മലയാളം

യഥാർഥ മിശിഹാ

2022 ഡിസംബർ 2
ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

അവരുടെ കണ്ണുകൾ തുറന്നു. യേശു അവർക്കു കർശനമായ മുന്നറിയിപ്പു നൽകി: “ഇത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുവിൻ.” എന്നാൽ അവർ പുറത്തുപോയി ആ ദേശമെങ്ങും അവനെക്കുറിച്ചുള്ള വാർത്ത പ്രചരിപ്പിച്ചു. മത്തായി 9:30–31

ആരാണ് യേശു? യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്തെക്കാൾ ഇന്ന് ഈ ചോദ്യത്തിന് ഉത്തരം നൽകുക വളരെ എളുപ്പമാണ്. നമുക്കു മുമ്പേ കടന്നുപോയ അസംഖ്യം വിശുദ്ധരുടെ അനുഗ്രഹം ഇന്ന് നമുക്കുണ്ട്. പ്രാർഥനയോടും വിവേകത്തോടുംകൂടെ അവർ യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അവൻ ദൈവമാണെന്നും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയാണെന്നും ലോകത്തിന്റെ രക്ഷകനാണെന്നും വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണെന്നും ബലിക്കുഞ്ഞാടാണെന്നും അതിലുമേറെ പലതുമാണെന്നും നമുക്കറിയാം.

യേശു രണ്ട് അന്ധരെ സുഖപ്പെടുത്തിയ അത്ഭുതത്തിന്റെ അവസാനഭാഗത്തുനിന്നാണ് മുകളിലെ സുവിശേഷവചനം എടുത്തിരിക്കുന്നത്. സൗഖ്യം ലഭിച്ചതിൽ അവർ അത്യധികം ആനന്ദിച്ചു; വികാരങ്ങൾ അവരെ കീഴടക്കി. ഈ അത്ഭുതസൗഖ്യത്തെക്കുറിച്ച് “ഇത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കുവിൻ” എന്ന് യേശു അവരോട് നിർദേശിച്ചു. എന്നാൽ അവരുടെ ആവേശം അടക്കിവയ്ക്കാനായില്ല. അവർ മനഃപൂർവം യേശുവിനെ അനുസരിക്കാതിരുന്നതല്ല; മറിച്ച്, യേശു ചെയ്ത കാര്യം മറ്റുള്ളവരോടു പറയുകയല്ലാതെ തങ്ങളുടെ ആത്മാർഥമായ നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു.

തന്നെക്കുറിച്ച് മറ്റുള്ളവരോടു പറയരുതെന്ന് യേശു അവരോടു പറഞ്ഞതിന്റെ ഒരു കാരണം, താൻ ആരാണെന്ന് അവർ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്ന് അവന് അറിയാമായിരുന്നു എന്നതാണ്. തന്നെക്കുറിച്ചുള്ള അവരുടെ സാക്ഷ്യത്തിന് തന്നെ ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയില്ലെന്ന് അവന് അറിയാമായിരുന്നു. അവൻ ദൈവത്തിന്റെ കുഞ്ഞാടായിരുന്നു. രക്ഷകൻ. മിശിഹാ. ബലിക്കുഞ്ഞാട്. തന്റെ രക്തം ചിന്തി നമ്മെ വീണ്ടെടുക്കാൻ ഈ ലോകത്തിലേക്കു വന്നവനായിരുന്നു അവൻ. എന്നാൽ ജനങ്ങളിൽ പലരും ആഗ്രഹിച്ചത് ഒരു ദേശീയവാദിയായ “മിശിഹാ”യെയോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരാളെ മാത്രമോ ആയിരുന്നു. രാഷ്ട്രീയ അടിച്ചമർത്തലിൽനിന്ന് തങ്ങളെ രക്ഷിച്ച്, ഭൂമിയിൽ തങ്ങളെ ഒരു മഹത്തായ ജനതയാക്കുന്ന ഒരാളെയാണ് അവർ ആഗ്രഹിച്ചത്. എന്നാൽ യേശുവിന്റെ ദൗത്യം ഇതായിരുന്നില്ല.

യേശു ആരാണെന്നും നമ്മുടെ ജീവിതത്തിൽ ആരായിരിക്കാനാണ് അവൻ ആഗ്രഹിക്കുന്നതെന്നും തെറ്റിദ്ധരിക്കുന്ന കെണിയിൽ പലപ്പോഴും നാമും വീണുപോകാം. നമ്മുടെ ദൈനംദിന പോരാട്ടങ്ങളിൽനിന്നും അനീതികളിൽനിന്നും താൽക്കാലിക ബുദ്ധിമുട്ടുകളിൽനിന്നും മാത്രം നമ്മെ രക്ഷിക്കുന്ന ഒരു “ദൈവത്തെ” നാം ആഗ്രഹിച്ചേക്കാം. നാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്നതിനുപകരം, നമ്മുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്ന ഒരു “ദൈവത്തെ” നാം ആഗ്രഹിച്ചേക്കാം. നമ്മെ സുഖപ്പെടുത്തുകയും ഭൂമിയിലെ എല്ലാ ഭാരങ്ങളിൽനിന്നും നമ്മെ മോചിപ്പിക്കുകയും ചെയ്യുന്ന ഒരു “ദൈവത്തെ” നാം ആഗ്രഹിക്കുന്നു. എന്നാൽ താൻ പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്യുമെന്ന് യേശു തന്റെ ജീവിതത്തിലുടനീളം വ്യക്തമായി പഠിപ്പിച്ചു. നാം സ്വന്തം കുരിശുകളെടുത്ത് അവനെ അനുഗമിക്കണമെന്ന് അവൻ നമ്മെ പഠിപ്പിച്ചു. നാം മരിക്കണമെന്നും സഹനത്തെ സ്വീകരിക്കണമെന്നും കരുണ കാണിക്കണമെന്നും മറുകരണം കാണിച്ചുകൊടുക്കണമെന്നും ലോകത്തിന് ഒരിക്കലും മനസ്സിലാകാത്തതിൽ നമ്മുടെ മഹത്ത്വം കണ്ടെത്തണമെന്നും അവൻ നമ്മെ പഠിപ്പിച്ചു.

യേശു ആരാണെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് അമിതമായി വിളിച്ചുപറയുന്നതിനെതിരെ അവിടുന്ന് നിങ്ങൾക്ക് മുന്നറിയിപ്പു നൽകുമോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. യഥാർഥത്തിൽ ദൈവമല്ലാത്ത ഒരു “ദൈവത്തെ” അവതരിപ്പിക്കുന്ന പ്രവണതയുമായി നിങ്ങൾ മല്ലിടുന്നുണ്ടോ? അതോ, മരിച്ച അവിടുത്തെക്കുറിച്ച് സാക്ഷ്യം നൽകാൻ കഴിയുന്നത്ര ആഴത്തിൽ നമ്മുടെ കർത്താവായ ക്രിസ്തു എന്ന വ്യക്തിയെ നിങ്ങൾ അറിഞ്ഞുകഴിഞ്ഞോ. നിങ്ങൾ കുരിശിൽ മാത്രമാണോ അഭിമാനിക്കുന്നത്? ക്രൂശിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയും എളിമയുടെയും കരുണയുടെയും ത്യാഗത്തിന്റെയും ഏറ്റവും ആഴമേറിയ ജ്ഞാനം മാത്രം പ്രസംഗിക്കുകയും ചെയ്യുന്നുണ്ടോ? നമ്മെ രക്ഷിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം നിറഞ്ഞ എല്ലാ ധാരണകളും മാറ്റിവെച്ച്, ക്രിസ്തുവിനെ സത്യമായി പ്രഘോഷിക്കാൻ നിങ്ങളെത്തന്നെ വീണ്ടും സമർപ്പിക്കുക.

സത്യവാനും രക്ഷകനുമായ എന്റെ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് ആയിരിക്കുന്നതുപോലെതന്നെ അങ്ങയെ അറിയാനും സ്നേഹിക്കാനും എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങയെ കാണാൻ വേണ്ട കണ്ണുകളും അങ്ങയെ അറിയാനും സ്നേഹിക്കാനും വേണ്ട മനസ്സും ഹൃദയവും എനിക്കു നൽകണമേ. അങ്ങ് ആരാണെന്നതിനെക്കുറിച്ചുള്ള തെറ്റായ എല്ലാ ധാരണകളും എന്നിൽനിന്ന് നീക്കി, പകരം അങ്ങയെക്കുറിച്ചുള്ള യഥാർഥ അറിവ് എന്നിൽ നിറയ്ക്കണമേ, എന്റെ കർത്താവേ. അങ്ങയെ അറിഞ്ഞുവരുമ്പോൾ, അങ്ങയുടെ മഹത്ത്വം എല്ലാവരോടും പ്രഘോഷിക്കാൻ അങ്ങ് എന്നെ ഉപയോഗിക്കേണ്ടതിന് ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7

ആഗമനകാലത്തിനായുള്ള ഞങ്ങളുടെ എല്ലാ വിഭവങ്ങളും കാണുക

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
താഴെ കൊടുത്തിരിക്കുന്ന വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന പ്രാർത്ഥന, പരമ്പരാഗതമായി വിശുദ്ധ അന്ത്രയോസിന്റെ തിരുനാളായ നവംബർ 30 മുതൽ ക്രിസ്മസിന്റെ തലേദിവസം വരെ ദിവസവും 15 തവണ ചൊല്ലിവരുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാലത്തിനായുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: അന്ധരെ സുഖപ്പെടുത്തുന്ന ക്രിസ്തു — രചന: നിക്കോളാസ് കൊളോംബെൽ, Wikimedia Commons വഴി