2022 നവംബർ 20, ഞായർ
പ്രപഞ്ചരാജാവായ നമ്മുടെ കർത്താവ് യേശുക്രിസ്തു—മഹോത്സവം
ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ഞായർ (വർഷം A, B, C)
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവാശംസകൾ! സഭാവർഷത്തിലെ അവസാനത്തെ ഞായറാഴ്ചയാണിത്. അതിനാൽ വരാനിരിക്കുന്ന അന്തിമവും മഹത്വപൂർണ്ണവുമായ കാര്യങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്! അടുത്ത ഞായറാഴ്ച ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ചയായിക്കഴിഞ്ഞിരിക്കും എന്നും ഇതിനർത്ഥമുണ്ട്.
യേശു രാജാവാണെന്നു പറയുമ്പോൾ നാം ചില കാര്യങ്ങളാണ് അർത്ഥമാക്കുന്നത്. ഒന്നാമതായി, അവിടുന്ന് നമ്മുടെ ഇടയനാണ്. നമ്മുടെ ഇടയനെന്ന നിലയിൽ, സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി നയിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. വ്യക്തിപരമായും ആത്മബന്ധത്തോടെയും കരുതലോടെയും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ഒരിക്കലും തന്നെത്തന്നെ നമ്മുടെമേൽ അടിച്ചേൽപ്പിക്കാതെ, നമ്മുടെ വഴികാട്ടിയായി അവിടുന്ന് എപ്പോഴും തന്നെത്തന്നെ നമുക്കു നൽകുന്നു. എന്നാൽ ഇത്തരത്തിലുള്ള രാജാധികാരത്തെ നമുക്ക് വളരെ എളുപ്പത്തിൽ നിരസിക്കാൻ കഴിയും എന്നതാണ് ഇതിലെ പ്രയാസം. രാജാവെന്ന നിലയിൽ, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നയിക്കാനും എല്ലാ കാര്യങ്ങളിലും നമ്മെ വഴിനടത്താനും യേശു ആഗ്രഹിക്കുന്നു. നമ്മുടെ ആത്മാക്കളുടെ പരമാധികാരിയും രാജാവുമായിത്തീരാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എല്ലാറ്റിനും നാം അവിടുത്തെ പക്കൽ വരണമെന്നും എപ്പോഴും അവിടുത്തെ ആശ്രയിക്കുന്നവരാകണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള രാജാധികാരം അവിടുന്ന് നമ്മുടെമേൽ അടിച്ചേൽപ്പിക്കുകയില്ല. നാം അത് സ്വതന്ത്രമായും യാതൊരു ഉപാധിയുമില്ലാതെയും സ്വീകരിക്കണം. നാം സ്വതന്ത്രമായി നമ്മെത്തന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചാൽ മാത്രമേ യേശു നമ്മുടെ ജീവിതം ഭരിക്കുകയുള്ളൂ. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ അവിടുത്തെ രാജ്യം നമ്മുടെ ഉള്ളിൽ സ്ഥാപിതമാകാൻ തുടങ്ങുന്നു! നമ്മിലൂടെ ലോകത്തിലും!
കൂടാതെ, തന്റെ രാജ്യം നമ്മുടെ ലോകത്തിൽ സ്ഥാപിതമാകാൻ തുടങ്ങണമെന്ന് യേശു തീർച്ചയായും ആഗ്രഹിക്കുന്നു. നാം അവിടുത്തെ ആടുകളായിത്തീരുകയും അങ്ങനെ ലോകത്തിന്റെ മാനസാന്തരത്തിനു സഹായിക്കുന്ന അവിടുത്തെ ഉപകരണങ്ങളായിത്തീരുകയും ചെയ്യുമ്പോഴാണ് പ്രഥമമായും പ്രധാനമായും ഇതു സംഭവിക്കുന്നത്. എന്നാൽ രാജാവെന്ന നിലയിൽ, പൊതുസമൂഹത്തിൽ അവിടുത്തെ സത്യവും നിയമവും ആദരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവിടുത്തെ രാജാധികാരം സ്ഥാപിക്കാനും അവിടുന്ന് നമ്മെ വിളിക്കുന്നു. സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടാനും ഓരോ മനുഷ്യവ്യക്തിയോടുമുള്ള ആദരവ് വളർത്താനും നമുക്കു കഴിയുന്നതെല്ലാം ചെയ്യാനുള്ള അധികാരവും കടമയും ക്രൈസ്തവരായ നമുക്കു നൽകുന്നത് രാജാവെന്ന നിലയിലുള്ള ക്രിസ്തുവിന്റെ അധികാരമാണ്. എല്ലാ പൗരനിയമങ്ങൾക്കും ആത്യന്തികമായി അധികാരം ലഭിക്കുന്നത് ക്രിസ്തുവിൽനിന്നു മാത്രമാണ്; കാരണം അവിടുന്നാണ് ഏക പ്രപഞ്ചരാജാവ്.
എന്നാൽ അനേകർ അവിടുത്തെ രാജാവായി അംഗീകരിക്കുന്നില്ല. അപ്പോൾ അവരുടെ കാര്യമോ? വിശ്വസിക്കാത്തവരുടെമേൽ നാം ദൈവത്തിന്റെ നിയമം “അടിച്ചേൽപ്പിക്കണോ”? വേണം എന്നും വേണ്ട എന്നും ഉത്തരം പറയേണ്ടിവരും. ഒന്നാമതായി, നമുക്ക് അടിച്ചേൽപ്പിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ആളുകളെ നിർബന്ധിക്കാൻ നമുക്കു കഴിയില്ല. ഈ അമൂല്യദാനത്തിൽ പങ്കുചേരാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തിന് അത് തടസ്സമാകും. നമ്മുടെ ആത്മാക്കളുടെ നന്മയ്ക്കായി യേശു നമ്മോട് അത് ആവശ്യപ്പെടുന്നുവെന്ന് നമുക്കറിയാം. എന്നിരുന്നാലും അത് സ്വതന്ത്രമായി സ്വീകരിക്കപ്പെടണം. എന്നാൽ മറ്റുള്ളവരുടെമേൽ നാം “നിർബന്ധമാക്കേണ്ട” ചില കാര്യങ്ങളുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും ദുർബലരുടെയും സംരക്ഷണം “നിർബന്ധമാക്കണം.” മനഃസാക്ഷിസ്വാതന്ത്ര്യം നമ്മുടെ നിയമങ്ങളിൽ ഉൾപ്പെടുത്തണം. ഏതു സ്ഥാപനത്തിനുള്ളിലും നമ്മുടെ വിശ്വാസം പരസ്യമായി ആചരിക്കാനുള്ള സ്വാതന്ത്ര്യവും (മതസ്വാതന്ത്ര്യം) “നിർബന്ധമാക്കണം.” ഇവിടെ പട്ടികപ്പെടുത്താവുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. എടുത്തുപറയേണ്ട പ്രധാന കാര്യം ഇതാണ്: കാലത്തിന്റെ അന്ത്യത്തിൽ യേശു തന്റെ സകല മഹത്വത്തോടുംകൂടി ഭൂമിയിലേക്കു മടങ്ങിവരും. അപ്പോൾ അവിടുന്ന് തന്റെ ശാശ്വതവും അവസാനമില്ലാത്തതുമായ രാജ്യം സ്ഥാപിക്കും. അക്കാലത്ത് സകല മനുഷ്യരും ദൈവത്തെ അവിടുന്ന് ആയിരിക്കുന്നതുപോലെ കാണും. അവിടുത്തെ നിയമം “പൗര”നിയമവുമായി ഒന്നായിത്തീരും. മഹാരാജാവിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങും; എല്ലാവരും സത്യം അറിയും. അപ്പോൾ യഥാർത്ഥ നീതി വാഴുകയും എല്ലാ തിന്മകളും പരിഹരിക്കപ്പെടുകയും ചെയ്യും. എത്ര മഹത്വപൂർണ്ണമായ ദിനമായിരിക്കും അത്!
ക്രിസ്തുവിനെ രാജാവായി നിങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും അവിടുന്ന് യഥാർത്ഥത്തിൽ ഭരിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിന്മേൽ പൂർണ്ണമായ നിയന്ത്രണം അവിടുത്തേക്കു നൽകാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? സ്വതന്ത്രമായും പൂർണ്ണമായും ഇങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ ദൈവരാജ്യം സ്ഥാപിതമാകുന്നു. അവിടുന്ന് വാഴട്ടെ; അങ്ങനെ നിങ്ങൾക്കു മാനസാന്തരപ്പെടാനും, നിങ്ങളിലൂടെ മറ്റുള്ളവർക്ക് അവിടുത്തെ സകലത്തിന്റെയും കർത്താവായി അറിയാനും കഴിയട്ടെ!
അതിമഹനീയനായ കർത്താവേ, അങ്ങ് പ്രപഞ്ചത്തിന്റെ പരമാധികാരിയായ രാജാവാണ്. അങ്ങ് സകലത്തിന്റെയും നാഥനാണ്. എന്റെ ജീവിതത്തിൽ വന്ന് വാഴണമേ; എന്റെ ആത്മാവിനെ അങ്ങയുടെ വിശുദ്ധ വാസസ്ഥലമാക്കണമേ. കർത്താവേ, വന്ന് ഞങ്ങളുടെ ലോകത്തെ രൂപാന്തരപ്പെടുത്തി, യഥാർഥ സമാധാനവും നീതിയും പുലരുന്ന ഇടമാക്കണമേ. അങ്ങയുടെ രാജ്യം വരണമേ! ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
കൂടുതൽ വായനയ്ക്ക് – ക്രിസ്തുരാജൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: flickr




