മലയാളം

ഉണർന്നിരിക്കുവിൻ!

2022 നവംബർ 26
ആണ്ടുവട്ടത്തിലെ മുപ്പത്തിനാലാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“അമിതവിരുന്നുകളും മദ്യലഹരിയും ദൈനംദിന ജീവിതത്തിലെ ആകുലതകളും മൂലം നിങ്ങളുടെ ഹൃദയങ്ങൾ മയങ്ങിപ്പോകാതിരിക്കാനും ആ ദിവസം ഒരു കെണിപോലെ അപ്രതീക്ഷിതമായി നിങ്ങളെ പിടികൂടാതിരിക്കാനും സൂക്ഷിക്കുവിൻ.”  ലൂക്കാ 21:34-35a

നമ്മുടെ ആരാധനാക്രമവർഷത്തിന്റെ അവസാന ദിവസമാണിത്!  വിശ്വാസജീവിതത്തിൽ അലസരായിത്തീരുന്നത് എത്ര എളുപ്പമാണെന്ന് ഈ ദിവസത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു.  “അമിതവിരുന്നുകളും മദ്യലഹരിയും ദൈനംദിന ജീവിതത്തിലെ ആകുലതകളും” മൂലം നമ്മുടെ ഹൃദയങ്ങൾ മയങ്ങിപ്പോകാമെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു.  ഈ പ്രലോഭനങ്ങളെ നമുക്കു പരിശോധിക്കാം.

ഒന്നാമതായി, അമിതവിരുന്നുകൾക്കും മദ്യലഹരിക്കും എതിരെ നമുക്കു മുന്നറിയിപ്പു നൽകപ്പെടുന്നു.  ഇത് തീർച്ചയായും അക്ഷരാർഥത്തിൽ ബാധകമാണ്; അതായത്, മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ദുരുപയോഗം നാം ഒഴിവാക്കണം എന്നത് വ്യക്തമാണ്.  എന്നാൽ മിതത്വമില്ലായ്മ മൂലം നാം “മയങ്ങിപ്പോകുന്ന” മറ്റു നിരവധി രീതികൾക്കും ഇത് ബാധകമാണ്.  ജീവിതഭാരങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗം മാത്രമാണ് മദ്യത്തിന്റെ ദുരുപയോഗം; എന്നാൽ ഇതു ചെയ്യാൻ നമുക്കു മറ്റു പല മാർഗങ്ങളുമുണ്ട്.  ഏതെങ്കിലും തരത്തിലുള്ള അമിതത്വത്തിനു വഴങ്ങുമ്പോഴെല്ലാം, ആത്മീയതലത്തിൽ നമ്മുടെ ഹൃദയങ്ങൾ മയങ്ങിപ്പോകാൻ നാം അനുവദിച്ചുതുടങ്ങുന്നു.  ദൈവത്തിലേക്കു തിരിയാതെ ജീവിതത്തിൽനിന്നു താത്കാലികമായി രക്ഷപ്പെടാനുള്ള വഴികൾ തേടുമ്പോഴെല്ലാം, ആത്മീയമായി മയങ്ങിപ്പോകാൻ നാം നമ്മെത്തന്നെ അനുവദിക്കുന്നു.

രണ്ടാമതായി, “ദൈനംദിന ജീവിതത്തിലെ ആകുലതകൾ” മയക്കത്തിലേക്കു നയിക്കുന്ന ഒരു കാരണമാണെന്ന് ഈ ഭാഗം ചൂണ്ടിക്കാട്ടുന്നു.  ജീവിതത്തിൽ പലപ്പോഴും നാം ആകുലതകൾ നേരിടാറുണ്ട്.  ഏതെങ്കിലും ഒരു കാര്യം നമ്മെ തളർത്തുന്നതായും അമിതമായി ഭാരപ്പെടുത്തുന്നതായും നമുക്ക് അനുഭവപ്പെടാം.  ജീവിതം ഭാരമായി അനുഭവപ്പെടുമ്പോൾ, അതിൽനിന്നു രക്ഷപ്പെടാനുള്ള ഒരു വഴി തേടാൻ നാം പ്രവണരാകുന്നു.  എന്നാൽ മിക്കപ്പോഴും ആ “രക്ഷാമാർഗം” നമ്മെ ആത്മീയമായി മയക്കത്തിലാക്കുന്ന ഒന്നായിരിക്കും.

നമ്മുടെ വിശ്വാസജീവിതത്തിൽ ഉണർവോടും ജാഗ്രതയോടും കൂടെ നിലകൊള്ളാൻ നമ്മെ വെല്ലുവിളിക്കുന്നതിനായാണ് യേശു ഈ സുവിശേഷവചനം അരുളിച്ചെയ്യുന്നത്.  സത്യം നമ്മുടെ മനസ്സിലും ഹൃദയത്തിലും സൂക്ഷിക്കുകയും ദൈവഹിതത്തിൽ ദൃഷ്ടി ഉറപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇതു സാധ്യമാകുന്നത്.  ജീവിതഭാരങ്ങളിലേക്കു കണ്ണുകൾ തിരിക്കുകയും എല്ലാറ്റിന്റെയും മധ്യേ ദൈവത്തെ കാണാതിരിക്കുകയും ചെയ്യുന്ന നിമിഷം, നാം ആത്മീയമായി മയങ്ങിപ്പോകുകയും ഒരർഥത്തിൽ ഉറക്കത്തിലേക്കു വഴുതിവീഴാൻ തുടങ്ങുകയും ചെയ്യുന്നു.

ആരാധനാക്രമവർഷം അവസാനിക്കുന്ന ഇന്ന്, പൂർണ്ണമായും ഉണർന്നിരിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നു എന്ന വസ്തുതയെക്കുറിച്ചു ധ്യാനിക്കുക.  നിങ്ങളുടെ ശ്രദ്ധ മുഴുവനും അവിടുന്ന് ആഗ്രഹിക്കുന്നു; വിശ്വാസജീവിതത്തിൽ നിങ്ങൾ പൂർണ്ണമായ സുബോധത്തോടെ ആയിരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  അവിടുത്തെമേൽ ദൃഷ്ടി ഉറപ്പിക്കുക; ആസന്നമായ തന്റെ തിരിച്ചുവരവിനായി നിങ്ങളെ സദാ ഒരുക്കിനിർത്താൻ അവിടുത്തെ അനുവദിക്കുക.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ ഇനിയും കൂടുതൽ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  എന്റെ വിശ്വാസജീവിതത്തിൽ തികഞ്ഞ ജാഗ്രതയോടെ നിലകൊള്ളാൻ എന്നെ സഹായിക്കണമേ.  അങ്ങ് എന്റെ അടുക്കൽ വരുമ്പോൾ അങ്ങയെ സ്വീകരിക്കാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതിന്, എല്ലാ സാഹചര്യങ്ങളിലും എന്റെ ദൃഷ്ടി അങ്ങയിൽ ഉറപ്പിച്ചുനിർത്താൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!

തിരുവചന ധ്യാനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ജെയിംസ് ടിസ്സോയുടെ ‘എന്നോടൊപ്പം ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ല’, വിക്കിമീഡിയ കോമൺസ് വഴി