മലയാളം

ദൈവമോ പണമോ?

ഞായർ, സെപ്റ്റംബർ 18, 2022

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ, വർഷം സി

ഇന്നത്തെ വായനകൾ

വീഡിയോ

“ഒരു ഭൃത്യനും രണ്ടു യജമാനന്മാരെ സേവിക്കാൻ കഴിയുകയില്ല. അയാൾ ഒന്നുകിൽ ഒരുവനെ വെറുക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനോട് കൂറു പുലർത്തുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ കഴിയുകയില്ല.” ലൂക്കാ 16:13

ധനികരാകണമെന്ന് അനേകർ സ്വപ്നം കാണുന്നു. ധാരാളം പണമുണ്ടാകുമ്പോൾ ഒരു പരിധിവരെ സുരക്ഷിതത്വവും, മിക്കവർക്കും ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു. പണം അതിൽത്തന്നെ നല്ലതോ ചീത്തയോ അല്ല. ഒരാൾ ധനികനാണെങ്കിൽ അതിൽ തെറ്റില്ല. ഒരാൾ ദരിദ്രനാണെങ്കിലും അതിൽ തെറ്റില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ, നിങ്ങളുടെ കൈവശം എത്ര പണമുണ്ടെന്നതിന് വലിയ പ്രാധാന്യമില്ല.

എന്നിരുന്നാലും, പണത്തെ നിങ്ങളുടെ “യജമാനൻ” ആകാൻ അനുവദിക്കുമ്പോഴാണ് അതിന്റെ അപകടം ആരംഭിക്കുന്നത്. കൗതുകകരമെന്നു പറയട്ടെ, കൂടുതൽ പണം വേണമെന്ന ആഗ്രഹം തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കുമ്പോൾ ദരിദ്രർക്കുപോലും പണത്തെ തങ്ങളുടെ യജമാനനാക്കാൻ കഴിയും. ആ ആഗ്രഹത്തോടുള്ള സമീപനവും ആരോഗ്യകരമായ അനാസക്തിയുമാണ് ഇവിടെ നിർണായകം.

നിങ്ങൾ എന്തിനോടാണ് ആസക്തി പുലർത്തുന്നത്? നിങ്ങളുടെ കൈവശമുള്ള പണത്തോടാണോ? നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പണത്തിനുവേണ്ടിയുള്ള മോഹത്തോടാണോ? പണത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ കാണുക എന്നതാണ് ലക്ഷ്യം. ജീവിതത്തെ സമഗ്രമായി നോക്കുമ്പോൾ പണത്തിന് വളരെ കുറച്ചു മൂല്യമേയുള്ളൂ. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഉപാധിയാണത്; എന്നാൽ ജീവിതത്തിലെ നിങ്ങളുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവിടമായി അതിന് ഒരിക്കലും മാറാൻ കഴിയില്ല. ദൈവം മാത്രമാണ് നമ്മുടെ ഹൃദയങ്ങളുടെ യഥാർഥ യജമാനൻ; യഥാർഥ സമ്പത്തുകൊണ്ട് നിങ്ങളെ നിറയ്ക്കാൻ അവിടുത്തേക്കു മാത്രമേ കഴിയൂ.

പണത്തോടോ അതിന്റെ അഭാവത്തോടോ അമിതമായി ആസക്തി പുലർത്തുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ നേരിടുന്ന ഏതൊരു പോരാട്ടത്തെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങളിൽ നിങ്ങൾക്കുവേണ്ടി കരുതുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു; അതിനാൽ അവിടുത്തിൽ ആശ്രയിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടതിലധികം നിങ്ങൾക്കുണ്ടെങ്കിൽ, നന്ദിയുള്ളവരായിരിക്കുകയും ഉദാരമനോഭാവം വളർത്തുകയും ചെയ്യുക; ഒപ്പം, സന്തോഷത്തിന്റെ വ്യാജ ഉറവിടമായ പണത്തോടുള്ള ആസക്തിയിൽനിന്ന് മോചിതരാകാൻ പരിശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ ഹൃദയത്തിന് സംതൃപ്തിയുടെ ഉറവിടമായി ദൈവത്തിന്റെ സമൃദ്ധമായ കൃപ മാത്രം നിറയട്ടെ; അപ്പോൾ ഏറ്റവും യഥാർഥമായ അർഥത്തിൽ നിങ്ങൾ സമ്പന്നരാകും.

സകലത്തിന്റെയും നാഥാ, അങ്ങയെ എന്റെ ജീവിതത്തിന്റെ ഏക യജമാനനായി നിലനിർത്താൻ എന്നെ സഹായിക്കണമേ. അങ്ങേക്കുവേണ്ടിയും അങ്ങയുടെ തിരുഹിതത്തിന് അനുസൃതമായും മാത്രം ജീവിക്കേണ്ടതിന്, ഈ ലോകത്തിന്റേതായ എല്ലാറ്റിനോടുമുള്ള ആസക്തിയിൽനിന്ന് മോചിതനാകാൻ എനിക്കാവശ്യമായ കൃപ നൽകണമേ. പ്രിയനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. മറ്റെല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ