മലയാളം

സുവിശേഷപ്രഘോഷകനാകുക

2023 ജനുവരി 25, ബുധനാഴ്ച

അപ്പസ്തോലനായ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

“സഹോദരനായ സാവൂളേ, നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ്, നിനക്കു കാഴ്ച വീണ്ടുകിട്ടാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനും വേണ്ടി എന്നെ അയച്ചിരിക്കുന്നു.” അപ്പസ്തോല പ്രവർത്തനങ്ങൾ 9:17

വിശുദ്ധ പൗലോസ് (ഹീബ്രുവിൽ താർസോസിലെ സാവൂൾ എന്നറിയപ്പെട്ടിരുന്നു) നിയമത്തെ തീക്ഷ്ണതയോടെ സംരക്ഷിച്ചിരുന്ന ഭക്തനായ ഒരു യഹൂദ ഫരിസേയനായിരുന്നു. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം, പുതുതായി രൂപംകൊണ്ട ക്രൈസ്തവവിശ്വാസം അതിവേഗം വളരാൻ തുടങ്ങി. തത്ഫലമായി, തെറ്റാണെന്ന് താൻ കരുതിയ ഈ പുതിയ മതത്തെ ഇല്ലാതാക്കാൻ താർസോസിലെ സാവൂൾ തീവ്രമായി പരിശ്രമിച്ചു. യേശുവിന്റെ അനുയായികളെ കണ്ടെത്തി അറസ്റ്റുചെയ്ത് തടവിലാക്കാൻ അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ചു. പ്രഥമ രക്തസാക്ഷിയും ഡീക്കനുമായ വിശുദ്ധ സ്റ്റീഫനെ കല്ലെറിഞ്ഞു കൊല്ലുന്നതിനുപോലും സാവൂൾ സമ്മതം നൽകി. എന്നാൽ, തന്റെ ഒരു യാത്രയ്ക്കിടയിൽ സാവൂളിന് ഉത്ഥിതനായ ക്രിസ്തുവിന്റെ ദർശനമുണ്ടായി. ക്രിസ്തു അദ്ദേഹത്തോട് സൗമ്യമായി പറഞ്ഞു: “സാവൂൾ, സാവൂൾ, നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” (അപ്പസ്തോലപ്രവർത്തനങ്ങൾ 9:4). ആ കൂടിക്കാഴ്ചയിൽ സാവൂളിന് കാഴ്ച നഷ്ടപ്പെട്ടു; മൂന്നു ദിവസം അദ്ദേഹം അന്ധനായി കഴിഞ്ഞു.

മുകളിൽ ഉദ്ധരിച്ചിരിക്കുന്നത് യേശുവിന്റെ ഭക്തനായ ശിഷ്യൻ അനനിയാസിന്റെ വാക്കുകളാണ്. അനനിയാസിനും യേശുവിന്റെ ദർശനം ലഭിച്ചിരുന്നു. താർസോസിലെ സാവൂളിന്റെ അടുത്തുചെന്ന്, അദ്ദേഹത്തിനു സൗഖ്യം ലഭിക്കേണ്ടതിന് അദ്ദേഹത്തിന്റെമേൽ കൈകൾ വയ്ക്കാൻ യേശു അനനിയാസിനോടു പറഞ്ഞു. “വിജാതീയർക്കും രാജാക്കന്മാർക്കും ഇസ്രായേൽമക്കൾക്കും” സുവിശേഷം പ്രഘോഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട “ഒരു ഉപകരണമാണ്” സാവൂൾ എന്നും അനനിയാസിനോടു പറഞ്ഞിരുന്നു.

വിശുദ്ധ പൗലോസിന്റെയും അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെയും കഥയിൽ ആകർഷകമായ അനേകം വശങ്ങളുണ്ടെങ്കിലും, ദൈവം ആദ്യം അദ്ദേഹത്തെ മാനസാന്തരത്തിലേക്കു നയിച്ച വിധത്തെക്കുറിച്ചു ചിന്തിക്കുന്നതും പ്രചോദനദായകമാണ്. യേശു സാവൂളിനോടു കഠിനമായി പെരുമാറിയില്ല. അവിടുന്ന് അദ്ദേഹത്തെ കുറ്റം വിധിച്ചില്ല. പകരം, സാവൂളിന്റെ നന്മയും തീക്ഷ്ണതയും അവിടുന്ന് കണ്ടു; ഒരവസരം ലഭിച്ചാൽ അദ്ദേഹം പ്രതികരിക്കുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. സാവൂളിനെ അന്ധനാക്കുക എന്ന ശക്തമായ നടപടി യേശു സ്വീകരിച്ചെങ്കിലും, അദ്ദേഹത്തിനുള്ളിൽ നന്മയ്ക്കുള്ള വളരെയധികം സാധ്യതകൾ കണ്ടതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്.

ഇതേ സത്യം നമ്മുടെ ജീവിതത്തിനും ബാധകമാണ്. നന്മ ചെയ്യാനുള്ള അത്ഭുതകരമായ സാധ്യതകൾ നമ്മിൽ ഓരോരുത്തരിലുമുണ്ട്; ദൈവം അവ കാണുന്നുമുണ്ട്. നമ്മിലൂടെ ചെയ്യാൻ കഴിയുന്നതെല്ലാം ദൈവത്തിനറിയാം. സുവിശേഷം ആവശ്യമുള്ളവരുമായി അതു പങ്കുവയ്ക്കുക എന്ന തന്റെ ദൗത്യത്തിലേക്കു നമ്മെ ആകർഷിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവം നിങ്ങളോടു സംസാരിക്കുകയും നിങ്ങളുടെ ജീവിതംകൊണ്ട് അവിടുത്തെ സേവിക്കാൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്ത രീതികളോടു നിങ്ങൾ പ്രതികരിച്ചിട്ടുണ്ടോ എന്നതാണ് വിചിന്തനം ചെയ്യേണ്ട ചോദ്യം. യേശുവുമായുള്ള സാവൂളിന്റെ കൂടിക്കാഴ്ച ശക്തവും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതുമായിത്തീർന്നത് ആ ദർശനത്തിലൂടെ അദ്ദേഹത്തിനു കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടുമാത്രമല്ല. സർവോപരി, ദൈവത്തെ സേവിക്കാൻ സാവൂൾ ആഗ്രഹിച്ചിരുന്നെങ്കിലും തെറ്റായ രീതിയിൽ അതിനു ശ്രമിച്ചുകൊണ്ടിരുന്നതിനാലാണ് ആ കൂടിക്കാഴ്ച ശക്തവും പരിവർത്തനദായകവുമായത്. ആ തെറ്റു തിരുത്തപ്പെട്ട ഉടനെ സാവൂൾ പൂർണമായും പ്രതികരിച്ചു. തത്ഫലമായി, സഭാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ സുവിശേഷപ്രഘോഷകരിൽ ഒരാളായി സാവൂൾ മാറി.

തന്റെ ദൗത്യത്തിലേക്കു നിങ്ങളെ ക്ഷണിക്കാൻ യേശുവിന്റെ ഹൃദയത്തിലുള്ള ആഗ്രഹത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവത്തിനു നിങ്ങളെ ഉപയോഗിക്കാൻ കഴിയുന്ന അനേകം വഴികളെക്കുറിച്ചു നിങ്ങൾക്ക് അറിവില്ലായിരിക്കാം; എന്നാൽ യേശുവിന് അവയെല്ലാം പൂർണമായി അറിയാം. നിങ്ങളുടെ എല്ലാ ദാനങ്ങളും അവിടുന്ന് കാണുന്നു; നിങ്ങളിലൂടെ ആരെയെല്ലാമാണ് തന്നിലേക്ക് ആകർഷിക്കാൻ ആഗ്രഹിക്കുന്നതെന്നും അവിടുന്ന് അറിയുന്നു. ഇന്ന് അവിടുത്തോട് “അതെ” എന്നു പറയുക; നിങ്ങളുടെ ആത്മാവിന്റെ സർവശക്തിയോടുംകൂടെ അങ്ങനെ ചെയ്യുക. അപ്രകാരം ചെയ്യുന്നത് നിങ്ങളിലൂടെ മഹത്തായ കാര്യങ്ങൾ പ്രവർത്തിക്കാൻ ദൈവത്തിന് ഇടം നൽകും.

കർത്താവേ, ഞാൻ അങ്ങയെ സത്യമായും സ്നേഹിക്കുന്നു; അങ്ങ് തിരഞ്ഞെടുക്കുന്ന വിധത്തിൽ അങ്ങയുടെ ഉപകരണമായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സൗമ്യവും ശക്തവുമായ കരത്താൽ നയിക്കപ്പെടാൻ കഴിയേണ്ടതിന്, എന്റെ ഹൃദയം കൂടുതൽ പൂർണമായി അങ്ങയിലേക്കു തിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് എനിക്കു നൽകുന്ന ഏതു ദൗത്യവും ഞാൻ സ്വീകരിക്കുന്നു. എന്റെ ജീവിതം അങ്ങയ്ക്കു യഥാർഥ മഹത്വം നൽകാനും ഭൂമിയിൽ അങ്ങയുടെ മഹത്വപൂർണമായ രാജ്യം വളർത്താനും ഇടയാകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടി 9 ദിവസത്തെ നൊവേന
ജനുവരി 19–27

ഏഴാം ദിവസം: ജനുവരി 25

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ തിരുനാൾ – അപ്പസ്തോലനായ വിശുദ്ധ പൗലോസിന്റെ മാനസാന്തരം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: വിശുദ്ധ പൗലോസിന് കാഴ്ച തിരികെ നൽകുന്ന അനനിയാസ്, വിക്കിമീഡിയ കോമൺസ് വഴി