിരുന്നു അവർ. അവരിൽ പലരും തങ്ങളുടെ സൽപ്പേരിനെക്കുറിച്ച് ഏറെ ഉത്കണ്ഠയുള്ളവരായിരുന്നിരിക്കാം. ജനങ്ങൾക്കിടയിൽ യേശുവിന്റെ ജനപ്രീതി വളർന്നുകൊണ്ടിരുന്നതിനാൽ അവിടുത്തെക്കുറിച്ച് അവർക്ക് വലിയ ജിജ്ഞാസയും ഉണ്ടായിരുന്നിരിക്കാം. അതിന്റെ ഫലമായി, അവരെല്ലാവരും “അവിടുത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.”

യേശുവിനോടുള്ള അവരുടെ പ്രതികരണത്തെക്കുറിച്ചുള്ള ഈ വിവരണത്തിൽ അടങ്ങിയിരിക്കുന്ന സൂചന ശ്രദ്ധിക്കുക. അക്കാലത്ത് പരസ്യമായി പാപികളായി അറിയപ്പെട്ടിരുന്നവരെപ്പോലെ, അവിടുത്തെ പാദങ്ങളിൽ വീണ് കരുണയ്ക്കായി യാചിച്ചുകൊണ്ടല്ല അവർ അവിടുത്തെ സമീപിച്ചത്. മറിച്ച്, മറ്റുള്ളവർ യേശുവിനെ എങ്ങനെ സ്വീകരിക്കും, അവിടുന്ന് എന്തു പറയും, അവിടുത്തെക്കുറിച്ച് തങ്ങൾ എന്തു വിചാരിക്കണം എന്നീ കാര്യങ്ങളിലാണ് അവർ ഏറെ താത്പര്യമുള്ളവരായി കാണപ്പെടുന്നത്. അവരെല്ലാവരും പൂർണമായി വിശ്വാസത്തോടെ യേശുവിലേക്കു തിരിയുന്നില്ല എന്നതു ദുഃഖകരമാണെങ്കിലും, അവർ യേശുവിനെ ശ്രദ്ധിക്കുകയും അവിടുന്ന് അതുല്യനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എന്നതെങ്കിലും നല്ലതാണ്.

അവരുടെ ഈ ജിജ്ഞാസ തീർത്തും മോശമായ ഒന്നല്ല. വാസ്തവത്തിൽ, അത് അവരിൽ ചിലരെ രക്ഷയിലേക്കു നയിച്ചേക്കാം. യേശുവിനെ നിരീക്ഷിക്കുമ്പോൾ, അവർ അവിടുത്തെയും അവിടുത്തെ വാക്കുകളെയും പ്രവൃത്തികളെയും കുറിച്ച് ചിന്തിക്കുന്നുണ്ടെന്നതു വ്യക്തമാണ്. എന്നാൽ, മറ്റുള്ളവർ എന്തു വിചാരിച്ചാലും, അവരിൽ ഓരോരുത്തരും വിശ്വാസത്തോടെ അവിടുത്തിലേക്കു തിരിയാനും നമ്മുടെ കർത്താവിനെ സ്വീകരിക്കാൻ തീരുമാനിക്കാനും അത് ഇടയാക്കുന്നെങ്കിൽ മാത്രമേ ഇതു നല്ലതാകൂ. പൊതുസമൂഹത്തിൽ തങ്ങൾക്കുള്ള പ്രതിച്ഛായയെക്കുറിച്ചു മാത്രം ചിന്തിച്ചു കഴിയുന്നവർക്ക് ഇതൊരു സാഹസമാണ്. എന്നാൽ ഏറ്റെടുക്കാൻ തക്ക മൂല്യമുള്ള സാഹസമാണത്. തങ്ങളുടെ നിരീക്ഷണങ്ങൾ യഥാർഥ വിശ്വാസമായി മാറാൻ വിനയത്തോടെ അനുവദിക്കുന്നവരുടെ ജീവിതം മാറും. എന്നാൽ അതിനായി, മറ്റുള്ളവർ എന്തു വിചാരിക്കുമെന്നതിനെക്കുറിച്ചുള്ള എല്ലാ ഭയവും അവർ ഉപേക്ഷിക്കണം.

യേശുവിനെയും അവിടുത്തെ ഹിതത്തെയും അകലെനിന്ന് “നിരീക്ഷിക്കുക” മാത്രം ചെയ്യാനുള്ള പ്രവണത നിങ്ങൾക്കുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾക്കു ചുറ്റുമുള്ള ദൈവസാന്നിധ്യം നിങ്ങളിൽ ജിജ്ഞാസയും താത്പര്യവും ഉണർത്തുന്നുവെങ്കിൽ, ആ ജിജ്ഞാസയ്ക്ക് അനുസരിച്ച് പ്രവർത്തിക്കാൻ മടിക്കരുത്. അവിടുത്തെ വാക്കുകളും സാന്നിധ്യവും നിങ്ങളുടെ ജീവിതത്തെ മാറ്റാൻ അനുവദിക്കുക. മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ആശങ്ക നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്. മടികൂടാതെ നിങ്ങളുടെ ജീവിതം അവിടുത്തേക്കു സമർപ്പിക്കുക; അങ്ങനെ ചെയ്തതിനെക്കുറിച്ച് നിങ്ങൾ നിത്യവും നന്ദിയുള്ളവരായിരിക്കും.

കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം തിരിച്ചറിയുമ്പോൾ, അതിനോടു പ്രതികരിക്കാൻ ആവശ്യമായ ധൈര്യം എനിക്കു നൽകണമേ. അങ്ങയിലേക്കു തിരിയുന്നതിൽ സാമൂഹിക സമ്മർദങ്ങളോ അഹങ്കാരമോ തടസ്സമാകാൻ ഞാൻ ഒരിക്കലും അനുവദിക്കാതിരിക്കട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. യാതൊരു മടിയും കൂടാതെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ഹിപ്പോയിലെ വിശുദ്ധ അഗസ്തീനോസ്, മെത്രാനും വേദപാരംഗതനും—ഓർമദിനം
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനക്രമത്തിലെ ഓർമദിനമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ഫരിസേയനായ ശിമയോന്റെ ഭവനത്തിൽ ക്രിസ്തു രചന: ലൂക്കാ സിന്യോറെല്ലി