മലയാളം

സ്നേഹത്തിന്റെ ഒരു കൽപ്പന

ശനി, ജനുവരി 7, 2023
ക്രിസ്തുമസ് കാലത്തിലെ സാധാരണദിനം:
ജനുവരി 7
ഇന്നത്തെ വായനകൾ

പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്, വൈദികൻ—ഐച്ഛിക അനുസ്മരണം

വീഡിയോ

അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: “അവൻ നിങ്ങളോടു പറയുന്നതെന്തും ചെയ്യുവിൻ.” യോഹന്നാൻ 2:5

കാനായിലെ വിവാഹവിരുന്നിന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ചെറിയ വാക്യം നമുക്ക് ധ്യാനിക്കാൻ ഏറെ കാര്യങ്ങൾ നൽകുന്നു. നമ്മുടെ പരിശുദ്ധ അമ്മ വിവാഹവിരുന്നിലെ പരിചാരകരോടു പറഞ്ഞ സ്നേഹത്തിന്റെ ഒരു കൽപ്പനയാണിത്. യേശുവിന്റെ ആദ്യത്തെ അത്ഭുതവും അവിടുത്തെ ദൈവത്വത്തിന്റെ അടയാളവും വെളിപ്പെടുന്നതിനായി ആ പരിചാരകരോടാണ് അമ്മ ആദ്യം ഈ വാക്കുകൾ പറഞ്ഞതെങ്കിലും, നമ്മുടെ പരിശുദ്ധ അമ്മ നമ്മിൽ ഓരോരുത്തരോടും ഇവ പറയുന്നുണ്ടെന്ന് നമുക്ക് ഉറപ്പിക്കാം.

“അവൻ നിങ്ങളോടു പറയുന്നതെന്തും ചെയ്യുവിൻ.” എത്ര മനോഹരമായ സ്നേഹകൽപ്പന! ഈ വാക്കുകൾ നമ്മോടു പറയുന്നതായി നാം കേൾക്കുമ്പോൾ, നമ്മുടെ പരിശുദ്ധ അമ്മയുടെ പൂർണ്ണവും നിരന്തരവുമായ മാർഗനിർദേശമായി അവയെ സ്വീകരിക്കണം. ജീവിതത്തിൽ പലപ്പോഴും നാം ചെയ്യുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്. നമ്മുടെ വികാരാവേശങ്ങളും ക്രമരഹിതമായ ആഗ്രഹങ്ങളും നമ്മെ അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴയ്ക്കുന്നു. സ്വാർത്ഥതയോടു നാം മല്ലിടുകയും നമ്മുടെ ജീവിതത്തിൽ പലപ്പോഴും തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുന്നു. നാം അനുദിനം പോരാടുന്ന പാപത്തിന്റെ ലളിതമായ യാഥാർഥ്യമാണിത്. എന്നാൽ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്ന് നമ്മുടെ ഹൃദയത്തിലേക്കു പറയുന്ന വാക്കുകളായി അവളുടെ വാക്കുകൾ കേട്ട് അവയ്ക്കു ചെവികൊടുക്കാൻ കഴിഞ്ഞാൽ, നമ്മുടെ ജീവിതത്തിന് ഒരു പുതിയ ദിശ ലഭിക്കും.

ദൈവഹിതം നിറവേറ്റാൻ ആദ്യം വേണ്ടത് ദൈവത്തിന്റെ സ്വരം ശ്രവിക്കുകയാണ്. നമ്മുടെ കർത്താവ് നമ്മോടു സംസാരിക്കുന്നത് നാം കേൾക്കണം. നിങ്ങൾ എത്ര നന്നായി ഇതു ചെയ്യുന്നുണ്ട്? പലപ്പോഴും നമ്മുടെ മനസ്സിൽ അനേകം ചിന്തകൾ നിറഞ്ഞൊഴുകുന്നു; പല കാര്യങ്ങളും നമ്മെ എളുപ്പത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു. നമ്മുടെ ക്രമരഹിതമായ വികാരാവേശങ്ങളും തോന്നലുകളും വികാരങ്ങളും ചിലപ്പോൾ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു എന്നു മാത്രമല്ല, നമ്മുടെ ലോകത്തിൽത്തന്നെ വ്യത്യസ്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ എത്രയോ സ്വരങ്ങളുമുണ്ട്. നാം ദിവസവും കണ്ടുമുട്ടുന്നവർ നല്ലതിനായാലും തിന്മയ്ക്കായാലും നമ്മെ സ്വാധീനിക്കുന്നു. ബഹുജനമാധ്യമങ്ങളും നാം വായിക്കുകയോ കാണുകയോ ചെയ്യുന്ന കാര്യങ്ങളും, ദിനംപ്രതി നമ്മെ പ്രലോഭിപ്പിക്കുന്ന ദുഷ്ടൻപോലും നമ്മെ സ്വാധീനിക്കുന്നു.

നമ്മുടെ ജീവിതത്തിൽ നമ്മെ വഴിതെറ്റിക്കുന്ന അനേകം സ്വരങ്ങളെ ഒഴിവാക്കി, ദൈവത്തിന്റെ ലളിതവും വ്യക്തവും അഗാധവുമായ സ്വരം ശ്രദ്ധിച്ചു കേൾക്കാൻ ദിവസവും പരിശ്രമിക്കാനായാൽ, നാം നല്ലൊരു ആദ്യചുവടു വച്ചുകഴിഞ്ഞു. എന്നാൽ അതിനുശേഷം, ദൈവം നമ്മോട് ആവശ്യപ്പെടുന്നത് നാം “ചെയ്യണം.” ദൈവം സംസാരിക്കുന്നത് കേൾക്കുക പ്രയാസമായിരിക്കാം; എന്നാൽ ദൈവത്തിൽനിന്നു കേൾക്കുന്നതു ചെയ്യുക അതിലും പ്രയാസമായിരിക്കാം. നല്ല ഉദ്ദേശ്യങ്ങൾകൊണ്ടാണ് നരകത്തിലേക്കുള്ള വഴി പാകിയിരിക്കുന്നതെന്നു പറയപ്പെടുന്നു. നല്ല ഉദ്ദേശ്യങ്ങൾ മാത്രം പോരാ. നമ്മുടെ സർവശക്തിയോടുംകൂടെ ദൈവഹിതം നിറവേറ്റുകയാണ് വേണ്ടത്.

ഇന്ന് ഈ രണ്ടു ചോദ്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഒന്നാമതായി, ഓരോ ദിവസവും ദൈവം എന്നോട് ആവശ്യപ്പെടുന്നത് കേൾക്കാൻ എനിക്കു കഴിയുന്നുണ്ടോ, അതോ മറ്റു പല സ്വരങ്ങളും എന്നെ വഴിതെറ്റിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ടോ? രണ്ടാമതായി, ദൈവം എന്നോട് ആവശ്യപ്പെടുന്നതായി എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ എത്ര നന്നായി പ്രവൃത്തിയിൽ കൊണ്ടുവരുന്നു? “അവൻ നിങ്ങളോടു പറയുന്നതെന്തും ചെയ്യുവിൻ.” ഈ വാക്യം ധ്യാനിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയിൽനിന്നുള്ള യഥാർഥമായ ഒരു സ്നേഹകൽപ്പനയായി അതു ശ്രവിക്കുകയും ചെയ്യുക.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, ഓരോ ദിവസവും ഈ വാക്കുകൾ എന്നോടു പറയണമേ. അങ്ങനെ പറയുമ്പോൾ, അമ്മയുടെ പുത്രൻ എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാൻ കേൾക്കാനും പൂർണ്ണഹൃദയത്തോടെ അവിടുത്തെ സ്വരം അനുസരിക്കാനും എനിക്കുവേണ്ടി പ്രാർഥിക്കണമേ. അമ്മയുടെ പൂർണ്ണമായ “അതെ” എന്ന സമ്മതത്തിനും എല്ലാ കാര്യങ്ങളിലും ദൈവത്തോടു കാട്ടിയ അനുസരണത്തിനും നന്ദി. ഓരോ ദിവസവും അമ്മയെ കൂടുതൽ പൂർണ്ണമായി അനുകരിക്കാൻ ഞാൻ പഠിക്കട്ടെ. മാതാവായ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഞങ്ങളുടെ ക്രിസ്മസ് വിഭവങ്ങൾ കാണുക!

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – പെന്യാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട്, പുരോഹിതൻ—ഐച്ഛിക അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: കാനായിലെ വിവാഹം, flickr വഴി