2022 ഒക്ടോബർ 11
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ജോൺ XXIII മാർപാപ്പ—ഐച്ഛിക അനുസ്മരണം

കർത്താവ് അവനോടു പറഞ്ഞു: “ഫരിസേയരേ! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നെങ്കിലും, നിങ്ങളുടെ ഉള്ളിൽ കൊള്ളയും തിന്മയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ!” ലൂക്കാ 11:39-40a
ബാഹ്യമായ പ്രതിച്ഛായയിൽ മുഴുകുകയും സ്വന്തം ആത്മാവിന്റെ പവിത്രതയെ അവഗണിക്കുകയും ചെയ്തതിനാൽ യേശു ഫരിസേയരെ നിരന്തരം വിമർശിച്ചിരുന്നു. ഫരിസേയർ ഒന്നിനു പുറകെ ഒന്നായി ഇതേ കെണിയിൽ വീണുപോയതായി തോന്നുന്നു. നീതിമാന്മാരായി കാണപ്പെടുന്നതിൽ അമിതമായി മുഴുകാൻ അവരുടെ അഹങ്കാരം അവരെ പ്രേരിപ്പിച്ചു. ദുഃഖകരമെന്നു പറയട്ടെ, അവരുടെ ബാഹ്യമായ പ്രതിച്ഛായ, ഉള്ളിൽ അവരെ ഗ്രസിച്ചിരുന്ന “കൊള്ളയും തിന്മയും” മറയ്ക്കുന്ന ഒരു മുഖംമൂടി മാത്രമായിരുന്നു. അതുകൊണ്ടാണ് യേശു അവരെ “ഭോഷന്മാർ” എന്നു വിളിക്കുന്നത്.
നമ്മുടെ കർത്താവിന്റെ ഈ നേരിട്ടുള്ള വെല്ലുവിളി വ്യക്തമായും സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു. കാരണം, തങ്ങളുടെ ഹൃദയങ്ങളെയും ആത്മാക്കളെയും സകല തിന്മകളിൽനിന്നും ശുദ്ധീകരിക്കാനായി അവർ സ്വന്തം ഉള്ളിലേക്കു നോക്കണമെന്ന് അവിടുന്ന് ആഴമായി ആഗ്രഹിച്ചു. ഫരിസേയരുടെ കാര്യത്തിൽ, അവരുടെ തിന്മയെ നേരിട്ട് ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായിരുന്നുവെന്നു തോന്നുന്നു. അവർക്ക് അനുതപിക്കാൻ അവസരം ലഭിക്കാനുള്ള ഏക മാർഗം അതായിരുന്നു.
ചിലപ്പോഴൊക്കെ നമ്മുടെയെല്ലാം കാര്യത്തിലും ഇതു ശരിയായിരിക്കാം. സ്വന്തം ആത്മാവിന്റെ വിശുദ്ധിയെക്കാൾ മറ്റുള്ളവരുടെ മുമ്പിലുള്ള നമ്മുടെ പ്രതിച്ഛായയ്ക്ക് ഏറെ പ്രാധാന്യം നൽകാനുള്ള പ്രവണതയുമായി നാമോരോരുത്തരും മല്ലിടുന്നുണ്ടാകാം. എന്നാൽ ഏതിനാണ് കൂടുതൽ പ്രാധാന്യം? നമ്മുടെ ഉള്ളിൽ ദൈവം കാണുന്നതാണ് പ്രധാനം. നമ്മുടെ ഉദ്ദേശ്യങ്ങളും നമ്മുടെ മനസ്സാക്ഷിയുടെ ആഴങ്ങളിലുള്ള സകലതും ദൈവം കാണുന്നു. നമ്മുടെ പ്രേരണകൾ, സദ്ഗുണങ്ങൾ, പാപങ്ങൾ, ആസക്തികൾ, മറ്റുള്ളവരുടെ കണ്ണുകളിൽനിന്നു മറഞ്ഞിരിക്കുന്ന എല്ലാം അവിടുന്ന് കാണുന്നു. യേശു കാണുന്നതു കാണാൻ നമ്മളും ക്ഷണിക്കപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ആത്മാവിനെ നോക്കിക്കാണാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾ നിങ്ങളുടെ ആത്മാവിനെ കാണുന്നുണ്ടോ? ഓരോ ദിവസവും നിങ്ങൾ ആത്മശോധന നടത്തുന്നുണ്ടോ? പ്രാർഥനയുടെയും സത്യസന്ധമായ ആത്മപരിശോധനയുടെയും വേളകളിൽ സ്വന്തം ഉള്ളിലേക്കു നോക്കി, ദൈവം കാണുന്നതു കണ്ടറിഞ്ഞുകൊണ്ട് നിങ്ങൾ ആത്മശോധന നടത്തണം. തങ്ങളുടെ ആത്മാവിൽ എല്ലാം ഭദ്രമാണെന്നു കരുതി ഫരിസേയർ പതിവായി സ്വയം വഞ്ചിച്ചിരുന്നിരിക്കാം. ചിലപ്പോഴെങ്കിലും നിങ്ങളും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, യേശുവിന്റെ ശക്തമായ വാക്കുകളിൽനിന്നു നിങ്ങളും പഠിക്കേണ്ടതുണ്ടാകാം.
ഇന്ന് നിങ്ങളുടെ ആത്മാവിനെക്കുറിച്ചു ധ്യാനിക്കുക. സത്യത്തിന്റെ വെളിച്ചത്തിൽ അതിനെ നോക്കിക്കാണാനും ദൈവം കാണുന്നതുപോലെ നിങ്ങളുടെ ജീവിതത്തെ കാണാനും ഭയപ്പെടരുത്. യഥാർഥത്തിൽ വിശുദ്ധരായിത്തീരുന്നതിനുള്ള ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവയ്പ്പാണിത്. നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള മാർഗം മാത്രമല്ല ഇത്; നമ്മുടെ ബാഹ്യജീവിതവും ദൈവകൃപയുടെ പ്രകാശത്തിൽ ഉജ്ജ്വലമായി തിളങ്ങാൻ അനുവദിക്കുന്നതിന് അനിവാര്യമായ ചുവടുവയ്പ്പുകൂടിയാണിത്.
വിശുദ്ധിയുടെ നാഥാ, വിശുദ്ധനാകാൻ ഞാൻ ആഗ്രഹിക്കുന്നു. പൂർണമായും ശുദ്ധീകരിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് കാണുന്നതുപോലെ എന്റെ ആത്മാവിനെ കാണാനും, എനിക്ക് ശുദ്ധീകരണം ആവശ്യമായ മേഖലകളിൽ അങ്ങയുടെ കൃപയും കരുണയും എന്നെ ശുദ്ധീകരിക്കാൻ അനുവദിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പുതിയത്!

ദൈവത്തിലേക്കുള്ള ആന്തരിക യാത്ര:
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ധ്യാനചിന്തകൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജോൺ XXIII മാർപാപ്പ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




