സെപ്റ്റംബർ 14, 2022
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ

“മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.” യോഹന്നാൻ 3:14-15
എത്ര മഹത്വപൂർണ്ണമായ തിരുനാളാണ് നാം ഇന്നു ആഘോഷിക്കുന്നത്! വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണിത്!
കുരിശിന് യഥാർഥത്തിൽ അർഥമുണ്ടോ? ക്രിസ്തുവിന്റെ കുരിശിനെക്കുറിച്ച് നാം പഠിച്ചതെല്ലാം മാറ്റിവച്ച്, ലൗകികവും ചരിത്രപരവുമായ കാഴ്ചപ്പാടിലൂടെ മാത്രം അതിനെ നോക്കിയാൽ, കുരിശ് ഒരു വലിയ ദുരന്തത്തിന്റെ അടയാളമാണ്. അനേകർക്കു വളരെ പ്രിയങ്കരനായിത്തീർന്നെങ്കിലും മറ്റുചിലരാൽ കഠിനമായി വെറുക്കപ്പെട്ട ഒരു മനുഷ്യന്റെ കഥയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഒടുവിൽ, ആ മനുഷ്യനെ വെറുത്തവർ അവിടുത്തെ ക്രൂരമായി കുരിശിലേറ്റാൻ ഏർപ്പാടുചെയ്തു. അതിനാൽ, തികച്ചും ലൗകികമായ കാഴ്ചപ്പാടിൽ കുരിശ് ഭയാനകമായ ഒന്നാണ്.
എന്നാൽ ക്രൈസ്തവരായ നാം ലൗകികമായ കാഴ്ചപ്പാടിലൂടെയല്ല കുരിശിനെ കാണുന്നത്. ദൈവികമായ കാഴ്ചപ്പാടിലൂടെയാണ് നാം അതിനെ കാണുന്നത്. എല്ലാവർക്കും കാണാനായി കുരിശിൽ ഉയർത്തപ്പെട്ട ഈശോയെ നാം കാണുന്നു. സഹനത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ അവിടുന്ന് ഭയാനകമായ സഹനം ഉപയോഗിക്കുന്നതു നാം കാണുന്നു. മരണത്തെത്തന്നെ നശിപ്പിക്കാൻ അവിടുന്ന് മരണം ഉപയോഗിക്കുന്നതു നാം കാണുന്നു. ആത്യന്തികമായി, ആ കുരിശിൽ ഈശോ വിജയശ്രീലാളിതനാകുന്നതു നാം കാണുന്നു. അതിനാൽ, എന്നെന്നും കുരിശിനെ ഉന്നതവും മഹത്വപൂർണ്ണവുമായ ഒരു സിംഹാസനമായി നാം കാണുന്നു!
മരുഭൂമിയിൽ മോശ ചെയ്ത കാര്യങ്ങൾ കുരിശിന്റെ മുൻസൂചനയായിരുന്നു. പാമ്പുകടിയേറ്റ് അനേകർ മരിച്ചുകൊണ്ടിരുന്നു. അതിനാൽ, സർപ്പത്തിന്റെ ഒരു രൂപം ഒരു ദണ്ഡിൽ ഉയർത്താൻ ദൈവം മോശയോടു പറഞ്ഞു; അതിനെ നോക്കുന്ന എല്ലാവരും സുഖം പ്രാപിക്കാനായിരുന്നു അത്. കൃത്യമായി അങ്ങനെതന്നെ സംഭവിച്ചു. വിരോധാഭാസമെന്നു പറയട്ടെ, സർപ്പം മരണത്തിനു പകരം ജീവൻ നൽകി!
നമ്മുടെ ജീവിതത്തിലുടനീളം പലവിധത്തിൽ സഹനം ഉണ്ടാകുന്നു. ചിലർക്കത് അനാരോഗ്യം മൂലമുള്ള ദൈനംദിന വേദനകളും അസ്വസ്ഥതകളുമാകാം. മറ്റുചിലർക്കാകട്ടെ, വൈകാരികമോ വ്യക്തിപരമോ ബന്ധങ്ങളുമായി ബന്ധപ്പെട്ടതോ ആത്മീയമോ ആയ കൂടുതൽ ആഴത്തിലുള്ള സഹനമായിരിക്കാം. വാസ്തവത്തിൽ, ഏറ്റവും വലിയ സഹനത്തിനു കാരണം പാപമാണ്. അതിനാൽ, ജീവിതത്തിൽ പാപത്തോടു കടുത്ത പോരാട്ടം നടത്തുന്നവർ ആ പാപംമൂലം ആഴത്തിൽ സഹിക്കുന്നു.
അപ്പോൾ ഈശോയുടെ ഉത്തരം എന്താണ്? നമ്മുടെ നോട്ടം അവിടുത്തെ കുരിശിലേക്കു തിരിക്കുക എന്നതാണ് അവിടുത്തെ ഉത്തരം. അവിടുത്തെ ദുരിതത്തിലും സഹനത്തിലും നാം അവിടുത്തെ നോക്കണം; ആ നോട്ടത്തിൽ, വിശ്വാസത്തോടെ വിജയം കാണാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സഹനത്തിൽനിന്നുപോലും, എല്ലാ കാര്യങ്ങളിൽനിന്നും ദൈവം നന്മ ഉളവാക്കുന്നുവെന്ന് അറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. തന്റെ ഏകപുത്രന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും പിതാവ് ലോകത്തെ എന്നേക്കുമായി രൂപാന്തരപ്പെടുത്തി. നമ്മുടെ കുരിശുകളിലും നമ്മെ രൂപാന്തരപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു.
ഇന്ന് ക്രിസ്തുവിന്റെ കുരിശിനെക്കുറിച്ചു ധ്യാനിക്കുക. ക്രൂശിതരൂപത്തിലേക്കു നോക്കി കുറച്ചുസമയം ചെലവഴിക്കുക. നിങ്ങളുടെ സ്വന്തം ദൈനംദിന പോരാട്ടങ്ങൾക്കുള്ള ഉത്തരം ആ ക്രൂശിതരൂപത്തിൽ കാണുക. സഹിക്കുന്നവരോട് ഈശോ അടുത്തിരിക്കുന്നു; അവിടുന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും അവിടുത്തെ ശക്തി ലഭ്യമാണ്.
കർത്താവേ, കുരിശിലേക്ക് ഉറ്റുനോക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ തന്നെ പീഡാസഹനത്തിൽ അങ്ങയുടെ അന്തിമവിജയം അല്പമായെങ്കിലും അനുഭവിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയെ നോക്കുമ്പോൾ എനിക്ക് ശക്തിയും സൗഖ്യവും ലഭിക്കുമാറാകണമേ. ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ ചൊല്ലുന്നു
എട്ടാം ദിവസം—സെപ്റ്റംബർ 14
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ തിരുനാൾ – വിശുദ്ധ കുരിശിന്റെ പുകഴ്ച
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: പീറ്റർ പോൾ റൂബൻസിന്റെ ‘കുരിശ് ഉയർത്തൽ’, വിക്കിമീഡിയ കോമൺസ് വഴി




