മലയാളം

പ്രത്യാശയുടെ ഒരു പുതിയ യുഗം

ജനുവരി 22, 2023
ആണ്ടുവട്ടക്കാലത്തിലെ മൂന്നാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

വീഡിയോ

അന്നുമുതൽ യേശു ഇങ്ങനെ പ്രസംഗിക്കാൻ തുടങ്ങി: “മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” മത്തായി 4:17

ഇന്നു നാം വായിക്കുന്ന മത്തായിയുടെ സുവിശേഷത്തിൽ, നമ്മുടെ കർത്താവ് തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുമ്പോൾ അരുളിച്ചെയ്യുന്ന ആദ്യവാക്കുകൾ നാം കേൾക്കുന്നു: “മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.”

ഇതുവരെയും മത്തായിയുടെ സുവിശേഷം യേശുവിന്റെ വംശാവലി, അവിടുത്തെ ജനനം, ജ്ഞാനികളുടെ കഥ, തിരുക്കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനം, വിശുദ്ധരായ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കൊല, യേശുവിന്റെ ജ്ഞാനസ്നാനം, വിശുദ്ധ സ്നാപകയോഹന്നാന്റെ പ്രസംഗം, മരുഭൂമിയിലെ യേശുവിന്റെ നാൽപ്പതു ദിവസങ്ങൾ എന്നിവയാണ് നമ്മുടെ മുമ്പിൽ അവതരിപ്പിച്ചത്. യേശുവിന്റെ ജീവിതത്തിനു മുഖവുരയായ ഈ വിവരണങ്ങൾക്കുശേഷം, ഇപ്പോൾ നാം അവിടുത്തെ പരസ്യശുശ്രൂഷയിലേക്കു കടക്കുന്നു.

യോഹന്നാൻ തൊട്ടുമുമ്പാണ് തടവിലാക്കപ്പെട്ടതെന്നും അതോടെ അദ്ദേഹത്തിന്റെ പരസ്യശുശ്രൂഷ അവസാനിച്ചുവെന്നും ഓർക്കുക. അതിനാൽ, ദൈവപുത്രന്റെ പ്രസംഗത്തിനും ശുശ്രൂഷയ്ക്കുമുള്ള സമയം വന്നെത്തിയിരുന്നു. യോഹന്നാൻ ആരംഭിച്ച മാനസാന്തരത്തിന്റെ സന്ദേശം യേശു തുടരുന്നുണ്ടെങ്കിലും, യോഹന്നാന്റെ വാക്കുകളെ അവിടുന്ന് കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നു. യോഹന്നാന് കൂട്ടിച്ചേർക്കാൻ കഴിയാതിരുന്ന ഒരു കാര്യം യേശു കൂട്ടിച്ചേർക്കുന്നു: “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.”

നാം ഇപ്പോഴും ആണ്ടുവട്ടക്കാലത്തിന്റെ ആരംഭത്തിലായതിനാൽ, യോഹന്നാൻ അവസാനത്തെ ആളായിരുന്ന പഴയനിയമ പ്രവാചകന്മാരിൽനിന്ന് നമ്മുടെ കർത്താവിന്റെ പുതിയനിയമ പ്രസംഗത്തിലേക്കുള്ള ഈ മാറ്റം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പഴയനിയമത്തിൽ പ്രവചിക്കപ്പെടുകയും സൂചിപ്പിക്കപ്പെടുകയും ചെയ്തതെല്ലാം ഇപ്പോൾ വന്നെത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം. ഈ ഭാഗത്തെക്കുറിച്ചു വ്യാഖ്യാനിക്കുമ്പോൾ വിശുദ്ധ ജെറോം പറയുന്നത്, പഴയനിയമത്തിലെ നിയമം അവസാനിച്ചപ്പോൾ സുവിശേഷം ആരംഭിച്ചു എന്നാണ്. തീർച്ചയായും, സുവിശേഷത്തിന്റെ ഈ പുതിയ യുഗത്തിന്റെ പൂർത്തീകരണത്തിന് ഏതാനും ചെറിയ വർഷങ്ങൾ മാത്രമേ ശേഷിച്ചിരുന്നുള്ളൂ; അപ്പോൾ നമ്മുടെ കർത്താവ് അനേകരുടെ രക്ഷയ്ക്കായി തന്റെ ജീവൻ അർപ്പിക്കുമായിരുന്നു.

യേശു തന്റെ പ്രസംഗം ആരംഭിക്കുമ്പോൾ, അവിടുത്തെ വാക്കുകൾ വെല്ലുവിളി ഉയർത്തുന്നവയും അതേസമയം ഏറെ പ്രത്യാശ പകരുന്നവയുമാണ്. “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്, തന്റെ ആദ്യശ്രോതാക്കളിൽ യേശു താത്പര്യവും വിശുദ്ധമായ ജിജ്ഞാസയും ഉണർത്തുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള അവിടുത്തെ പുതിയ പ്രഖ്യാപനം, മാനസാന്തരത്തിനായുള്ള അവിടുത്തെ ആഹ്വാനത്തെ കൂടുതൽ സൗമ്യമാക്കി.

യേശുവിന്റെ പരസ്യശുശ്രൂഷയിലെ ഈ ആദ്യവാക്കുകളിൽനിന്ന് നമുക്കു ലഭിക്കുന്ന സഹായകരമായ ഒരു ഉൾക്കാഴ്ച ഇതാണ്: ക്രിസ്തുവിനെ ഇനിയും അനുഗമിക്കാത്തവരുമായി സുവിശേഷം പങ്കുവയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതുതന്നെയാണ്. ഗുരുതരമായ പാപത്തിൽ ജീവിക്കുന്ന ഒരാളെ കാണുമ്പോൾ, പലപ്പോഴും അയാളെ വിധിക്കാനും കുറ്റംവിധിക്കാനുമാണ് നമുക്കു തോന്നുക. എന്നാൽ സാധാരണയായി അവർക്ക് ഏറ്റവും ആവശ്യമുള്ളത് പ്രത്യാശയാണ്—മാനസാന്തരത്തിലൂടെ അതിനെക്കാൾ ഏറെ മഹത്തായ ഒന്ന് ലഭിക്കുമെന്ന പ്രത്യാശ. തീർച്ചയായും നാം പാപത്തിനെതിരെ സംസാരിക്കണം. എന്നാൽ അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന്, ശ്രോതാവ് പൊരുതിക്കൊണ്ടിരിക്കുന്ന പാപത്തെക്കാൾ ഏറെ മെച്ചമായ ഒന്നിനെക്കുറിച്ചുള്ള പ്രത്യാശ ആദ്യം നൽകുക എന്നതാണ്—പ്രത്യേകിച്ച്, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ.

യേശുവിന്റെ ശുശ്രൂഷയുടെ പുതുമയെക്കുറിച്ചും സുവിശേഷത്തിന്റെ ആദ്യപ്രഘോഷണത്തിന്റെ പുതുമയെക്കുറിച്ചും ഇന്ന് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, യേശുവിന്റെ പ്രസംഗം ആദ്യമായി കേട്ട അനേകരിൽ ഉണ്ടായിരുന്നിരിക്കാവുന്ന വിശുദ്ധമായ ജിജ്ഞാസ മനസ്സിൽ കാണാൻ ശ്രമിക്കുക. അധികം വൈകാതെ, തന്റെ സന്ദേശത്തെ സ്ഥിരീകരിക്കുന്ന അനേകം അടയാളങ്ങളും അത്ഭുതങ്ങളും അവിടുന്ന് തന്റെ പ്രസംഗത്തെത്തുടർന്ന് പ്രവർത്തിക്കുമായിരുന്നു. എന്നാൽ ആദ്യം, യേശു തന്റെ ശ്രോതാക്കളിൽ പ്രത്യാശ പകർന്നു എന്നു മാത്രം. ഇതേക്കുറിച്ചു ചിന്തിക്കുമ്പോൾ, സുവിശേഷത്തെക്കുറിച്ചുള്ള ഈ പ്രാരംഭ പ്രത്യാശയും വിശുദ്ധമായ ജിജ്ഞാസയും ആവശ്യമുള്ള, നിങ്ങളുടെ ജീവിതത്തിലെ ആളുകളെ ഓർക്കുക. കരുണ നിറഞ്ഞ ഈ സന്ദേശത്തിന്റെ ഉപകരണമായിരിക്കാൻ ദൈവം നിങ്ങളെ പ്രചോദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് പ്രാർഥിക്കുക.

കർത്താവേ, സ്വർഗരാജ്യം പ്രഘോഷിച്ചുകൊണ്ടുള്ള അങ്ങയുടെ പരസ്യശുശ്രൂഷ ആരംഭിച്ചപ്പോൾ, അങ്ങയുടെ ആദ്യശ്രോതാക്കളുടെ മനസ്സിലും ഹൃദയത്തിലും അങ്ങ് പ്രത്യാശയും വിശുദ്ധമായ ജിജ്ഞാസയും പകർന്നു. ഈ നല്ല പ്രവൃത്തി തുടരണേ. ഓരോ ദിവസവും ഞാൻ കണ്ടുമുട്ടുന്നവരിൽ ഈ പ്രത്യാശ പകരാനുള്ള ഉപകരണമായി, അങ്ങയുടെ തിരുവിഷ്ടപ്രകാരം എന്നെ ഉപയോഗിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടി 9 ദിവസത്തെ നൊവേന
ജനുവരി 19–27

നാലാം ദിവസം: ജനുവരി 22

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ വിൻസെന്റ്—ഐച്ഛിക അനുസ്മരണം
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: നിങ്ങളുടെ പ്രകാശം ശോഭിക്കട്ടെ, flickr വഴി