മലയാളം

അസ്വസ്ഥതയുളവാക്കുന്ന ഒരു പാപം

സെപ്റ്റംബർ 5, 2022
ആണ്ടുവട്ടക്കാലം ഇരുപത്തിമൂന്നാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ—അനുസ്മരണം

വീഡിയോ

“നിന്റെ കൈ നീട്ടുക.” അവൻ അങ്ങനെ ചെയ്തു; അവന്റെ കൈ സുഖപ്പെട്ടു. എന്നാൽ അവർ കോപാകുലരായി, യേശുവിനെതിരെ എന്തു ചെയ്യാമെന്ന് പരസ്പരം ആലോചിച്ചു.  ലൂക്കാ 6:10-11

മനസ്സിനെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു ഭാഗമാണിത്. നിയമജ്ഞരും ഫരിസേയരും മനഃപൂർവവും കണക്കുകൂട്ടിയുമുള്ള കടുത്ത ദുഷ്ടബുദ്ധിയോടെ പ്രവർത്തിച്ചതായി നാം വീണ്ടും വീണ്ടും കാണുന്നു. ഈശോയുടെ പ്രവൃത്തികളിൽ അവിടുത്തെ കുറ്റപ്പെടുത്താൻ പറ്റിയ എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അവർ ഇവിടെ. ഒടുവിൽ അവിടുത്തെ കുറ്റപ്പെടുത്താൻ അവർ കണ്ടെത്തുന്നതെന്താണ്? സാബത്തുദിവസം അവിടുന്ന് ഒരു അത്ഭുതം പ്രവർത്തിക്കുന്നതിന് അവർ സാക്ഷികളാകുന്നു. ഈശോ ചെയ്തതു പാപമാണെന്ന മട്ടിൽ അവർ പെരുമാറുകയും ചെയ്യുന്നു. ഇതെന്തൊരു കാര്യം!

ഈ വചനഭാഗം ഇത്രയധികം അസ്വസ്ഥതയുളവാക്കുന്നതിന്റെ കാരണം, അന്നത്തെ മതനേതാക്കൾക്ക് തങ്ങളിൽ മാത്രമായിരുന്നു താത്പര്യമെന്നത് വ്യക്തമാണ് എന്നതാണ്.  തങ്ങൾക്കുതന്നെ അമിതപ്രാധാന്യം നൽകുന്ന അവരുടെ മനോഭാവത്തിന് യേശു തടസ്സമാകുകയായിരുന്നു.  നിയമജ്ഞരെക്കാളും ഫരിസേയരെക്കാളും അവൻ ജനപ്രീതിയും ആദരവും നേടിക്കൊണ്ടിരുന്നു; അതിനാൽ അവർ അസൂയകൊണ്ടു നിറഞ്ഞു.

ഈ ഭാഗത്തിൽനിന്ന് പഠിക്കേണ്ട ഒരു പ്രധാന കാര്യം, അസൂയ എന്ന പാപം നമ്മെ വിവേകശൂന്യതയിലേക്കും ഭോഷത്തത്തിലേക്കും നയിക്കുന്നു എന്നതാണ്. ഈ പാപം നമ്മെ അന്ധരാക്കുകയും ഭോഷത്തമായ കാര്യങ്ങൾ ചിന്തിക്കാനും പറയാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിയമജ്ഞരും ഫരിസേയരും ചെയ്തതും ഇതുതന്നെയാണ്. സാബത്തിൽ രോഗശാന്തി നൽകുന്നതുപോലെ നല്ലൊരു കാര്യം ചെയ്തതിന്റെ പേരിൽ ഈശോയെ “കുറ്റപ്പെടുത്താൻ” സുബോധമുള്ള ആർക്കാണ് കഴിയുക? അസൂയയാൽ അന്ധരായവർക്കു മാത്രമേ അതിനു കഴിയൂ.

ഈ വചനഭാഗം അസ്വസ്ഥതയുളവാക്കുന്നതാണെങ്കിലും, ആ അസ്വസ്ഥത നമുക്ക് ഉപകാരപ്രദമായിത്തീരട്ടെ എന്നു പ്രത്യാശിക്കാം.  സ്വന്തം ജീവിതത്തിലേക്കു നോക്കാനും നമ്മുടെ ബന്ധങ്ങളെ പരിശോധിക്കാനുമുള്ള അവസരമായി ഇത് നമുക്കോരോരുത്തർക്കും മാറണം.  ആ ബന്ധങ്ങളിൽ ഏതിലെങ്കിലും അസൂയയുടെ സാന്നിധ്യം നിങ്ങൾ കാണുന്നുണ്ടോ?  ചിലപ്പോഴെങ്കിലും ഈ വ്യക്തിയോടോ ആ വ്യക്തിയോടോ നിങ്ങൾ വിവേകരഹിതമായി പെരുമാറുകയും അവരെക്കുറിച്ച് അങ്ങനെ ചിന്തിക്കുകയും ചെയ്യുന്നതായി കാണുന്നുണ്ടോ?

നിയമജ്ഞരെയും ഫരിസേയരെയും പോലെയാകാനുള്ള എന്തെങ്കിലും പ്രവണത നിങ്ങളിലുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക.  നാം ചിലപ്പോഴൊക്കെ പോരാടുന്ന ഈ ഹീനമായ പാപത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാനാണ് അവരുടെ പ്രവൃത്തികൾ വിശുദ്ധലിഖിതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കുക.  ഇതിലെ അസ്വസ്ഥതയുളവാക്കുന്ന വശം, നിങ്ങളുടെ ജീവിതത്തിൽ അസൂയയിൽനിന്നു മോചനം നേടാൻ പരിശ്രമിക്കുന്നതിന് പ്രചോദനമാകട്ടെ.

അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന എന്റെ കർത്താവേ, അഹങ്കാരം, അസൂയ, ഈർഷ്യ എന്നീ പാപങ്ങളിൽനിന്ന് മോചിതനാകാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ ഇവയെ തിരിച്ചറിയാനും അവയെക്കുറിച്ച് പശ്ചാത്തപിക്കാനും അവയ്ക്കു പകരം അങ്ങയുടെ കരുണയും സ്നേഹവും സ്വീകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: ക്രിസ്തു ആ മനുഷ്യനെ സുഖപ്പെടുത്തുന്നു, വിക്കിമീഡിയ കോമൺസ് വഴി